ബീഫ് കഴിക്കുന്ന വേശ്യയാണ് അതിഷിയെന്ന് ഡല്‍ഹിയില്‍ ലഘുലേഖ
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ എ.എ.പി സ്ഥാനാര്‍ഥി അതിഷി മര്‍ലേനയെ മ്ലേച്ചമായ രീതിയില്‍ അധിക്ഷേപിച്ച് ലഖുലേഖ പ്രചരിക്കുന്നു. ലഘുലേഖയ്ക്കു പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥി ബി.ജെ.പി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറാണെന്ന് ആരോപിച്ച അതിഷി, വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമങ്ങള്‍ക്കു മുന്‍പില്‍വച്ച് പൊട്ടിക്കരയുകയും ചെയ്തു.
വായിക്കുമ്പോള്‍ തന്നെ ലജ്ജ തോന്നുന്ന വിധത്തില്‍ അങ്ങേയറ്റം മ്ലേച്ചമായ ഭാഷയാണ് ഗൗതം ഗംഭീര്‍ ഉപയോഗിച്ചതെന്ന് അതിഷി ആരോപിച്ചു. എന്നെപ്പോലെ ഒരു സ്ത്രീയെ പരാജയപ്പെടുത്താന്‍ ഇത്രയും തരംതാഴുന്ന ഗൗതം ഗംഭീര്‍ വിജയിച്ച് എം.പിയായാല്‍ ഡല്‍ഹിയിലെ സ്ത്രീകളുടെ സുരക്ഷ എന്താവുമെന്നും അവര്‍ ചോദിച്ചു.
എ.എ.പി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്കൊപ്പമാണ് അവര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഗൗതം ഗംഭീര്‍ സിക്‌സും ഫോറും അടിച്ച് എതിര്‍ ടീമിനെ നേരിടുന്നത് കണ്ട് പലതവണ കൈയടിച്ചവരാണ് നമ്മളെന്നും എന്നാല്‍ ഇതുപോലെ മ്ലേച്ചമായ രീതിയില്‍ എതിരാളിയെ നേരിടുമെന്നു കരുതിയില്ലെന്നും മനീഷ് സിസോദിയ പറഞ്ഞു. ഗംഭീര്‍ ഇത്രയും തരംതാഴുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഇത്തരം മനോഭാവമുള്ള ആളുകളെ വോട്ട് ചെയ്തു വിജയിപ്പിച്ചാല്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി പുറത്തിറങ്ങി നടക്കാനാവില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
നിന്ദ്യമായ പ്രയോഗങ്ങളാണ് ലഘുലേഖയിലുള്ളത്. അതിഷി ബീഫ് കഴിക്കുന്ന ആളാണെന്നും മിശ്രജാതിയില്‍പ്പെട്ടയാളാണെന്നും ലഘുലേഖ ആരോപിക്കുന്നു. ജാട്ട്- പഞ്ചാബി മാതാപിതാക്കളുടെ മകളാണവര്‍. ആന്ധ്രാപ്രദേശ് സ്വദേശിയായ ക്രൈസ്തവ വിശ്വാസിയെയാണ് അവര്‍ വിവാഹം ചെയ്തിരിക്കുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തിയ അതിഷിയെ മനീഷ് സിസോദിയ കൂടെകൂട്ടിയിരിക്കുകയാണ്. ഇത്തരത്തിലുള്ള വ്യക്തിക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കണോയെന്ന് ചിന്തിക്കണമെന്ന് ലഘുലേഖ ചോദിക്കുന്നു. രാവിലെ വീടുകള്‍ തോറും പത്രങ്ങള്‍ക്കൊപ്പമാണ് ലഘുലേഖകള്‍ വിതരണം ചെയ്തിരിക്കുന്നതെന്നാണ് എ.എ.പി ആരോപിക്കുന്നത്.
ലഘുലേഖക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുമെന്ന് എ.എ.പി അറിയിച്ചിട്ടുണ്ട്. അതേസമയം, ലഘുലേഖയില്‍ തനിക്കു പങ്കില്ലെന്ന് ഗംഭീര്‍ അറിയിച്ചു. ആരോപണം തെളിയിക്കാന്‍ എ.എ.പി നേതാക്കളെ വെല്ലുവിളിച്ച ഗംഭീര്‍, ലഘുലേഖക്കു പിന്നില്‍ താനാണെന്നു തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം ഉപേക്ഷിക്കുമെന്നും പറഞ്ഞു. ഗൗതം ഗംഭീറിന് രണ്ടുതിരിച്ചറിയല്‍ കാര്‍ഡുകളുണ്ടെന്നും അദ്ദേഹത്തിനെതിരേ പെരുമാറ്റചട്ട ലംഘനത്തിന് നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി അതിഷി നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."