'പാതാള'ക്കുഴികളെ അധികൃതര്‍ മറന്നു; കുഴികളടക്കാന്‍ നാട്ടുകാര്‍ ഇറങ്ങി
കാസര്‍കോട്: ജില്ലയില്‍ ദേശീയപാതയില്‍ രൂപപ്പെട്ടിട്ടുള്ള പാതാളക്കുഴികളെ അധികൃതര്‍ മറന്നു. ഇതേ തുടര്‍ന്ന് കുഴികള്‍ രൂപപ്പെട്ട പ്രദേശങ്ങളിലെ നാട്ടുകാര്‍ കുഴികളടച്ചു തുടങ്ങി. ജില്ലയില്‍ തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയ പാതയില്‍ രൂപപ്പെട്ട കുഴികളില്‍ വീണും വീഴാതിരിക്കാന്‍ വാഹനങ്ങള്‍ വെട്ടിച്ചപ്പോഴുമുണ്ടായ അപകടങ്ങളില്‍ പെട്ട് ഒട്ടനവധി ആളുകളാണ് മരിച്ചത്. ഇതിനു പുറമെ കുറെ ആളുകള്‍ അബോധാവസ്ഥയില്‍ മംഗളൂരു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ആശുപത്രികളില്‍ കഴിഞ്ഞു വരുകയും ചെയ്യുന്നു.
വലിയ ഗര്‍ത്തങ്ങളാണ് ജില്ലയിലെ ദേശീയപാതയില്‍ പല പ്രദേശങ്ങളിലും രൂപപ്പെട്ടിട്ടുള്ളത്. അപകടങ്ങള്‍ നിത്യ സംഭവമായതോടെ ആളുകള്‍ക്ക് ചെറുവാഹനങ്ങള്‍ പോലും പാതയില്‍ കൂടി ഓടിച്ചു പോകാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിനു പുറമെ ജില്ലയുടെ തെക്കേ അതിര്‍ത്തി മുതല്‍ വടക്കേ അതിര്‍ത്തി വരെയുള്ള ദൂരത്തേക്ക് വാഹനങ്ങള്‍ ഓടിയെത്താന്‍ എടുക്കുന്നത് മണിക്കൂറുകളാണ്. പാതാളക്കുഴികളില്‍ വീണു വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകളും മറ്റും തകരുന്നതിനോടൊപ്പം ഇന്ധനച്ചെലവും വര്‍ധിക്കുന്ന അവസ്ഥയാണുള്ളത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കടന്നുവരുന്ന കൂറ്റന്‍ ചരക്കു ലോറികളും മറ്റും പാതയിലെ കുഴികളില്‍ പതിച്ചു നടുവൊടിഞ്ഞ അവസ്ഥയില്‍ പാതയില്‍ കിടക്കുന്നതും പതിവാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതോടെ പാതയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതും സാധാരണമായിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് അതാതു പ്രദേശങ്ങളിലെ സാമൂഹ്യ സംഘടനകളും മറ്റും താത്ക്കാലികമായി കുഴികളടക്കാനൊരുങ്ങിയത്. വെട്ടു കല്ലുകളും മറ്റും ഉപയോഗിച്ച് നികത്തുന്ന കുഴികളില്‍ വാഹനങ്ങള്‍ കയറി ഇറങ്ങുന്നതോടെ ഇവ പൊടിഞ്ഞു പോവുകയും മഴയില്ലെങ്കില്‍ പിന്നീട് പൊടിപടലങ്ങള്‍ ഉയര്‍ന്നു യാത്രക്കാര്‍ക്ക് ദുരിതം സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."