പറഞ്ഞുപറ്റിച്ചോ ഗഡ്കരി
തിരുവനന്തപുരം: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട ആശങ്ക ഒഴിയുന്നില്ല. കേരളത്തെ ഒന്നാം മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയും സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുമുള്ള ദേശീയപാതാ അതോറിറ്റിയുടെ വിവാദ ഉത്തരവ് റദ്ദാക്കിയതായി വിവരം ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍.
സ്ഥലമേറ്റെടുപ്പ് വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടും വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ദേശീയപാതാ അതോറിറ്റി തയാറായിട്ടില്ലെന്നും കേരളത്തെ മുന്‍ഗണനാ പട്ടിക രണ്ടിലേക്ക് മാറ്റിയ ഉത്തരവ് റദ്ദാക്കി ഉടന്‍ വിജ്ഞാപനം ഇറക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയപാതാ അതോറിറ്റി ചെയര്‍മാനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കും സംസ്ഥാനം കത്തയച്ചു.
കേരളത്തിലെ ദേശീയപാതാ വികസനം മുന്‍ഗണനാ പട്ടിക രണ്ടിലേയ്ക്ക് മാറ്റുകയും സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ 2021 വരെ നിര്‍ത്തിവച്ചുകൊണ്ട് ഉത്തരവിറക്കിയതുമാണ് വിവാദമായത്. സംസ്ഥാനത്തെ ദേശീയപാത 66ന്റെ വികസനം മുന്‍ഗണനാ പട്ടിക ഒന്നില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടുമില്ല. ഒപ്പം 2021 ഫെബ്രുവരിയിലേയ്ക്ക് മുന്‍ഗണനാക്രമം മാറ്റിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഭേദഗതി ഉത്തരവ് അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വീണ്ടും കത്തയച്ചത്. ജില്ലകളിലെ സ്ഥലമേറ്റെടുപ്പ് വിവിധ ഘട്ടങ്ങളിലായുള്ള വിവരങ്ങള്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് എന്‍.എച്ച്.എയ്ക്ക് ഓണ്‍ലൈനായി സമര്‍പ്പിച്ചു. എന്നാല്‍, പലഭാഗത്തും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. സമയബന്ധിതമായി അവയ്ക്ക് അംഗീകാരം നല്‍കി ദേശീയപാതാ അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ ദേശീയപാത 66 നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ വളരെയേറെ മുന്നേറിയ ഘട്ടത്തില്‍, ഈ പദ്ധതിയെ ദേശീയപാതാ അതോറിറ്റിയുടെ മുന്‍ഗണനാപട്ടിക രണ്ടിലേയ്ക്ക് മാറ്റിയിരുന്നു. സ്ഥലമേറ്റെടുപ്പ് നടപടികള്‍ 2021 ഫെബ്രുവരി വരെ നിര്‍ത്തിവച്ച് ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."