സോഷ്യല്‍ മീഡിയയില്‍ സമയം കളയുന്നത് വിദ്യാര്‍ഥികള്‍ ഒഴിവാക്കണം: ഋഷിരാജ്‌സിങ്
കൊച്ചി: വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയയില്‍ സമയം കളയുകയാണെന്നും ഇത് ഒഴിവാക്കണമെന്നും എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങ്. വാട്‌സ് ആപ്, ട്വിറ്റര്‍ തുടങ്ങിയവയില്‍ ഒന്ന,് രണ്ട് മണിക്കൂറുകളാണ് വിദ്യാര്‍ഥികള്‍ ചെലവാക്കുന്നത്.
ഇത് ഗുണത്തിലേറെ ദോഷമാണ് സമൂഹത്തിന് നല്‍കുന്നത്. സ്വന്തം അധ്യാപികയ്ക്ക് അശ്ലീല സന്ദേശം അയച്ച വിദ്യാര്‍ഥിയെപ്പറ്റിയും തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെയും ജനസേവ ശിശുഭവന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലഹരി വിമുക്ത കൂട്ടായ്മ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികളിലെ മാനസിക പിരിമുറുക്കം മാറാന്‍ ഏറ്റവും നല്ല മാര്‍ഗം സുഹൃത്തുക്കളും മാതാപിതാക്കളുമായി ആശയവിനിമയം നടത്തുന്നതാണ്. എന്നാല്‍ ഇന്ന് കുട്ടികള്‍ക്ക് സമയമില്ല. സ്‌കൂളും ട്യൂഷന്‍ ക്ലാസുമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിക്കഴിഞ്ഞാല്‍ പിന്നെ സോഷ്യല്‍ മീഡിയകളിലാണ് കുട്ടികള്‍ സമയം ചെലവഴിക്കുന്നത്.
പെണ്‍കുട്ടികളുടെ താല്‍പര്യം നോക്കാതെ വിവാഹം കഴിച്ചയക്കുന്നതാണ് കേരളത്തില്‍ വിവാഹമോചനം പെരുകാന്‍ കാരണം. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളം ഉയര്‍ന്നു ചിന്തിക്കണമെന്നും എക്‌സൈസ് കമ്മിഷണര്‍ ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡോ.സജിമോള്‍ അഗസ്റ്റിന്‍,ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി, അഡ്വ.ചാര്‍ളി പോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."