ജില്ലാ നിര്‍മിതി കേന്ദ്രം സ്വന്തം ചെലവില്‍ നിര്‍മിക്കും
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ നാശം വിതച്ച മക്കിമലയില്‍ ജില്ലാ നിര്‍മിതി കേന്ദ്രം സ്വന്തം ഫണ്ട് വകയിരുത്തി സ്‌കൂള്‍ കെട്ടിടം പുനര്‍നിര്‍മിച്ചു നല്‍കും.
മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ മരിച്ച മലയോരത്തിന് തൊട്ടു താഴെയാണ് മക്കിമല ഗവ.എല്‍.പി.സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. അപകട സാധ്യത കണക്കിലെടുത്ത് ഇവിടെ നിന്നും സ്‌കൂള്‍ പ്രവര്‍ത്തനം താല്‍ക്കാലികമായ മദ്‌റസ കെട്ടിടത്തിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. തവിഞ്ഞാല്‍ പഞ്ചായത്ത് സര്‍വകക്ഷിയോഗം ചേര്‍ന്നാണ് സ്‌കൂള്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി ഇവിടെ നിന്നും മാറ്റാന്‍ തീരുമാനമെടുത്തത്.
ഈ സാഹചര്യത്തിലാണ് സുരക്ഷിതമായ ക്ലാസ് മുറികളോടെ സ്‌കൂള്‍ പുനര്‍നിര്‍മിച്ചു നല്‍കാന്‍ തയാറായി ജില്ലാ നിര്‍മിതി കേന്ദ്രം രംഗത്തെത്തിയത്. 2017-18 വര്‍ഷത്തിലെ എം.എസ്.ഡി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മക്കിമല എല്‍പി.സ്‌കൂളില്‍ ഒരു പ്രീപ്രൈമറി ക്ലാസ് മുറി നിര്‍മിക്കാന്‍ ഫണ്ട് വകയിരുത്തിയിരുന്നു. ജില്ലാ നിര്‍മിതി കേന്ദ്രം ഇതിന്റെ പ്രവൃത്തി ഏറ്റെടുത്ത് തുടങ്ങാനിരിക്കെയാണ് ഇവിടെ ദുരന്തമെത്തുന്നത്. സ്‌കൂള്‍ കെട്ടിടം മുഴുവനും കാലവര്‍ഷക്കെടുതിയില്‍ പ്രവര്‍ത്തന ക്ഷമമല്ലാതായതോടെ എല്‍.പി സ്‌കൂളിന് ആവശ്യമായ എല്ലാ ക്ലാസ് മുറികളും ഏകദേശം 40 ലക്ഷം രൂപ എസ്റ്റിമേറ്റ് വരുന്ന നിര്‍മാണമാണ് നിര്‍മിതി കേന്ദ്രം സ്‌പോണ്‍സര്‍ ചെയ്യുന്നത്. അത്യാധുനിക രീതിയിലുള്ള വിദ്യാര്‍ഥി സൗഹൃദ ക്ലാസ് മുറികളാണ് ഇവിടെ നിര്‍മിക്കുക.
സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം കൈമാറ്റം ചെയ്യാന്‍ തവിഞ്ഞാല്‍ പഞ്ചായത്ത് ഭരണസമിതിയോട് നിര്‍മിതി കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. നാല് മാസത്തിനകം കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് കെട്ടിട നിര്‍മാണത്തിന്റെ മാതൃക സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷും എക്‌സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ സാജിത്തും ചേര്‍ന്ന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."