ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കലക്ടര്‍ നേരിട്ടെത്തും
കൊല്ലം: 'ജില്ലാ ഭരണകൂടം ജനങ്ങള്‍ക്കരികെ' എന്ന പദ്ധതിപ്രകാരം ആദിവാസി കുടുംബങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുന്നതിനായി ജില്ലാ കലക്ടര്‍ എ.
ഷൈനാമോളുടെ നേതൃത്വത്തിലുള്ള പ്രത്യേക ഉദ്യോഗസ്ഥസംഘം ഇന്നു രാവിലെ 9.30ന് അച്ചന്‍കോവില്‍ സന്ദര്‍ശിക്കും.
ജില്ലാ ഭരണകൂടം ജനങ്ങള്‍ക്കരികെ എന്ന പരിപാടി നേരത്തെ പുനലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസം, തൊഴില്‍, വൈദ്യുതി, കുടിവെള്ളം, വീട്, ഭൂമി, വിവിധ തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങി സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലുള്ള തടസങ്ങള്‍ നേരിട്ടു മനസിലാക്കി പരിഹരിക്കാനാണ് ജില്ലാ കലക്ടര്‍ നേരിട്ടെത്തുന്നത്.
സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ക്ഷേമപദ്ധതികളും ധനസഹായങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കാനും ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കലക്ടറുടെ നിര്‍ദേശപ്രകാരം അഡിഷനല്‍ ഡെവലപ്‌മെന്റ് കമ്മിഷനറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അച്ചന്‍കോവിലിലെ ആദിവാസികളെ നേരിട്ട് കണ്ട് സര്‍വേ നടത്തുകയും അവരുടെ ആവശ്യങ്ങളും പരാതികളും ശേഖരിച്ച് ക്രോഡീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം
വിളിച്ചു ചേര്‍ക്കുകയും അച്ചന്‍കോവിലിലെ പ്രശ്‌നങ്ങള്‍ അവലോകനം ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കുന്നത്.
158 ആദിവാസി കുടുംബങ്ങളെ നേരില്‍കണ്ടാണ് വിവരശേഖരണം നടത്തിയത്. പട്ടികവര്‍ഗ ക്ഷേമം, വനം, റവന്യൂ, സാമൂഹ്യനീതി, വിദ്യാഭ്യാസം, ആരോഗ്യം, കുടുംബശ്രീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഈ സന്ദര്‍ശനപരിപാടിയില്‍ പങ്കെടുക്കും. തീര്‍പ്പാക്കാവുന്ന പ്രശ്‌നങ്ങള്‍ക്ക് അവിടെവച്ചു പരിഹാരം കാണുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, ജോബ് കാര്‍ഡുകള്‍ എന്നിവ ഇല്ലാത്തവര്‍ക്ക് തത്സമയം തന്നെ തയാറാക്കി വിതരണം ചെയ്യും. സ്‌കൂള്‍ അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന പ്രശ്‌നം പരിഹരിക്കാനായി കുടുംബശ്രീ, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ കമ്മ്യൂനിറ്റി കിച്ചണ്‍ പദ്ധതി നടപ്പാക്കും.
വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍, ജില്ലാ സപ്ലൈ ഓഫിസര്‍ എന്നിവര്‍ക്കായിരിക്കും പദ്ധതിയുടെ ഏകോപന ചുമതല. പട്ടികക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍
കൂട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ഗോത്രസാരഥി പദ്ധതിപ്രകാരം വാഹനസൗകര്യം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
അധ്യാപകരുടെ ഒഴിവുകള്‍ നികത്തുന്നതിനു യോഗ്യരായ തദ്ദേശീയരായ അധ്യാപകരെ താല്‍ക്കാലികമായി നിയമിക്കാനും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദിവാസികള്‍ ശേഖരിച്ച് കൊണ്ടുവരുന്ന വനവിഭവങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി സംഭരിച്ച് വിപണനം ചെയ്യാനുള്ള സംവിധാനമൊരുക്കും.
ആദിവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണം ചെയ്യാനുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്യുന്നതിന് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന് നേരിട്ട് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ ഇന്നുതന്നെ പരിഹരിക്കാനും മറ്റുള്ളവ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് പരിഹാരം തേടുമെന്നും കലക്ടര്‍ അറിയിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."