യാത്രാ ദുരിതത്തില്‍ കുട്ടനാടന്‍ ഉള്‍പ്രദേശങ്ങള്‍
ചങ്ങനാശേരി: ഇരമ്പിയെത്തിയ മലവെള്ളം തടസം തീര്‍ത്തതിനെ തട്ടിമാറ്റി കുതിച്ച് ഒഴുകിയപ്പോള്‍ ഗതാഗത യോഗ്യമല്ലാതായതു കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലെ നടവഴികള്‍ ഉള്‍പ്പെടെയുള്ള ഗതാഗത മാര്‍ഗങ്ങള്‍. വെള്ളത്തിനൊപ്പം ഒഴുകിയെത്തിയ മാലിന്യങ്ങളും ചെളിയും പുല്ലുമെല്ലം നിറഞ്ഞാണ് കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലെ നടവഴികളടക്കമുള്ള സഞ്ചാരമാര്‍ഗങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നത്.
കുട്ടനാട്ടിലെ പി.ഡബ്ല്യൂ.ഡി റോഡുകളും പഞ്ചായത്തുകളുടെ അധീനതയിലുള്ള ഗ്രാമീണ റോഡുകളും വെള്ളപ്പൊക്കത്തില്‍ ഏതാണ്ടു പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ആഴ്ചകള്‍ നീണ്ടുനിന്ന വെള്ളപ്പൊക്കത്തിനൊപ്പം പ്രളയകാലത്ത് ദിവസങ്ങളോളം റോഡുകളിലൂടെ വെള്ളം കുത്തിയൊഴുകുകയും ചെയ്തതോടെ ടാറിംഗ് അടക്കം തകര്‍ന്ന് വന്‍ കുഴികളും രൂപപ്പെട്ടിരിക്കുകയാണ്.
കുട്ടനാടിന്റെ ജീവനാഡിയായ എ.സി റോഡില്‍ ആഴ്ചകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം മുതല്‍ ഗതാഗതമാരംഭിച്ചെങ്കിലും ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡുകളില്‍ പലതും ഇരുചക്ര വാഹനയാത്ര മാത്രമാണ് സാധ്യമാകുന്നത്. വീടുകളില്‍ നിന്നും ജലനിരപ്പ് താഴ്‌ന്നെങ്കിലും റോഡില്‍ നിന്നും വെള്ളമിറങ്ങാത്തതിനാല്‍ പാടശേഖരങ്ങളുടെ പുറംബണ്ട് കവിഞ്ഞ് റോഡുകളിലൂടെ വെള്ളം ഒഴുകി രൂപപ്പെട്ട കുഴികള്‍ കാല്‍നട കാത്രക്കാര്‍ക്കു പോലും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
അടിഞ്ഞിരിക്കുന്ന മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കിയാലും റോഡുകള്‍ പുനര്‍നിര്‍മിച്ചാലേ വാഹന ഗതാഗതം പൂര്‍ണ തോതില്‍ പുന:സ്ഥാപിക്കാനാകൂ എന്നതാണ് പലയിടങ്ങളിലെയും സ്ഥിതി. പ്രളയക്കെടുതികളില്‍ ആലപ്പുഴ ജില്ലയില്‍ മാത്രം പൊതുമരാമത്ത് വകുപ്പിന്റെ കീഴിയില്‍ ആയിരം കോടിയുടെ റോഡ് തകര്‍ന്നതായാണ് കണക്ക്. കുട്ടനാട്ടിലെ തകര്‍ന്ന പൊതുമരാമത്ത് റോഡിനൊപ്പം പഞ്ചായത്ത് റോഡുകളും കൂടി കണക്കാക്കിയാല്‍ നഷ്ടം ശതകോടികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."