HOME
DETAILS
MAL
പാര്‍ട്ടിക്കെതിരേ സ്വന്തം എം.പി; അയോഗ്യനാക്കണമെന്ന് വൈ.എസ്.ആര് കോണ്‍ഗ്രസ്
backup
September 21 2020 | 00:09 AM
അമരാവതി: ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈ.എസ്.ആര് കോണ്‍ഗ്രസിനും പാര്‍ട്ടി നേതാവ് ജഗന്മോഹന് റെഡ്ഢിക്കുമെതിരേ സ്വന്തം പാര്‍ട്ടി എം.പി പരസ്യമായി രംഗത്ത്.
പാര്‍ട്ടിയുടെ പാര്‍ലമെന്റംഗമായ രഘുരാമകൃഷ്ണ രാജുവാണ് സ്വന്തം പാര്‍ട്ടിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശില്‍ ഹിന്ദുവിരുദ്ധ സര്‍ക്കാരാണ് ഭരിക്കുന്നതെന്നാണ് അദ്ദേഹം ആരോപിച്ചത്.
ഇതോടെ, രഘുരാമകൃഷ്ണ രാജുവിനെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്കു കത്ത് നല്‍കിയിരിക്കുകയാണ് വൈ.എസ്.ആര് കോണ്‍ഗ്രസ്. നര്സാപുരത്തുനിന്നുള്ള പാര്‍ലമെന്റംഗമാണ് രഘുരാമകൃഷ്ണ രാജു. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ കമ്മിഷനെ വയ്ക്കണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇതു വിവാദമായതോടെ തന്റെ പ്രസ്താവനയെ ന്യായീകരിച്ച് അദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ ന്യൂനപക്ഷങ്ങളെപ്പോലെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും സര്‍ക്കാര്‍ ഹിന്ദുവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞതോടെ, നടപടിയുമായി പാര്‍ട്ടി രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റിലും അദ്ദേഹം ഈ ആരോപണം ഉയര്‍ത്തി. തുടര്‍ന്നാണ് എം.പിയെ അയോഗ്യനാക്കണമെന്ന് സ്പീക്കര്‍ക്കു കത്ത് നല്‍കിയതായി പാര്‍ട്ടി ലോക്സഭാ കക്ഷി നേതാവ് മിഥുന് റെഡ്ഢി വ്യക്തമാക്കിയത്.
പാര്‍ലമെന്റില്‍ ഇക്കാര്യം ഉയര്‍ത്തിയപ്പോള്‍ എം.പിയോട് പാര്‍ട്ടി നേതാക്കള്‍ ഇരിക്കാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഈ പ്രസംഗത്തില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുകയും ചെയ്തു. ഇതോടെ, അദ്ദേഹം ബി.ജെ.പിക്കൊപ്പം ചേരുകയാണെന്ന തരത്തില്‍ വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."