മരുഭൂ തണുപ്പിച്ച പാട്ടുക്കാരന്‍
ദാരിദ്ര്യം കൊടികുത്തിയ വീട്ടിലാണ് മൂസയുടെ ജനനം. പതിനൊന്ന് മക്കളില്‍ അഞ്ചാമന്‍. തലശ്ശേരി മീന്‍മാര്‍ക്കറ്റില്‍ തൊഴിലാളിയായിരുന്ന പിതാവിന്റെ വരുമാനം കൊണ്ട് മക്കള്‍ക്ക് എല്ലാവര്‍ക്കും കൂടി വിശപ്പടക്കാനായിരുന്നില്ല. അതുകൊണ്ടാണ് മൂസയെ സ്‌കൂളില്‍ പറഞ്ഞയക്കുന്നതിന് പകരം സമീപത്തെ തീപ്പെട്ടി കമ്പനിയിലേക്ക് അയച്ചത്. തീപ്പെട്ടിക്കമ്പനിയില്‍ പൂളമരത്തിന്റെ തോലുപൊളിക്കുന്നതായിരുന്നു ജോലി. ഒരുദിവസം ജോലി ചെയ്താല്‍ നാലണ കിട്ടും. അന്ന് പതിനാറ് അണയാവണം ഒരു ഉറുപ്യ ആകണമെങ്കില്‍. കൂലിവാങ്ങുമ്പോള്‍ കമ്പനിക്ക് വൗച്ചറില്‍ ഒപ്പിട്ടു നല്‍കണം. 35 പേരാണ് ആകെ കമ്പനിയിലെ തൊഴിലാളികള്‍. ഇതില്‍ മൂസയും എഴുപത്തിയഞ്ച് വയസ്സുകാരി കല്യാണിയമ്മയും മാത്രം വൗച്ചറില്‍ വിരലടയാളം പതിക്കും. കാരണം അവര്‍ക്ക് മാത്രം ഒപ്പിടാനും എഴുതാനും വായിക്കാനും അറിയില്ലായിരുന്നു.
കരിങ്കല്‍ ക്വാറിയില്‍ ചുറ്റികകൊണ്ട് കരിങ്കല്ലിടിച്ച് ചീളുകളാക്കുന്ന തൊഴിലിന് പോയി പിന്നീട് മൂസ. കരിങ്കല്ല് അരയിഞ്ച്, മുക്കായിഞ്ച് ഒക്കെയാകണമെങ്കില്‍ ആഞ്ഞാഞ്ഞ് അടിച്ച് ഉടക്കണം. കരിങ്കല്ല് ചുമക്കാനും കൂടിയിട്ടുണ്ട്. പിന്നീട് തലശ്ശേരിയില്‍ ചുമട്ടു തൊഴിലാളിയുമായി. വീട്ടിലെ ദാരിദ്ര്യം കാരണം വല്ലാത്ത വിശപ്പായിരുന്നു മൂസയ്ക്ക്. അതുകൊണ്ട് കൂലികിട്ടിയാല്‍ നന്നായി ഭക്ഷണം കഴിക്കുമായിരുന്നു. എത്ര കഴിച്ചിട്ടും കാര്യമില്ലെന്ന് മൂസയ്ക്ക് അന്ന് തന്നെ ബോധ്യമായിരുന്നു. ശരീരം ചോരയും നീരുംവറ്റി മെലിഞ്ഞുണങ്ങി നിന്നു. മരണം വരെ അതങ്ങനെ തന്നെയായിരുന്നു. എന്നാല്‍ കൊടുംദാരിദ്ര്യം നീന്തിക്കടക്കാന്‍ ദൈവം മൂസയ്ക്ക് വരദാനമായി ഒരു സിദ്ധി നല്‍കി. അത് ഉച്ചത്തില്‍ പാടാനുളള തൊണ്ടയായിരുന്നു. അതോടെ വലിയകത്ത് മൂസ ലോകമറിഞ്ഞ മാപ്പിളപ്പാട്ടുകാരന്‍ എരഞ്ഞോളി മൂസയായി.
