20 ലക്ഷം വോട്ടിംഗ് യന്ത്രങ്ങള്‍ 'അപ്രത്യക്ഷം', 116 കോടിയുടെ ക്രമക്കേട്; ഗുരുതരമായ വെളിപ്പെടുത്തലുകളുമായി വിവരാവകാശ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് അവസാനഘട്ടങ്ങളിലെത്തിനില്‍ക്കുകയും വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച പരാതികള്‍ തുടരെ ഉയരുകയും ചെയ്തുകൊണ്ടിരിക്കെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി വിവരാവകാശ റിപ്പോര്‍ട്ട്. രാജ്യത്തെ 20 ലക്ഷം വോട്ടിങ് യന്ത്രങ്ങള്‍ കാണാനില്ലെന്നും യന്ത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്റെയും അവ വിതരണം ചെയ്ത സ്ഥാപനങ്ങളുടെയും കണക്കുകള്‍ തമ്മില്‍ 116 കോടി രൂപയുടെ പൊരുത്തക്കേടുകളുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. മനോരഞ്ജന്‍ റോയ് എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് 1989 മുതല്‍ 2017 വരെയുള്ള കണക്കുകള്‍ ശേഖരിച്ചത്. വിവരാവകാശ നിയമപ്രകാരം (ആര്‍.ടി.ഐ) ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഫ്രണ്ട്‌ലൈനാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ഫ്രണ്ട് ലൈന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്ററും മലയാളി മാധ്യമപ്രവര്‍ത്തകനുമായ വെങ്കടേഷ് രാമകൃഷ്ണനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്(ഭെല്‍), ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇ.സി.ഐ.എല്‍) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങിയത്. ഇതില്‍ ഭെല്‍ 19,69,932 വോട്ടിങ് യന്ത്രങ്ങള്‍ വിതരണംചെയ്തതായാണ് കണക്കുകള്‍ പറയുന്നത്. 1990 മുതല്‍ 2017വരെയുള്ള കണക്കാണിത്. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കില്‍ വിതരണംചെയ്ത വോട്ടിങ് യന്ത്രങ്ങളുടെ എണ്ണം 10,05,662 മാത്രമാണ്. ഇവിടെ ഒമ്പത് ലക്ഷത്തോളം വോട്ടിങ് യന്ത്രങ്ങളുടെ കുറവ്. അതുപോലെ ഇ.സി.ഐ.എല്ലില്‍ നിന്ന് 19,44,593 വോട്ടിങി യന്ത്രങ്ങള്‍ വാങ്ങിയതായാണ് കണക്ക്. എന്നാല്‍ 10,14,644 എണ്ണം വാങ്ങിയെന്നേ കമ്മിഷന്റെ കണക്കില്‍ പറയുന്നുള്ളൂ. ഇവിടെയും ഒമ്പത് ലക്ഷത്തോളം വോട്ടിങ് യന്ത്രങ്ങളുടെ കുറവ്.
മറ്റൊരു വെളിപ്പെടുത്തല്‍ വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാനായി ചെലവഴിച്ച പണത്തെ കുറിച്ചാണ്. യന്ത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഭെല്ലിനും ഇ.സി.ഐ.എല്ലിനുമായി 652.66 കോടി രൂപയാണ് ലഭിച്ചതെന്നാണ് കണക്ക്. എന്നാല്‍ കമ്മിഷന്റെ കണക്കിലാവട്ടെ 536 കോടി രൂപയും. 116.55 കോടി രൂപയുടെ വ്യത്യാസമാണ് കമ്പനികളുടെതും കമ്മിഷന്റെതും തമ്മില്‍ നിലനില്‍ക്കുന്നതെന്നും വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതും അവയില്‍നിന്ന് തിരിച്ചുവാങ്ങിയതുമായുള്ള കണക്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ കൈയ്യില്‍ കണക്കുകള്‍ ഇല്ല. കേടായ യന്ത്രങ്ങളുടെയും കാലാവധി കഴിഞ്ഞതിന്റെയും കാര്യത്തിലും യഥാര്‍ത്ഥ കണക്ക് ഇല്ല.
ഇതുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി മുന്‍പാകെ കേസ് നിലവിലുണ്ട്. കേസ് ജൂലൈ 17ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. വിവരാവകാശ രേഖയുടെ പശ്ചാത്തലത്തില്‍, തെരഞ്ഞെടുപ്പ കമ്മിഷന്‍ എന്തൊക്കെയോ ഒളിച്ചുവയ്ക്കുന്നതായി സംശയിക്കണമെന്ന് വിരമിച്ച കമ്മിഷന്‍ അംഗം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അതിന്റെ വിശ്വാസ്യത ഇല്ലാതാക്കുകയാണെന്ന് അടുത്തിടെ വിരമിച്ച മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്കെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
[caption id="attachment_733846" align="aligncenter" width="733"] വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ റോയ്[/caption]
അധികയന്ത്രങ്ങള്‍ എവിടെ?
അതേസമയം, ബെല്ലും ഇ.സി.ഐഎല്ലും കമ്മിഷനു നല്‍കിയ അധികയന്ത്രങ്ങള്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ ചോദിക്കുന്നു. യന്ത്രങ്ങളുടെ എണ്ണവും ചെലവാക്കിയ പണവും സംബന്ധിച്ച് പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നത് സൂചിപ്പിക്കുന്നത് കമ്മിഷനില്‍ യാതൊരു സുതാര്യതയുമില്ലെന്നാണെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ റോയ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."