ബില്ലുകള്‍ പാസാക്കിയത് ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കര്‍ഷക സമരങ്ങള്‍ക്കും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കുമിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കിയതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബില്ലുകള്‍ പാസാക്കിയത് ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷം! പാര്‍ലമെന്റിലെ പ്രധാന ബില്ലുകള്‍ പാസാക്കിയതിന് ഞങ്ങളുടെ കഠിനാധ്വാനികളായ കര്‍ഷകരെ അഭിനന്ദിക്കുന്നു. ഇത് കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനത്തിനും കോടിക്കണക്കിന് കര്‍ഷകരെ ശാക്തീകരിക്കുന്നതിനും സഹായിക്കും' അദ്ദേഹം ട്വീറ്റ് ചെയ്തു.
ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്.
ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല.
ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.
പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. സെപ്തംബര്‍ 17ന് ബില്ലുകള്‍ ലോക്സഭയില്‍ പാസ്സായിരുന്നു. ബില്ലില്‍ പ്രതിഷേധിച്ച് അകാലി ദളിന്റെ കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."