അരിമുല്ലപ്പൂ മണമുള്ളോളെ...
അഴകിലേറ്റം ഗുണമുള്ളോളെ...
എരഞ്ഞോളിയില്‍ ജോലിക്ക് പോയിരുന്ന മൂസയുടെ നെഞ്ചില്‍ ഇശലിന്റെ താളമിട്ടത് ഉമ്മയായിരുന്നു. സബീന ബൈത്തുകളും പാട്ടുകളും പാടിയിരുന്ന ഉമ്മയുടെ പാട്ട് കമ്പം മൂസയെ പാട്ടിലേക്ക് അടുപ്പിച്ചു. കല്യാണവീടുകളിലെ ഗ്രാമഫോണ്‍ പാട്ട് കേട്ട് ജീവിതം ആഘോഷിച്ച കാലത്ത് കൂട്ടുകാരോടൊപ്പം എരഞ്ഞോളിയിലും തലശ്ശേരിയിലും നല്ലൊരു സൗഹൃദമുണ്ടാക്കാന്‍ മൂസയ്ക്ക് കഴിഞ്ഞു. എരഞ്ഞോളി ഗ്രാമീണ കലാസമിതിയിലൂടെ പാട്ടുപാടാനും അവസരം ലഭിച്ചു. കല്യാണ വീടുകളിലെ ഗാനമേളകളിലും, തെങ്ങില്‍ കോളാമ്പി കെട്ടുന്ന മൈക്ക് സെറ്റുകാരനോട് പാട്ട് പാടാന്‍ കെഞ്ചിയും മൂസ അവസരങ്ങളുടെ വാതായനം സ്വന്തമായി തുറന്നു.
തലശ്ശേരിയില്‍ ശ്രീനാരായണ ഗുരു ആശ്രമത്തില്‍ നാട്ടുകാരന്‍ എന്ന നിലക്ക് പാടാന്‍ അവസരം കിട്ടി. വലിയജനക്കൂട്ടത്തിനു മുന്‍പില്‍ മൂസ പാടുന്നത് അന്നാണ.് കരിങ്കല്ല് പോലെ ഉറച്ച മൂസയുടെ മനസ് ഇശല് പാടിയതില്‍ ആദ്യം കുളിര്‍ത്തത് അന്നായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ അതോടെ വലിയകത്ത് മൂസ ഒരു പാട്ടുകാരനായി മാറി.
രാഘവന്‍ മാസ്റ്ററുടെ
എരഞ്ഞോളി മൂസ
മൂസ പാടിത്തുടങ്ങി. പാട്ടുകാരനായി നാടക്കുന്നതിനെ ഉപ്പ ശാസിച്ചു. ഉമ്മ സ്‌നേഹിച്ച് പ്രോല്‍സാഹിപ്പിച്ച് കൂടെ നിന്നു. കിട്ടുന്ന അവസരങ്ങള്‍ മുതലെടുത്ത് ഉച്ചത്തില്‍ പാടി. റേഡിയോയില്‍ പാടണമെന്നായിരുന്നു മോഹം. ആകാശവാണിയില്‍ കെ. രാഘവന്‍ മാഷുണ്ട്. ഒ. അബു എഴുതിയ നാലു പാട്ടുകളുമായി രാഘവന്‍ മാഷുടെ മുന്‍പിലെത്തി. പാട്ടുപാടാന്‍ അവസരം കിട്ടി. മകന്‍ റേഡിയോയിലും പാടിനടക്കുന്ന വാര്‍ത്തയറിഞ്ഞ് ഉപ്പ മൂസയെ കമ്പനിയിലേക്ക് തന്നെ ഓടിച്ചു. പക്ഷെ മോഹം തല്ലിക്കെടുത്തിയില്ല. എം.