വ്യോമസേനക്ക് ഇനി അപ്പാഷെ ഹെലികോപ്റ്റര്‍ കരുത്തുപകരും
ന്യൂഡല്‍ഹി: യുദ്ധരംഗത്ത് യു.എസിന്റെ മുന്നണിപ്പോരാളിയെന്ന് വിശേഷിപ്പിക്കുന്ന അപ്പാഷെ ഹെലികോപ്റ്ററുകള്‍ ഇന്ത്യയ്ക്കും സ്വന്തമാകുന്നു. വ്യോമസേനക്കുവേണ്ടി ഇന്ത്യ വാങ്ങുന്ന 22 ഹെലികോപ്റ്ററുകളില്‍ ആദ്യത്തേത് ഇന്ത്യയ്ക്ക് കൈമാറി. യു.എസ് ആയുധ നിര്‍മാതാക്കളായ ബോയിങ് ആണ് അപ്പാഷെ ഹെലികോപ്റ്റര്‍ നിര്‍മിക്കുന്നത്. അരിസോണയിലെ ബോയിങ് കേന്ദ്രത്തില്‍ വച്ച് ഹെലികോപറ്റര്‍ വ്യോമസേന ഔദ്യോഗികമായി ഏറ്റുവാങ്ങി. ഇതിന്റെ വിവരങ്ങള്‍ വ്യോമസേന ട്വീറ്റ് ചെയ്തിട്ടുണ്ട്. വ്യോമസേനയെ പ്രതിനിധീകരിച്ച് എയര്‍ മാര്‍ഷല്‍ എ.എസ് ബുടോളയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിസോണയിലെത്തി യു.എസ് അധികൃതരില്‍ നിന്ന് ഹെലികോപ്റ്റര്‍ ഏറ്റുവാങ്ങിയത്.
2015 സെപ്റ്റംബറിലായിരുന്നു വ്യോമസേന 22 അപ്പാഷെ ഹെലികോപ്റ്ററിനായി കരാര്‍ ഒപ്പുവെച്ചത്. ഇതില്‍ ആദ്യത്തെ ബാച്ച് ഹെലികോപ്റ്ററുകള്‍ ജൂലൈയില്‍ ഇന്ത്യയിലെത്തും.
ഹെലികോപ്റ്റര്‍ പറത്താന്‍ വ്യോമസേന അംഗങ്ങളില്‍ തിരഞ്ഞെടുത്തവര്‍ക്ക് യു.എസ് സൈന്യം പരിശീലനം നല്‍കുന്നുണ്ട്. ഇവരായിരിക്കും വ്യോമസേനയുടെ അപ്പാഷെ വിങ് കൈകാര്യം ചെയ്യുക. ഏത് നിലയിലും ശത്രുക്കളെ ആക്രമിക്കാന്‍ ഹെലികോപ്റ്ററിന് സാധിക്കുമെന്നുമാത്രമല്ല, ഏത് കാലാവസ്ഥയിലും ഇവ യുദ്ധസജ്ജമായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. സേനയുടെ ആധുനികവല്‍കരണത്തിന്റെ ഭാഗമായാണ് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്. മലനിരകളിലെ വ്യോമസേനാ ദൗത്യങ്ങള്‍ക്ക് സഹായിക്കുകയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ദൗത്യം.
കൂടുതല്‍ സൈനികരെയും ആയുധങ്ങളെയും ഇന്ധനവും വളരെ പെട്ടെന്ന് യുദ്ധമുഖത്തേക്കെത്തിക്കാന്‍ സഹായിക്കുന്ന ചിനൂക് ഹെലികോപ്റ്ററുകള്‍ വ്യോമസേന ബോയിങ്ങില്‍ നിന്ന് നേരത്തെ വാങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."