പകര്‍ച്ചവ്യാധി പ്രതിരോധം: കണ്‍ട്രോള്‍ റൂമുകള്‍ സുസജ്ജമെന്ന് മന്ത്രി
തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് തുടങ്ങിയ സ്റ്റേറ്റ്, ജില്ലാ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി തുടരുന്നതായി മന്ത്രി കെ.കെ ശൈലജ. ആരോഗ്യമന്ത്രിയുടെ ഓഫിസിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ സ്ഥലത്തും കണ്ടെത്തുന്ന പകര്‍ച്ചവ്യാധികള്‍ അപ്പപ്പോള്‍ അറിയിച്ചാല്‍ കണ്‍ട്രോള്‍ റൂമിന് കൂടുതല്‍ ശക്തമായി ഇടപെടാന്‍ കഴിയും. സ്വകാര്യ ആശുപത്രികളും ഈ സേവനം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് കണ്‍ട്രോള്‍ റൂമാണ് സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ ക്യാംപുകളിലേയും അന്തിമ ഏകോപനം നടത്തുന്നത്. ദിവസംതോറും നിരവധി കോളുകളാണ് കണ്‍ട്രോള്‍ റൂമില്‍ വരുന്നത്. ഓരോ കോളുകളും വിലയിരുത്തി നടപടിയെടുക്കാന്‍ പ്രത്യേക സംഘത്തെതന്നെ നിയോഗിച്ചിട്ടുണ്ട്. സന്നദ്ധ സേവനത്തിനും സംഭാവനയ്ക്കുമായാണ് ഏറ്റവുമധികം കോളുകള്‍ വന്നത്.
എല്ലാ കോളുകളും അതത് വിഭാഗങ്ങളെ അറിയിക്കുകയും നടപടിയെടുക്കുകയും ചെയ്തു. അഡിഷണല്‍ ഡയക്ടറുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ 50 അംഗ സംഘമാണ് 24 മണിക്കൂറും സേവനമനുഷ്ടിക്കുന്നത്. മാധ്യമ നിരീക്ഷണ വിഭാഗവും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു. ഓരോ ജില്ലകളില്‍ നിന്നും ഓരോ നോഡല്‍ ഓഫിസറും ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 6282986880, 6282983626 എന്നീ വാട്‌സ് ആപ് നമ്പരുകളിലൂടെ ആരോഗ്യ സംബന്ധമായ പരാതികള്‍, പ്രശ്‌നങ്ങള്‍, അന്വേഷണങ്ങള്‍, സംശയങ്ങള്‍ എന്നിവ അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."