എസ് ബാബുരാജ്, കണ്ണൂര്‍ രാജന്‍ എന്നിവരുടെ പാട്ടുകള്‍ കേട്ട് പഠിച്ചു. വലിയകത്ത് മൂസ എന്ന പേര് കെ. രാഘവന്‍ മാസ്റ്റര്‍, എരഞ്ഞോളി മൂസ എന്നാക്കി. അവസരങ്ങള്‍ കൈവന്നെങ്കിലും പലപ്പോഴും ജീവിക്കാന്‍ വേണ്ടി തലശ്ശേരി അങ്ങാടിയില്‍ അരിച്ചാക്കുകള്‍ പേറേണ്ടി വന്നു. ഇതിനിടയില്‍ പാട്ടുകാരന്‍ ശരത്ചന്ദ്ര മറാഠേയില്‍നിന്ന് ഹിന്ദുസ്ഥാനിയും തിരുവങ്ങാട് കുഞ്ഞിക്കണ്ണന്‍ ഭാഗവതരില്‍നിന്ന് കര്‍ണാടകസംഗീതവും അഭ്യസിച്ചു. 1972-ല്‍ തലശ്ശേരി ഫ്രണ്ട്‌സ് ഓര്‍കസ്ട്രയിലാണ് സ്ഥിരം പാട്ടുകാരാനയത്. എരഞ്ഞോളി മൂസ എന്ന ഗായകന്‍ ഗാനമേളകളില്‍ സജീവമായി.
മിഅ്‌റാജ് രാവിലെ കാറ്റേ...
മരുഭൂ തണുപ്പിച്ച കാറ്റേ...
പാട്ട് പാടുക എന്നത് മാത്രമല്ല മികച്ച ഗാനങ്ങള്‍ പാടാനായതാണ് എരഞ്ഞോളി മൂസക്ക് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യം. ഒ. അബു, പി.ടി അബ്ദുറഹ്മാന്‍, പി.എം അബ്ദുല്‍ ജബ്ബാര്‍, കാനേഷ് പൂനൂര്‍, ജമാല്‍ കൊച്ചങ്ങാടി, പ്രേം സൂറത്ത്, കെ.ടി മുഹമ്മദ് കുട്ടി, ശ്രീമൂലനഗരം വിജയന്‍ തുടങ്ങിയ നിരവധി പേരുടെ രചനകള്‍, കെ. രാഘവന്‍, കണ്ണൂര്‍ രാജന്‍, കോഴിക്കോട് അബ്ദുല്‍ ഖാദര്‍, ചാന്ദ് പാഷ, ഹംസ വളാഞ്ചേരി, എസ്.എം കോയ, ഇസ്മായില്‍ മട്ടാഞ്ചേരി തുടങ്ങിയവരുടെ ഈണങ്ങളില്‍ ഒരായിരം പാട്ടുകള്‍. എല്ലാം ഹിറ്റ് ഗാനങ്ങള്‍.
ഇസ്‌ലാമിക ചരിത്രങ്ങളും കര്‍മ്മങ്ങളും ബോധവല്‍ക്കരിക്കുന്ന ഒരിപിടി ഗാനങ്ങളാണ് എരഞ്ഞോളി മൂസയുടെ ഹിറ്റ്ഗാനങ്ങള്‍. മിഅ്‌റാജ് രാവിലെ കാറ്റേ (പി.ടി അബ്ദുറഹ്മാന്‍), സമാനിന്‍ കൂരിരുള്‍ കാട്ടില്‍... (എം.എ മജീദ്), തീരാത്ത ദു:ഖത്തിന്റെ മാറാപ്പും കേറി, മിസ്‌റിലേ രാജന്‍ അസീസിന്‍ ആരമ്പ സൗജത്ത് (കെ.ടി മുഹമ്മദ്), പതിനാല് നൂറ്റാണ്ട് പിമ്പെന്തിന് (കാനേഷ് പൂനൂര്‍), കെട്ടുകള്‍ മൂന്നും കെട്ടീ (പ്രേംസൂറത്ത്), മക്കാ നഗരമേ കരയൂ (ജമാല്‍ കൊച്ചങ്ങാടി), നഫ്‌സ് നഫ്‌സ് (പി.ടി), മനസിന്റെ ഉളളില്‍ (പി.കെ കുട്ട്യാലി) മാണിക്യാ മലരായ പൂവി (പി.എം ജബ്ബാര്‍) തുടങ്ങി നിരവധി ഗാനങ്ങള്‍ എരഞ്ഞോളി മൂസയെന്ന ഗായകന്റെ പ്രതിഭ വിളിച്ചോതുന്നതാണ്. ആവേശത്തോടൊപ്പം വേദിയിലുണ്ടാക്കുന്ന പാട്ടിന്റെ അര്‍ഥതലം കൂടിയാണ് ഇത്രമേല്‍ ആസ്വാദകരെ സൃഷ്ടിക്കാന്‍ എരഞ്ഞോളിക്ക് കഴിഞ്ഞത്.
