ഏഷ്യന്‍ ബോക്സിങ് ചാംപ്യന്‍ഷിപ്പ്: ശിവ ഥാപ, സുമിത് സംഗ്വാന് ഫൈനലില്‍
താഷ്കന്റ്: ഇന്ത്യന്‍ താരങ്ങളായ ശിവ ഥാപ, സുമിത് സംഗ്വാന് എന്നിവര്‍ ഏഷ്യന്‍ ബോക്സിങ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് മുന്നേറി. അതേസമയം ടോപ് സീഡ് ഇന്ത്യയുടെ വികാസ് കൃഷ്ണന് സെമി പോരിനിറങ്ങാതെ പിന്മാറിയത് ഇന്ത്യക്ക് നിരാശയായി. താരത്തിന്റെ പിന്മാറ്റത്തിന്റെ കാരണം വ്യക്തമല്ല. സെമിയിലെത്തിയതിനാല്‍ വികാസിന് വെങ്കലം ലഭിക്കും.
ടൂര്‍ണമെന്റിലുടനീളം മികവ് പുലര്‍ത്തിയ നാലാം സീഡ് ശിവ ഥാപ 60 കിലോയിലും സീഡില്ലാ താരം സുമിത് സംഗ്വാന് 91 കിലോയിലുമാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ഒളിംപിക്ക് വെങ്കല മെഡല്‍ ജേതാവും ടോപ് സീഡുമായ മംഗോളിയയുടെ ദോര്ന്യംബുഗ് ഒട്ഗോണ്ടലായിയെ കീഴടക്കിയാണ് ശിവ വിജയം സ്വന്തമാക്കിയത്. തജികിസ്ഥാന്‍ താരവും രണ്ടാം സീഡുമായ ജഖോന് ഖുര്ബനോവിനെയാണ് സുമിത് സെമിയില്‍ വീഴ്ത്തിയത്. ഫൈനലിലെത്തിയതോടെ ഇന്ത്യ രണ്ട് വെള്ളി മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്.
നേരത്തെ 2015ല്‍ ഇന്ത്യ ഒരു വെള്ളിയടക്കം നാല് മെഡുലകളാണ് നേടിയത്. വികാസ് കൃഷ്ണനാണ് അന്ന് ഇന്ത്യക്കായി ഏക വെള്ളി സ്വന്തമാക്കിയത്. ഇത്തവണ നില മെച്ചപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. അവസാനമായി ഏഷ്യന്‍ പോരാട്ടത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയത് ശിവ ഥാപയിലൂടെ തന്നെയായിരുന്നു.
2013ല്‍ ബാന്റംവെയ്റ്റ് വിഭാഗത്തിലാണ് ശിവ സുവര്‍ണ താരമായത്. അതിന് മുന്‍പ് 2009ലും ഇന്ത്യക്ക് ഒരു സ്വര്‍ണം ലഭിച്ചു. അന്ന് സുരഞ്ജോയ് സിങ് 52 കിലോ വിഭാഗത്തിലാണ് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."