ജുഡീഷ്യല്‍ പോരാട്ടം അനുചിതം
സുപ്രീം കോടതിയും കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണനും തമ്മിലുള്ള ജുഡീഷ്യല്‍ പോരാട്ടം ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കുന്നിടം വരെ എത്തി. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രമായ പാവ്‌ലോവ് ആശുപത്രിയില്‍ പരിശോധനക്ക് ഹാജരാകാനായിരുന്നു സുപ്രീംകോടതി മെയ് ഒന്നിന് നിര്‍ദേശിച്ചത്. എട്ടിന് റിപ്പോര്‍ട്ടു നല്‍കാനും ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ബംഗാള്‍ സര്‍ക്കാര്‍ ജസ്റ്റിസ് കര്‍ണന് വൈദ്യപരിശോധന നടത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ഡപ്യൂട്ടി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലിസും നാല് ഡോക്ടര്‍മാരും അടങ്ങുന്ന സംഘം ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കുവാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും ജസ്റ്റിസ് കര്‍ണന്‍ പരിശോധനക്ക് വഴങ്ങാതിരിക്കുകയായിരുന്നു.
തന്റെ മാനസികാരോഗ്യത്തിന് കുഴപ്പമില്ലെന്നും ഒരു വ്യക്തിയുടെ മാനസിക നില പരിശോധിക്കാന്‍ അയാളുടെ അടുത്ത ബന്ധുവിന്റെ അനുമതി വേണമെന്നും തന്റെ ഭാര്യക്കും മക്കള്‍ക്കും തന്റെ മാനസിക നിലയില്‍ സംശയമില്ലെന്നും പറഞ്ഞ് ജസ്റ്റിസ് കര്‍ണന്‍ മെഡിക്കല്‍ സംഘത്തെ തിരിച്ചയക്കുകയായിരുന്നു. തനിക്കെതിരെ വരുന്ന കോടതിവിധി പ്രസ്താവങ്ങളെല്ലാം സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍ അടക്കമുള്ളവര്‍ക്കും തിരിച്ചു വിധിക്കുന്നത് ജസ്റ്റിസ് കര്‍ണന്‍ പതിവാക്കിയിരുന്നു. മദ്രാസ് ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ചില ജഡ്ജിമാര്‍ അഴമതിക്കാരാണെന്ന് ആരോപിച്ചായിരുന്നു ജസ്റ്റിസ് കര്‍ണന്‍ ജുഡീഷ്യല്‍ പോരാട്ടത്തിന് തുടക്കം കുറിച്ചത്.
ഇതിനെ തുടര്‍ന്നാണ് ജസ്റ്റിസ് കര്‍ണനെ മദ്രാസ് ഹൈക്കോടതിയില്‍ നിന്നും കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ 2016 ഫെബ്രുവരിയില്‍ ഉത്തരവിട്ടത്. ഉത്തരവ് കിട്ടിയ സി.എസ് കര്‍ണന്‍ സുപ്രീംകോടതി ഉത്തരവ് സ്വമേധയാ സ്റ്റേ ചെയ്ത് വാര്‍ത്ത സൃഷ്ടിച്ചു. കൂട്ടത്തില്‍ തന്നെ സ്ഥലം മാറ്റിയതിന്റെ വിശദീകരണവും നല്‍കണമെന്ന് കര്‍ണന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സുപ്രീംകോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ സ്ഥലം മാറ്റിയതു മുതല്‍ക്കുള്ള കര്‍ണന്റെ എല്ലാ ഉത്തരവുകളും റദ്ദാക്കുകയായിരുന്നു. സ്ഥലംമാറ്റ ഉത്തരവിന് ശേഷം അദ്ദേഹം പുറപ്പെടുവിച്ച എല്ലാ വിധിന്യായങ്ങളും സ്റ്റേ ചെയ്യപ്പെട്ടതായും സുപ്രീംകോടതി വിധിന്യായത്തില്‍ വ്യക്തമാക്കുകയുണ്ടായി. 1993 ലെ ഒന്‍പതംഗ ബെഞ്ചിന്റെ ഉത്തരവിന് വിരുദ്ധമാണ് തന്റെ സ്ഥലംമാറ്റ ഉത്തരവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീംകോടതിയുടെ സ്ഥലം മാറ്റ ഉത്തരവ് കര്‍ണന്‍ സ്വയം സ്റ്റേ ചെയ്തത്. ഇത് കോടതിയലക്ഷ്യമായി സുപ്രീംകോടതി കാണുകയും ജഡ്ജിമാരുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്തതിന് സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകുവാന്‍ ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും കര്‍ണന്‍ വഴങ്ങിയില്ല.