കെട്ടുകള്‍ മൂന്നും കെട്ടി...
കട്ടിലില്‍ നിന്നേയുമേറ്റി...
പ്രതിഭകള്‍ക്ക് പലപ്പോഴും അല്‍പ്പായുസാണെന്ന് പറയാറുണ്ട്. മോയീന്‍കുട്ടി വൈദ്യര്‍ നാല്‍പത് വര്‍ഷം മാത്രമാണ് ജീവിച്ചത്. പ്രേംസൂറത്ത് എന്ന കവിയുടെ, എഴുത്തുകാരന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്ന് എരഞ്ഞോളി മൂസ പറയുമായിരുന്നു. കോഴിക്കോട് പുതിയ കാസറ്റ് റെക്കോര്‍ഡിങിനെത്തിയതായിരുന്നു മൂസ. ഒരു കടലാസു നല്‍കി പ്രേംസൂറത്തിനോട് പാട്ടെഴുതാന്‍ പറഞ്ഞു. അധികം വൈകാതെ എനിക്ക് കടലാസ് മടക്കി നല്‍കി. കെട്ടുകള്‍ മൂന്നും കെട്ടി... ഖബറിലേക്കുളള അവസാന യാത്രയെ കുറിച്ചാണ് പാട്ട്. റെക്കോര്‍ഡിങ് കഴിഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി. പെട്ടെന്ന് പ്രേംസൂറത്തിനൊരു നെഞ്ചുവേദന. റെക്കോര്‍ഡിങ് സ്റ്റുഡിയോക്ക് സമീപമുളള ആശുപത്രിയില്‍ തന്റെ നിര്‍ബന്ധത്തിന് കയറി. ഡോക്ടര്‍ മരുന്നിനെഴുതി. വിശ്രമം ആവശ്യപ്പെട്ടു. ഏഴാം ദിവസം രാവിലെ മൂസയ്ക്ക് ഫോണ്‍വന്നു. പ്രേംസൂറത്ത് മരിച്ചിരിക്കുന്നു.
റെക്കോര്‍ഡ് ചെയ്ത പാട്ടുകേള്‍ക്കും മുന്‍പെ പാട്ടില്‍ പറഞ്ഞതു പോലെ പ്രേം സൂറത്ത് യാത്രയായി.. അറം പറ്റിയത് പോലെയെന്ന് പലരും പറഞ്ഞു.
പതിനാല് നൂറ്റാ@് പിമ്പെന്തിന്...
