പത്രിക തള്ളിയതിനെതിരായ തേജ് ബഹാദൂറിന്റെ ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെതിരേ മുന്‍ ബി.എസ.്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ഹരജിയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ബുധനാഴ്ച ഹരജി പരിഗണിച്ച കോടതി ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി തേടിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തില്‍ ഭരണഘടനയുടെ 329ാം വകുപ്പിന്റെ അടിസ്ഥാനത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു കമ്മിഷന്‍ നിലപാട് അറിയിച്ചത്.
എന്നാല്‍ ഈ വകുപ്പ് ഇവിടെ ബാധിക്കില്ലെന്ന് യാദവിന്റെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിനെയല്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരാളുടെ ഭരണഘടനാപരമായ അവകാശം നിയമവിരുദ്ധമായി നിഷേധിച്ചതിനെയാണ് ചോദ്യം ചെയ്യുന്നതെന്നും ഇപ്പോള്‍ ഇത് അവഗണിച്ചാല്‍ തെരഞ്ഞെടുപ്പിന് ശേഷം ഫലത്തെ ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നും ഭൂഷണ്‍ വാദിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന കോടതി ഹരജി തളളുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാനായിുന്നു യാദവ് പത്രിക നല്‍കിയത്. എന്നാല്‍ സൈന്യത്തില്‍ നിന്ന് പുറത്താക്കിയതിനുള്ള കാരണം കൃത്യമായി രേഖപ്പെടുത്തിയില്ലെന്നു കാണിച്ച് പത്രിക തള്ളി.
എന്നാല്‍ തന്നെ പുറത്താക്കിയതായി കാണച്ചുള്ള കത്ത് നോമിനേഷനോടൊപ്പം വച്ചിരുന്നുവെന്നും ഇതില്‍ അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് പുറത്താക്കപ്പെട്ടതെന്നും അഴിമതിയോ രാജ്യദ്രോഹകുറ്റമോ ഇല്ലെന്നും കൃത്യമായി കാണിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."