കൈവശരേഖകളില്ലെങ്കിലും നിബന്ധനകളോടെ ശൗചാലയം നിര്‍മിച്ചു നല്‍കും
കോട്ടയം: കൈവശ രേഖകളില്ലെങ്കിലും നിബന്ധനകളോടെ ശൗചാലയം അനുവദിയ്ക്കുന്നു.
കൈവശാവകാശ രേഖകളില്ലാത്ത ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ റോഡിന്റെ അപകടകരമായ വളവിലും പുഴയുടെ ഹൈവാട്ടര്‍ ലെവലിനു താഴെ പുറമ്പോക്കു ഭൂമിയില്‍ താമസിക്കുന്നവരൊഴികെയുള്ളവര്‍ക്കാണു ശൗചാലയം നിര്‍മിച്ചു നല്‍കുന്നത്.
സര്‍ക്കാരിന്റെ ഒ.ഡി.എഫ് സമ്പൂര്‍ണ ശൗചാലയമൊരുക്കല്‍ പദ്ധതിയില്‍പ്പെടുത്തിയാണ് ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുളളത്.
തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കെ.റ്റി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടേതാണ് തീരുമാനം.
സമ്പൂര്‍ണ ശൗചാലയ നിര്‍മാണ പദ്ധതികള്‍ക്കായി ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുക്കുന്ന പദ്ധതികള്‍ക്കു ബ്ലോക്ക് പഞ്ചായത്തുകളും വിഹിതം നല്‍കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
സമ്പൂര്‍ണ ശൗചാലയ പദ്ധതിക്കു വകയിരുത്തുന്ന തുക ശുചിത്വം, മാലിന്യ സംസ്‌കരണം എന്നിവയ്ക്കായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വകയിരുത്തേണ്ട പത്തുശതമാന വിഹിതത്തില്‍പെടുത്താവുന്നതാണെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കക്കൂസ് നിര്‍മാണത്തിനുവേണ്ടി കേന്ദ്ര സഹായം (12,000രൂപ) പഞ്ചായത്ത് ഫണ്ട് (3,400 രൂപ) എന്നിവ ഉള്‍പ്പെടുത്തി പ്രോജക്ട് സമര്‍പ്പിച്ച ഗ്രാമപഞ്ചായത്തുകള്‍ അത്തരം പ്രോജക്ടുകള്‍ ഒഴിവാക്കി പകരം മുഴുവന്‍ തുകയും ഗ്രാമപഞ്ചായത്തുകളുടെ വികസന ഫണ്ടില്‍ നിന്നോ തനത് ഫണ്ടില്‍ നിന്നോ വകയിരുത്തി ആദ്യം ചെലവ് ചെയ്യുന്ന രീതിയില്‍ പ്രോജക്ട് തയ്യാറാക്കേണ്ടതാണ്.
ശുചിത്വമിഷന്‍ വഴി കേന്ദ്ര വിഹിതമായ 12,000 രൂപ കിട്ടുന്ന മുറയ്ക്ക് അത് അധികവിഭവമായി കണക്കാക്കി വികസന പദ്ധതികള്‍ക്കു ചെലവഴിക്കുന്നതിനും പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നു ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."