തുടര്‍ന്ന് അദ്ദേഹത്തിന്റെ മാനസിക നില പരിശോധിക്കുവാന്‍ ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഉടനെത്തന്നെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റേതടക്കമുള്ള ജഡ്ജിമാരുടെ മാനസിക നില പരിശോധിക്കുവാന്‍ ജസ്റ്റിസ് കര്‍ണനും ഉത്തരവിട്ടു. സുപ്രീംകോടതി ജഡ്ജിമാരെ തുടരെ തുടരെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ജസ്റ്റിസ് സി.എസ് കര്‍ണന്റെ നടപടികള്‍ അദ്ദേഹത്തിന്റെ മാനസിക നിലക്ക് കുഴപ്പമില്ലെങ്കില്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരം നടപടികള്‍ ജഡ്ജിമാരില്‍ നിന്നുണ്ടാകാന്‍ പാടില്ല. നിയമപരമായും ഭരണഘടനാപരമായും ജസ്റ്റിസ് കര്‍ണന്‍ നീതിനിഷേധത്തിന് ഇരയായതായി തെളിവുകളൊന്നുമില്ല. നിയമത്തെ നിയമവിരുദ്ധമായി ജഡ്ജിമാര്‍ ഉപയോഗപ്പെടുത്തരുത്. താന്‍ ദലിതനായതുകൊണ്ടാണ് ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നതെന്ന കര്‍ണന്റെ വാദങ്ങള്‍ മുഖവിലക്കെടുക്കാനാകില്ല. നിയമപരമായി സാധുതയില്ലാത്ത കാര്യങ്ങള്‍ പ്രശ്‌നവല്‍ക്കരിക്കുകയും അതില്‍ മേല്‍കൈ നേടുവാന്‍ ജാതീയ വിവേചനങ്ങള്‍ അനുഭവിക്കുന്നുവെന്ന് വരുത്തിതീര്‍ക്കുകയും ചെയ്യുന്നത് ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ക്ക് ചേരുന്നതല്ല.
ഗുണത്തേക്കാളേറെ ദോഷമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുക. എല്ലാത്തിനും ദലിത് പീഡനമെന്ന് ആ ജാതിയില്‍പ്പെട്ട ഉന്നത സ്ഥാനീയര്‍ പരാതിപ്പെടുമ്പോള്‍ പീഡനമനുഭവിക്കുന്ന സാധാരണക്കാരായ ദലിതുകളുടെ നിലവിളികളാണ് ഇത്തരം ബഹളങ്ങളില്‍ മുങ്ങിപ്പോവുക. ജസ്റ്റിസ് കര്‍ണനെ പോലുള്ളവര്‍ അസ്ഥാനത്ത് ദലിത് പീഡനം ആരോപിക്കുമ്പോള്‍ നീതി കിട്ടേണ്ടവര്‍ അവഗണിക്കപ്പെടും. അതിനുമപ്പുറം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മര്‍മ്മ പ്രധാനമായ ഒരു സ്ഥാപനത്തെ നിരുത്തരവാദപരമായ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ജസ്റ്റിസ് കര്‍ണന്‍ അവഹേളിക്കുകയാണെന്ന ധാരണ സമൂഹത്തില്‍ ഉണ്ടാവുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."