അരുംകൊലയുടെ വേദന ഇടനെഞ്ചില്‍ പുളയുമ്പോഴും മികച്ച വിജയം നേടി കിച്ചുവിന്റെ പ്രിയ
പെരിയ(കാസര്‍കോട്): സി.പി.എം പ്രവര്‍ത്തകര്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടി.
പ്രിയ സഹോദരന്‍ കിച്ചുവിനെ അരുംകൊല നടത്തിയതിന്റെ വേദന ഇടനെഞ്ചില്‍ പുളയുമ്പോഴും കിച്ചുവിന്റെ കൃഷ്ണപ്രിയ കണ്ണീരൊലിപ്പിച്ചു കൊണ്ടാണ് പരീക്ഷാ ഹാളില്‍ എത്തിയത്. പ്രിയ സഹോദരന്റെ ഓര്‍മകള്‍ വല്ലാതെ മുറിപ്പെടുത്തിയ സന്ദര്‍ഭത്തിലും കൊലയാളികള്‍ക്ക് മുന്നില്‍ തോല്‍ക്കാന്‍ മനസില്ലെന്ന ഉറച്ച തീരുമാനവുമായി പരീക്ഷ എഴുതിയ കൃഷ്ണപ്രിയ ഒരു എ പ്ലസും അഞ്ച് എ ഗ്രേഡും നേടി അഭിമാന വിജയം തന്നെ കരസ്ഥമാക്കി.
ഒരു പക്ഷെ കിച്ചുവിന്റെ വേര്‍പാട് തളര്‍ത്തിയിരുന്നില്ലെങ്കില്‍ കൃഷ്ണപ്രിയ പരീക്ഷയില്‍ ഒന്ന് കൂടി തിളങ്ങുമായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 17 നാണ് കൃപേഷ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളെപ്പോലെ കഴിഞ്ഞിരുന്ന സ്വന്തം സഹോദരന്റെ വേര്‍പാടിന്റെ നൊമ്പരങ്ങള്‍ മനസില്‍ വല്ലാതെ വേദന ഉണ്ടാക്കിയപ്പോഴും കൃഷ്ണപ്രിയക്ക്, കൃപേഷ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകം പരീക്ഷയെഴുതാന്‍ പോകേണ്ട നിര്‍ബന്ധ സാഹചര്യവും ഉടലെടുത്തു. തന്റെ കുടുംബത്തിന്റെ പ്രതീക്ഷകള്‍ തല്ലിത്തകര്‍ത്ത അക്രമികളെ പോലും അത്ഭുതപ്പെടുത്തിയാണ് കൃഷ്ണപ്രിയ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."