എരഞ്ഞോളി മൂസ ആദ്യം ഗള്‍ഫിലേക്ക് പ്രോഗ്രാമിന് പോകുന്നത് മുംബൈയില്‍ നിന്ന് കപ്പലിലാണ്. 1974 ഡിസംബര്‍ ഒന്നിന് മൂസയടക്കം അഞ്ചംഗ സംഘം പത്തേമാരിയില്‍ ഖോര്‍ഫക്കാനിലിറങ്ങി. ഇതിനു മുന്‍പ് എം.എസ് ബാബുരാജും മൂന്നംഗ സംഘവും യു.എ.ഇ.യില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്. ഒരുമാസത്തേക്ക് വിവിധ സ്ഥലങ്ങളിലാണ് മാപ്പിളപ്പാട്ട് മേളകള്‍ സംഘടിപ്പിക്കുന്നത്. ദുബൈ കഴിഞ്ഞാല്‍ പിന്നെ ബഹ്‌റൈയിനേലാക്കായിരുന്നു. അത് വിമാനം കയറിയാണ് പോയത്. മൂസയുടെ ആദ്യവിമാന യാത്ര ഇതായിരുന്നു. 454 തവണ പാട്ടുപാടാനായി പിന്നീട് എരഞ്ഞോളി മൂസ ഗള്‍ഫുനാടുകളിലെത്തി. ഗള്‍ഫിലേക്ക് ഓരോ തവണ
പോകുമ്പോഴും ഓരോ പുതിയ അനുഭവമായിരുന്നു മൂസയ്ക്ക്. ആദ്യകാലങ്ങളില്‍ എട്ടും പത്തും പാട്ടുകള്‍ ഒരു വേദിയില്‍ പാടിയിരുന്നു. മക്കാ മണല്‍ക്കാട്ടില്‍ എന്നു പാടിയ മൂസ പാട്ടുജീവതത്തിലൂടെ മദീനയിലും മക്കയിലുമെത്തി. എരഞ്ഞോളിയുടെ ശബ്ദഗാംഭീര്യത്തിലൂടെ ഓരോ ഗാനത്തിന്റെയും പൊരുള്‍ ഉള്‍ക്കൊളളാന്‍ ആസ്വാദകര്‍ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ തൊണ്ട അനുവദിച്ച കാലത്തോളം അദ്ദേഹം പാടിക്കൊണ്ടേയിരുന്നു.
പുരുഷാന്തരങ്ങള്‍ക്ക് പൗരുഷം നല്‍കിയ
പുരുഷന്റെ കഥകള്‍ പറഞ്ഞാട്ടെ... എന്ന് പാടിയ മൂസക്ക.
ഫൈസല്‍ എളേറ്റില്‍
ഒരോ പാട്ടും ഭാവവും അര്‍ഥതലവും ഉള്‍ക്കൊണ്ട് പാടാന്‍ എരഞ്ഞോളി മൂസ എന്ന മാപ്പിളപ്പാട്ടുകാരന് കഴിഞ്ഞിരുന്നു. അതുതന്നെയാണ് ഒരു വലിയ ആരാധക വലയം സൃഷ്ടിക്കാന്‍ ആ പ്രതിഭക്ക് സാധ്യമായത്. പാട്ടിനെ ഉള്‍ക്കൊണ്ട് പാടുന്ന ഗായകനായിരുന്നു അദ്ദേഹം. അതിന് വേണ്ടി എന്തു ത്യാഗവും സഹിക്കും. അത് ഗായകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ഉയരങ്ങളിലേക്ക് എത്തിച്ചു.
എന്നും വ്യത്യസ്തനായി ജീവിച്ച മനുഷ്യനാണ് എരഞ്ഞോളി മൂസ. അദ്ദേഹത്തിന്റെ സൗഹൃദത്തില്‍ വലിയ പണക്കാരും സാധരണക്കാരില്‍ സാധരണക്കാരനുമുണ്ടാവും. എല്ലാവരും മൂസക്കയുടെ സുഹൃത്തുക്കളായിരിക്കും. പാട്ടുകാരന്‍ എന്ന അഹന്തയോ, ഗര്‍വ്വോ ആ മുഖത്ത് നിന്ന് കണ്ടെത്താന്‍ കഴിയില്ലായിരുന്നു. പെരുന്നാളിന് ഗള്‍ഫ് പ്രോഗ്രാമില്‍ അദ്ദേഹം നിത്യസാന്നിധ്യമായിരുന്നു. അവിടെ ചെന്നാല്‍ വലിയ ഹോട്ടലുകളില്‍ റൂമുകളുണ്ടെങ്കിലും അദ്ദേഹം സാധാരണക്കാരായ നാട്ടിലെ സുഹൃത്തുക്കളുടെ റൂമിലേക്ക് മാറും. അദ്ദേഹത്തിന്റെ വിയോഗമറിഞ്ഞ് വീട്ടിലെത്തിയ ജനക്കൂട്ടം തന്നെ എരഞ്ഞോളി മൂസ എന്ന പ്രതിഭയുടെ ജനകീയതെയാണ് അടയാളപ്പെടുത്തുന്നത്.
