മുംബൈയെ തോളിലേറ്റി രോഹിത് ശര്‍മ; കൊല്‍ക്കത്തയെ തകര്‍ത്തു
അബൂദബി: ആദ്യ മത്സരത്തില്‍ നിറം മങ്ങിയ രോഹിത് ശര്‍മ രണ്ടാം മത്സരത്തില്‍ കളം നിറഞ്ഞാടിയപ്പോള്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന് മികച്ച ജയം. രോഹിത്തിന്റെയും മധ്യനിര താരം സൂര്യകുമാര്‍ യാദവിന്റെയും പ്രകടന മികവില്‍ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ പോരാട്ടം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സില്‍ അവസാനിച്ചു. 54 പന്തില്‍ 80 റണ്‍സുമായാണ് രോഹിത് ടീമിനെ ചുമലിലേറ്റിയത്. ആറ് സിക്‌സറും മൂന്ന് ഫോറും രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു. 47 റണ്‍സുമായി സൂര്യ കുമാര്‍ യാദവ് മികച്ച സംഭാവന നല്‍കി.
ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരേ ഇറങ്ങിയ അതേ ടീമിനെയാണ് മുംബൈ കളത്തിലിറക്കിയത്. തുടക്കത്തില്‍ തന്നെ കഴിഞ്ഞ കളിയിലെ ടോപ് സ്‌കോറര്‍ ക്വിന്റണ്‍ ഡി കോക്കിനെ(1) മുംബൈക്ക് നഷ്ടമായി. അരങ്ങേറ്റം കുറിച്ച യുവതാരം ശിവം മാവിയാണ് ഡി കോക്കിനെ നായിക്കിന്റെ കൈകളിലെത്തിച്ച് മടക്കിയത്. തുടര്‍ന്ന് ചേര്‍ന്ന രോഹിത്- സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ടാണ് ടീമിന് മികച്ച അടിത്തറ പാകിയത്. ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് 9.4 ഓവറില്‍ 90 റണ്‍സ്. ടീമിനെ മുന്നോട്ട് നയിക്കവേ 28 പന്തില്‍ 47 റണ്‍സെടുത്ത സൂര്യകുമാറിന് പക്ഷേ റണ്ണൗട്ടിലൂടെ ബാറ്റ് നിലത്ത് വെക്കേണ്ടി വന്നു. പക്ഷേ, തളരാതെ ടീമിനെ നയിച്ച രോഹിത് 18ാം ഓവറിലാണ് ക്രീസ് വിട്ടത്. സൗരഭ് തിവാരി (13 പന്തില്‍ 21), ഹര്‍ദിക് പാണ്ഡ്യ (13 പന്തില്‍ 18), പൊള്ളാര്‍ഡ് (7 പന്തില്‍ പുറത്താവാതെ 13) എന്നിവരാണ് ഇറങ്ങിയ മറ്റു ബാറ്റ്സ്മാന്‍മാര്‍. കൊല്‍ക്കത്തയ്ക്കു വേണ്ടി ശിവം മാവി രണ്ട് വിക്കറ്റെടുത്തപ്പോള്‍ സുനില്‍ നരൈനും റസ്സലും ഓരോ വിക്കറ്റും വീഴ്ത്തി.
കുറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിലിറങ്ങിയ കൊല്‍ക്കത്ത മെല്ലെ തുടങ്ങിയെങ്കിലും പിന്നീട് മുംബൈ ബോളര്‍മാരുടെ കണിശതയാര്‍ന്ന ബോള്‍ മികവില്‍ റണ്‍സ് കണ്ടെത്താനാവാതെ കൂപ്പു കുത്തി. തുടക്കത്തില്‍ ശ്രദ്ധയോടെ ബാറ്റു വീശിയ ദിനേഷ് കാര്‍ത്തിക്കും (23 പന്തില്‍ 30) അവസാനം വെടിക്കെറ്റ് ബാറ്റിങ് കാഴ്ച വച്ച കുമ്മിന്‍സുമാണ്(12 പന്തില്‍ 33) കൊല്‍ത്തയ്ക്കായി അല്‍പമെങ്കിലും പൊരുതിയത്. അവസാന ഓവറുകളില്‍ ഇറങ്ങിയ കുമ്മിന്‍സ് നാലു പടുകൂറ്റന്‍ സിക്‌സറുകളാണ് പറത്തിയത്. ഇയോന്‍ മോര്‍ഗന്‍ (20 പന്തില്‍ 16) ആന്ദ്രേ റസ്സല്‍ (11 പന്തില്‍ 11) നിരാശപ്പെടുത്തി. മുംബൈക്ക് വേണ്ടി ട്രെന്റ് ബോള്‍ട്ട്, പാറ്റില്‍സണ്‍, ബുംറ, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."