തൃശൂര്‍ പൂരം നാളെ; വര്‍ണവിസ്മയം തീര്‍ത്ത് സാംപിള്‍ വെടിക്കെട്ട്
തൃശൂര്‍: ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിട്ട് നാളെ തൃശൂര്‍ പൂരം. വര്‍ണ വാദ്യമേളങ്ങളുടെ പൂരം കൊട്ടിക്കയറാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.
ഇന്ന് രാവിലെ പതിനൊന്നോടെ നെയ്തലക്കാവ് ഭഗവതി തെക്കെഗോപുര നട തുറക്കുന്നതോടെ പ്രസിദ്ധമായ തൃശൂര്‍പൂര വിളംബരത്തിന് ആരംഭമാകും. ഘടകക്ഷേത്രങ്ങളിലൊന്നായ നെയ്തലക്കാവ് തട്ടക ക്ഷേത്രത്തില്‍ നിന്ന് രാവിലെ എട്ടിന് ഭഗവതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറി 11 മണിയോടെ വടക്കുംനാഥനെ വണങ്ങിയതിനുശേഷം വടക്കുംനാഥനെ വലംവച്ചു തെക്കെഗോപുര വാതിലിനു സമീപമെത്തും.
തുടര്‍ന്ന് ഗോപുരവാതില്‍ പൂരത്തിനായി തുറുന്നു വയ്ക്കും. ശേഷം തിരുവമ്പാടി ക്ഷേത്രത്തിലെത്തുന്ന നെയ്തലക്കാവിലമ്മ ആനപ്പുറത്ത് നിന്നിറങ്ങാതെ തന്നെ സേവ സ്വീകരിച്ച് തിരുവമ്പാടി ഭഗവതിയെയും ഉണ്ണിക്കണ്ണനെയും പ്രദക്ഷിണം വച്ച്, വിയ്യൂര്‍ മൂത്തേടത്ത് മനയില്‍ ഇറക്കി പൂജ നടത്തും. അതിനുശേഷം കുറ്റൂര്‍ ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളും. നാളെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് വടക്കുംനാഥക്ഷേത്രത്തിലേക്കുള്ള ഘടക പൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങുക.
നഗരമധ്യത്തിലുള്ള വടക്കുംനാഥന്‍ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. തിരുവമ്പാടിപാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്.
പൂരത്തിന്റെ മുഖ്യ പങ്കാളിത്തവും ഈ വിഭാഗക്കാര്‍ക്കാണ്. തിരുവമ്പാടിക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ കൃഷ്ണനാണെങ്കിലും ഉപദേവതയായ ഭഗവതിയാണ് പൂരത്തില്‍ പങ്കെടുക്കുന്നത്. എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശൂര്‍ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങള്‍ ഉണ്ട്.
വടക്കുന്നാഥ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴിയില്‍ ഇവര്‍ക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്. പൂരത്തിന് മുന്നോടിയായി ഇന്നലെ സാംപിള്‍ വെടിക്കെട്ട് നടന്നു. ലൂസിഫറും മധുരരാജയും ഫോനിയുമെല്ലാം തൃശൂരിന്റെ ആകാശത്ത് അമിട്ടില്‍ വിരിഞ്ഞിറങ്ങി. ആദ്യം തിരുവമ്പാടിക്കാരാണ് സാമ്പിള്‍ വെടിക്കെട്ടിന് തിരി കൊളുത്തിയത്.
പീന്നീട് പാറമേക്കാവിന്റെ അവസരമായിരുന്നു. ശബ്ദം കുറച്ച് വര്‍ണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തായിരുന്നു ഇരു വിഭാഗവും വെട്ടിക്കെട്ട് നടത്തിയത്.എട്ട് മണിയോടെ തുടങ്ങിയ വെടിക്കെട്ടുകള്‍ ഒന്‍പതേ മുപ്പതോടെ പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."