വി.എം കുട്ടി
എരഞ്ഞോളി മൂസ എന്ന പാട്ടുകാരനെ ആദ്യം കാണുന്നത് തലശ്ശേരി ചന്തയില്‍വച്ചാണ്. ഞങ്ങള്‍ക്ക് കാസര്‍കോട് പ്രോഗ്രാമുളള ദിവസം. തുടര്‍ച്ചയായ ഗാനമേളകള്‍ കാരണം പാട്ടുകാരുടെ തൊണ്ട അടഞ്ഞിരുന്നു. വല്ലാത്ത പ്രതിസന്ധിയിലായിരിക്കെയാണ് എരഞ്ഞോളിയിലെ മൂസ എന്ന പാട്ടുകാരനെ കുറിച്ച് കേട്ടത്. പിന്നീട് തലശ്ശേരി ചന്തയില്‍ ചെന്ന് അന്വേഷിച്ചു. തലച്ചുമടേന്തി നില്‍ക്കുന്ന ആള്‍ പറഞ്ഞു ഞാന്‍ തന്നെയാണ് മൂസ. 'ഒന്നു വേഷം മാറണം. ഞാന്‍ വരാം'- മൂസയുടെ ശബ്ദഗാഭീര്യം കേട്ടതോടെ തന്നെ ബോധ്യമായിരുന്നു മാപ്പിളപ്പാട്ട് ഗായകരുടെ ഇടയില്‍ മൂസ യ്ക്ക് വലിയ സ്ഥാനമുണ്ടെന്ന്.
പാട്ടുകാരനാവുക എന്ന ആഗ്രഹം മൂസ സ്വപ്രയത്‌നത്തിലൂടെ തന്നെ സാധിപ്പിച്ചെടുത്തു. ഒരു കാലത്ത് മാപ്പിളപ്പാട്ട് സംഘടനകള്‍ തമ്മില്‍ സൗഹൃദ മല്‍സരങ്ങള്‍ അരങ്ങേറിയിരുന്നു. ഒരു സംഘം പാടിയതിന് മറുപടി പാടുകയാണ് മറ്റുളള ടീമുകള്‍ ചെയ്യുക. വി.എം കുട്ടി- വിളയില്‍ ഫസീല, എ.പി ഉമ്മര്‍കുട്ടി- എം.പി ഫൗസിയ, എരഞ്ഞോളി മൂസ- സിബല്ല, പീര്‍മുഹമ്മദ്- ശൈലജ എന്നീ ടീമുകളാണ് മല്‍സരത്തില്‍ മാറ്റുരക്കാറുളളത്. എരഞ്ഞോളി മൂസ അന്ന് ജനപ്രിയ ഗായകനായിരുന്നു. മല്‍സരിക്കുമ്പോള്‍ മാത്രം പാട്ടുസംഘങ്ങള്‍ ചേരിതിരിവുണ്ടാവുമെങ്കിലും അതു കഴിഞ്ഞാല്‍ സുഹൃത്തുക്കളാവുകയും ചെയ്യും. മരണം വരെ ആ സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നു. ഞങ്ങളുടെയൊക്കെ സൗഹൃദം പുതുതലമുറയിലെ പാട്ടുകാര്‍ക്ക് ഒരു പാഠമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."