രാജാവിന്റെ കാവലാള്‍
തളിപ്പറമ്പ്: ഇന്ത്യയിലെ 92 വന്യജീവി സങ്കേതങ്ങളില്‍ 76ലും സന്ദര്‍ശനം നടത്തിയ അപൂര്‍വ നേട്ടവുമയി ഒരാള്‍. ഇപ്പോള്‍ കൊട്ടിയൂര്‍ മേഖലയില്‍ നിന്നു കശുമാവിന്‍ തോട്ടത്തില്‍ കണ്ടെത്തിയ രാജവെമ്പാലയുടെ ഇരുപതോളം മുട്ടകള്‍ വിരിയിക്കാനുള്ള അവസരമൊരുക്കികൊടുക്കണമെന്ന അപേക്ഷയുമായി എത്തുകയാണ് ഈ സര്‍പ്പസ്‌നേഹി. ഒന്‍പതാം വയസില്‍ പാമ്പുകളോടും മൃഗങ്ങളോടും പക്ഷികളോടും തുടങ്ങിയ പ്രണയം ഇന്നും കാത്തുസൂക്ഷിക്കുകയാണ് വിജയ് നീലകണ്ഠന്‍ എന്ന തളിപ്പറമ്പുകാരന്‍. കഴിഞ്ഞ ഒന്നാം തിയതി ഉച്ചയോടെയാണ് കൊട്ടിയൂര്‍ മേഖലയിലെ കശുമാവിന്‍ തോട്ടത്തില്‍ രാജവെമ്പാലയെ കണ്ടതായി വനം വകുപ്പിന് വിവരം ലഭിച്ചത്. വനംവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാമ്പ് സംരക്ഷകനായ എം.പി ചന്ദ്രനോടൊപ്പമാണ് വന്യജീവി സംരക്ഷകനും രാജവെമ്പാല ഗവേഷകനുമായ വിജയ് നീലകണ്ഠന്‍ സ്ഥലത്തെത്തുന്നത്. വനം വകുപ്പ് പാമ്പിനെ പിടികൂടി ഉള്‍വനത്തിലേക്ക് വിടാനുള്ള തയാറെടുപ്പിലായിരുന്നു. എന്നാല്‍ കര്‍ണാടകയിലെ ആഗുംബെയില്‍ നേരത്തെ രാജവെമ്പാലകളെകുറിച്ച് പഠനം നടത്തിയിട്ടുള്ള വിജയ് കൂടുകൂട്ടി മുട്ട വിരിയിക്കാനുള്ള രാജവെമ്പാലയുടെ ശ്രമം അത്യപൂര്‍വമായതിനാല്‍ ഇതിന് അവസരമൊരുക്കണമെന്ന അപേക്ഷയുമായെത്തുകയായിരുന്നു. കണ്ടെത്തിയ ഇരുപതോളം മുട്ടകള്‍ വിരിഞ്ഞിറങ്ങിയാല്‍ പ്രദേശത്ത് ഭീതിജനകമായ അന്തരീക്ഷമുണ്ടാകുമെന്നായിരുന്നു നാട്ടുകാരുടെ വാദം. മുട്ട വിരിഞ്ഞിറങ്ങാന്‍ 80 മുതല്‍ 105 ദിവസം വരെ എടുക്കുമെന്നും ഓരോ പത്ത് ദിവസം കൂടുമ്പോഴും സ്ഥലത്തെത്തി നിരീക്ഷണം നടത്തി മുട്ട വിരിയാറാവുമ്പോള്‍ ഉള്‍ക്കാട്ടിലേക്ക് വിരിഞ്ഞിറങ്ങുന്ന പാമ്പുകളെ കൊണ്ടുപോകാമെന്നും വേണമെങ്കില്‍ പ്രദേശത്ത് താമസിച്ച് ഇക്കാര്യം ഉറപ്പുവരുത്താമെന്നുമുള്ള അപേക്ഷ അംഗീകരിച്ചതോടെ മുട്ടകള്‍ വിരിയിക്കാനുളള സാഹചര്യമൊരുങ്ങി. പറശിനിക്കടവ് പാമ്പ് വളര്‍ത്തുകേന്ദ്രത്തില്‍ രാജവെമ്പാല മുട്ട വിരിയിക്കാനുള്ള ശ്രമം കഴിഞ്ഞ വര്‍ഷം നടന്നിരുന്നെങ്കിലും മുട്ടകള്‍ മുഴുവനും നശിച്ചുപോവുകയായിരുന്നു. മുട്ട കണ്ടെത്തിയ സ്ഥലത്തേക്ക് ആളുകള്‍ പോകുന്നതിന് വനം വകുപ്പ് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തം വാഹനം വീടിനു സമമാക്കി വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍ക്കരണത്തിനും ഗവേഷണങ്ങള്‍ക്കുമായി ആഴ്ചകളോളം സഞ്ചരിക്കുന്ന വിജയ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം തന്നെ മാറ്റിവച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."