'പ്രകോപനപരമായ പ്രസംഗവും ആളെക്കൂട്ടലും'; വംശഹത്യാക്കേസിലെ ഡല്‍ഹി പൊലിസിന്റെ കുറ്റപത്രത്തില്‍ സല്‍മാന്‍ ഖുര്‍ഷിദും.
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യാക്കേസിലെ കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദും. അദ്ദേഹം പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് 17,000 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നത്.
'ഉമര്‍ ഖാലിദ്, സല്‍മാന്‍ ഖുര്‍ഷിദ്, നദിം ഖാന്‍ തുടങ്ങിയവര്‍ പതിവായി പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായി സാക്ഷിമൊഴിയുണ്ട്. ജനങ്ങളെ ഒരുമിച്ചു കൂട്ടുകയും ചെയ്തു.'- കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ എന്താണ് പ്രസംഗത്തില്‍ പറഞ്ഞതെന്ന പൊലിസ് വ്യക്തമാക്കുന്നില്ല. സാക്ഷിയുടെ ഐഡന്റിറ്റിയും പൊലിസ് വെളിപെടുത്തിയിട്ടില്ല. ഇയാള്‍ മാപ്പു സാക്ഷിയാണെന്നും കലാപങ്ങള്‍ ആസൂത്രണം ചെയ്ത സംഘത്തില്‍ അംഗമായിരുന്നെന്നുമാണ് പൊലിസ് പറയുന്നത്.
സി.പി.ഐ. നേതാവ് ആനിരാജയേയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനേയും കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. യോഗേന്ദ്രയാദവ്, ഹര്‍ഷ് മന്ദര്‍ തുടങ്ങിയവരും കുറ്റപത്രത്തിലുണ്ട്.
ഇവര്‍ അംഗമായ വാട്സാപ്പ് ഗ്രൂപ്പില്‍ ഡല്‍ഹി കലാപത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് പൊലിസ് പറയുന്നത്. വൃന്ദാ കാരാട്ട് പ്രകോപനപരമായ രീതിയില്‍ പ്രസംഗിച്ചവെന്നും പൊലിസ് പറയുന്നു.
ഫെബ്രുവരിയില്‍ നടന്ന മഹിളാ ഏകതാ മാര്‍ച്ച് കലാപത്തിന്റെ തുടക്കമായെന്നാണ് പൊലിസ് ഭാഷ്യം.
നേരത്തെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ദല്‍ഹി സര്‍വകലാശാല പ്രഫസര്‍ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി നിര്‍മാതാവ് രാഹുല്‍ റോയ് എന്നിവര്‍ക്കെതിരെ കുറ്റപത്രം ചുമത്തിയിരുന്നു.
കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തിരുന്നു. പൗരത്വ സമരത്തിനിറങ്ങിയ പിഞ്ച്റ തോഡ് നേതാക്കളായ ജെ.എന്‍.യുവിലെ ദേവാംഗന കലിത, നടാഷ നര്‍വല്‍, വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗുല്‍ഫിഷ ഫാത്തിമ എന്നിവരെ പ്രതികളാക്കി ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും പ്രതിയാക്കാനുള്ള നീക്കം.
2020 ഫെബ്രുവരിയില്‍ നട്‌ന ഡല്‍ഹി വംശഹത്യയില്‍ 53 പേരാണ് കൊല്ലപ്പെട്ടത്.
ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ തുടക്കത്തില്‍ തന്നെ ഡല്‍ഹി പൊലിസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."