മഹാപ്രളയത്തില്‍ കാരുണ്യതുരുത്തായി അങ്കമാലി ബസിലിക്ക
അങ്കമാലി : കഴിഞ്ഞ ഏതാനും വര്‍ഷമായി കാരുണ്യത്തിന്റെ കൈനീട്ടവുമായി ആയിരക്കണക്കിന് ദുരിതമനുഭവിക്കുന്നവര്‍ക്ക് അത്താണിയായ അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക അക്ഷരാര്‍ത്ഥത്തില്‍ മഹാപ്രളയത്തില്‍ കാരുണ്യത്തിന്റെ തുരുത്തായി മാറി.
ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് അങ്കമാലി എടത്തോട് പാടത്തെ കുടുംബങ്ങളില്‍ പ്രളയവെള്ളം എത്തിയപ്പോള്‍ തന്നെ ബസിലിക്ക മാനേജ്‌മെന്റിന്റെ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ അങ്കമാലി പ്രദേശത്തെ ആദ്യ പ്രളയദുരിതാശ്വാസ ക്യാംപായി മാറി. പീന്നീട് സെന്റ് മേരീസ് സ്‌കൂളും, ക്ലാരിസ്റ്റ് സിസ്റ്റേഴ്‌സിന്റെ ഹോളിഫാമിലി സ്‌കൂളും അതേ വഴിയില്‍ ധാരാളം പേര്‍ക്ക് അത്താണിയായി മാറി.
അങ്കമാലി ഇടവക വികാരി റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്റെ നേതൃത്വത്തില്‍ മറ്റു വൈദികര്‍ കൈകാരന്മാര്‍ പ്രിന്‍സ് മരങ്ങാട്ട്, ഫ്രാന്‍സിസ് മുട്ടത്തില്‍, വൈസ്‌ചെയര്‍മാന്‍ നൈജോ വര്‍ഗീസ് സെക്രട്ടറി ആല്‍ബര്‍ട്ട് തച്ചില്‍ മറ്റ് ഫാമിലി യൂണിറ്റ് ഭാരവാഹികളും നേതൃത്വം നല്‍കി. പ്രളയത്തിലകപ്പെട്ട കുടുംബാംഗങ്ങളെ നിര്‍ബന്ധപൂര്‍വം ക്യാംപിലെത്തിച്ചത് ഇവരുടെ നേതൃത്വത്തിലാണ്.
കരയാംപറമ്പു ഭാഗത്ത് വള്ള ത്തില്‍ യാത്രക്കാരെ അക്കരെയെത്തിക്കാനും, കുടിവെള്ളം കിട്ടാത്തിടങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ പ്രളയജലത്തിന്റെ കുത്തൊഴുക്കിനെ മറികടക്കാന്‍ ബസിലിക്കയിലെ സംഘടാനാംഗങ്ങള്‍ ആത്മധൈര്യം കാണിച്ചു. വീടുകളില്‍ നിന്നും കടകളില്‍ നിന്നും അരിയും വസ്ത്രങ്ങളും കിടക്കകളും ഷീറ്റുകളും ബസിലിക്കയില്‍ ശേഖരിച്ച് ഇവിടെ നിന്നും അങ്കമാലിയിലെ 10 ക്യാംപുകളിലേക്കും മറ്റു പ്രദേശങ്ങളിലെ 30 ഓളം ക്യാംപുകളിലേക്കും എത്തിച്ചു.
വെള്ളം ഇറങ്ങിയപ്പോള്‍ വീടുകളും പരിസരങ്ങളും വൃത്തിയാക്കുന്നതിനും ബസിലിക്കയുടെ നേതൃത്വം മുന്‍പന്തിയില്‍ നിന്നു. കോയമ്പത്തൂര്‍ സൗത്തിലെ റോട്ടറി ക്ലബ്ബ് ടണ്‍ കണക്കിന് ബ്ലീച്ചിംഗ് പൗഡറും, ക്ലോറിന്‍ ലായിനിയും മറ്റു ക്ലീനിംഗ് സാമഗ്രഹികളും എത്തിച്ചു. ഇത് അങ്കമാലി പ്രദേശത്തെ മാത്രമല്ല ഏകദേശം 50 ഓളം പ്രദേശങ്ങളില്‍ ശുചീകരണത്തിന് സഹായകമായി.
ബസിലിക്ക പള്ളി അതിര്‍ത്തിയില്‍ 600 കുടുംബങ്ങളില്‍ വെള്ളം കയറി. സഹായം അവശ്യമായിരുന്ന മുന്നൂറോളം കുടുംബങ്ങള്‍ക്ക് 2500 രൂപ മതിപ്പുള്ള എമര്‍ജന്‍സി കിറ്റ് നല്‍കി. ഏകദേശം രണ്ടു മണിക്കൂറിനുള്ളില്‍ 1000 ലേറെ പൊതിച്ചോറെത്തിച്ചു നല്‍കാനും കഴിഞ്ഞു. പ്രളയ ദുരന്തത്തെ അതീജീവിക്കാനുള്ള കാരുണ്യപ്രളയം 2018 എന്ന പദ്ധതിയുടെ വ്യത്യസ്ത തലങ്ങളില്‍ മുഴുകിയിരിക്കുകയാണ് ബസിലിക്ക സമൂഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."