സാക്ഷരതാ മിഷനിലെ സാങ്കല്‍പിക തസ്തികകള്‍; അന്വേഷണം അട്ടിമറിച്ചു
തിരുവനന്തപുരം: സാക്ഷരതാ മിഷനിലെ സാങ്കല്‍പിക തസ്തികകളില്‍ അധിക വേതനം അനുവദിച്ചതില്‍ അന്വേഷണം വഴിമുട്ടി. അന്വേഷണം നടത്തി ഒരുമാസത്തിനകം കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പൊതുവിദ്യാഭ്യാസ സ്‌പെഷല്‍ സെക്രട്ടറി കെ.വി മുരളീധരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ നിയോഗിച്ചുവെങ്കിലും ഇതുവരെ നടപടിയായില്ല. ധനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് നടത്തിയ അഴിമതിയിലേക്ക് അന്വേഷണം നീങ്ങിയതോടെ മന്ത്രി തോമസ് ഐസക് നേരിട്ട് ഇടപെട്ടാണ് അന്വേഷണം അട്ടിമറിച്ചതെന്ന് ആരോപണമുണ്ട്.
സാക്ഷരതാ മിഷനിലെ 14 ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍, 30 ജില്ലാ അസി. പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ എന്നീ സാങ്കല്‍പിക തസ്തികകളില്‍ 2016 സെപ്റ്റംബര്‍ മുതലാണ് അധിക വേതനം അനുവദിച്ചത്. ജില്ലാ പ്രേരക്മാരായി പ്രവര്‍ത്തിക്കേണ്ടവരെ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ എന്ന സാങ്കല്‍പിക തസ്തികയില്‍ നിയമിച്ച് 14,000 രൂപയില്‍ നിന്ന് 39,500 രൂപ ശമ്പളവും 5,000 രൂപ സ്‌പെഷല്‍ അലവന്‍സും അടക്കം 44,500 രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 2016 സെപ്റ്റംബര്‍ മുതല്‍ ഇതുവരെ 2,05,59,000 രൂപയാണ് ഖജനാവിന് നഷ്ടം. അസി. ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്ററെന്ന 30 സാങ്കല്‍പിക തസ്തികകളില്‍ 32,300 രൂപ അനുവദിച്ചതില്‍ മൂന്നുകോടി 19 ലക്ഷത്തി എഴുപത്തേഴ് ലക്ഷമാണ് നഷ്ടം. മൊത്തം 5. 25 കോടി രൂപയാണ് ഖജനാവില്‍ നിന്ന് ചോര്‍ത്തിയത്. ഈ തസ്തികകളുടെ സമാന തസ്തിക കണ്ടെത്തി നല്‍കാന്‍ സാക്ഷരതാ മിഷന്‍ ധനവകുപ്പിന് കത്തുനല്‍കിയത് 2018 ഒക്ടോബറിലാണ്. ഇക്കാര്യത്തില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
സമാന തസ്തിക കണ്ടുപിടിക്കാന്‍ ഇതുവരെ ധനവകുപ്പിന് കഴിയാത്ത സാഹചര്യത്തില്‍ എങ്ങനെ ഈ തസ്തികകളില്‍ അധിക വേതനം അനുവദിച്ചുവെന്ന് വ്യക്തമല്ല. കൂടാതെ ഈ തസ്തികകളില്‍ അധിക വേതനം അനുവദിച്ച ഉത്തരവില്‍ ഏത് സമാന തസ്തികയിലെന്നും പറഞ്ഞിട്ടില്ല.
സ്ഥാപനങ്ങള്‍ സാങ്കല്‍പിക തസ്തികകള്‍ ഉണ്ടാക്കി ഖജനാവ് മുടിക്കുന്നത് ഇല്ലാതാക്കാനാണ് 2016 ഫെബ്രുവരിയില്‍ അംഗീകൃത തസ്തികകളുടെ പട്ടികയും കുറഞ്ഞ വേതനവും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2005 മുതല്‍ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ എന്ന സാങ്കല്‍പിക തസ്തികയില്‍ ചട്ടവിരുദ്ധമായി ബാങ്ക് അക്കൗണ്ടും അനുവദിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കോടിക്കണക്കിന് രൂപയാണ് ഈ ബാങ്ക് അക്കൗണ്ടുകളിലൂടെ ഒഴുകിയത്. സ്ഥിരപ്പെടുത്തിയ ഉയര്‍ന്ന തസ്തികകളിലാണ് സാധാരണ ബാങ്ക് അക്കൗണ്ട് അനുവദിക്കാറുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ എന്ന സാങ്കല്‍പിക തസ്തികയില്‍ ബാങ്ക് അക്കൗണ്ട് അനുവദിച്ചതും ചര്‍ച്ചയായിട്ടുണ്ട്. സാക്ഷരതാ മിഷന്റെ നിയമാവലിപ്രകാരം ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കേണ്ടത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാരാണ്.
പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ വഴി നടപ്പാക്കുന്ന പദ്ധതികളുടെ ജില്ലാതല സംഘാടനം നടത്തേണ്ട ജില്ലാ പ്രേരക്, ജില്ലാ അസി. പ്രേരക് എന്നീ തസ്തികകളില്‍ അധിക വേതനം നല്‍കാന്‍ യഥാക്രമം ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍, ജില്ലാ അസി. പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ എന്നീ സാങ്കല്‍പിക തസ്തികകളാക്കി മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."