ശസ്ത്രക്രിയ പൂര്‍ത്തിയായി; ഹനാന്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍
കൊച്ചി: കാറപകടത്തില്‍ നട്ടെല്ലിന് പരുക്കേറ്റ ഹനാന്റെ ശസ്ത്രക്രിയ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പൂര്‍ത്തിയായി. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിനായി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതോടെ റൂമിലേക്കു മാറ്റുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോഴിക്കോട്ടു നിന്ന് എറണാകുളത്തേക്ക് വരവേ തിങ്കളാഴ്ച പുലര്‍ച്ചെ കൊടുങ്ങല്ലൂരില്‍ വച്ച് ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ വൈദ്യുതിത്തൂണിലിടിക്കുകയായിരുന്നു. അപകടത്തില്‍ നട്ടെല്ലിന്റെ കശേരുവിനാണ് ക്ഷതമേറ്റത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ ന്യൂറോ സര്‍ജന്‍ ഡോ. ഹാരൂണ്‍ എം. പിള്ളൈയുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഈ ഭാഗം ബലപ്പെടുത്തി. നല്ലവേദന അനുഭവപ്പെടുന്നുണ്ടെന്ന് ഹനാന്‍ പറഞ്ഞു.
പഠനച്ചെലവ് കണ്ടെത്തുന്നതിന് കോളജ് യൂനിഫോമില്‍ എറണാകുളം നഗരത്തില്‍ മത്സ്യവില്‍പന നടത്തിയിരുന്ന ഹനാന്‍ സമൂഹശ്രദ്ധ നേടിയിരുന്നു. പഴയതുപോലെ എഴുന്നേറ്റ് നടക്കണമെങ്കില്‍ ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള തുടര്‍ ചികിത്സ ആവശ്യമാണ്. പിതാവ് ഉപേക്ഷിച്ചുപോവുകയും മാതാവ് രോഗിയാവുകയും ചെയ്തതോടെ കൊച്ചി മാടവനയിലെ ഒറ്റമുറി വാടക വീട്ടില്‍ താമസിച്ചാണ് ഹനാന്‍ പഠിക്കുന്നത്. രണ്ടരലക്ഷം രൂപയോളം ശസ്ത്രക്രിയക്ക് ചെലവ് വന്നിട്ടുണ്ട്.
ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സഹായ വാഗ്ദാനവുമായി സുമനസുകള്‍ രംഗത്തു വന്നിട്ടുണ്ടെങ്കിലും ചികിത്സ പൂര്‍ത്തിയാക്കി നടക്കാന്‍ കഴിയുന്നതുവരെ തന്നെ ആര് പരിചരിക്കുമെന്നതാണ് ഇപ്പോള്‍ ഹനാനെ അലട്ടുന്നത്. മന്ത്രിമാരായ കെ.കെ ശൈലജ, ഡോ. തോമസ് ഐസക്, ഇ.പി ജയരാജന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എസ്. ശര്‍മ്മ എം.എല്‍.എ എന്നിവര്‍ വിവരങ്ങള്‍ ആരാഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."