കോട്ടക്കലില്‍ എലിപ്പനി; നഗരസഭയും ആരോഗ്യവകുപ്പും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി
കോട്ടക്കല്‍: കോട്ടക്കലില്‍ ഒരാള്‍ക്ക് എലിപ്പനി ലക്ഷണങ്ങള്‍ കണ്ടതിന്റെയും മഞ്ഞപ്പിത്ത വ്യാപനത്തിന്റെയും സാഹചര്യത്തില്‍ നഗരസഭയും ആരോഗ്യവകുപ്പും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. നഗരസഭയിലെ പ്രളയ ബാധിത പ്രദേശമായ കാവതികളത്താണ് എലിപ്പനിയുടെ രോഗ ലക്ഷണങ്ങള്‍ പ്രകടമായ രോഗിയെ കണ്ടെത്തിയത്.
പ്രാഥമിക ലക്ഷണങ്ങളില്‍ എലിപ്പനിയാണെന്നും എന്നാല്‍ പൂര്‍ണമായി സ്ഥിരീകരിക്കണമെങ്കില്‍ ടെസ്റ്റുകളുടെ റിസല്‍ട്ടിലൂടെ മാത്രമെ കഴിയൂവെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. വില്ലൂര്‍, പാപ്പായി പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം കണ്ടെത്തിയിട്ടുള്ളത്. കാവതികളം, പുത്തൂര്‍ ബൈപ്പാസ് എന്നിവിടങ്ങളില്‍ പ്രളയ ബാധിത പ്രദേശമായിരുന്നു.
ഈ ഭാഗത്തെ കിണറുകള്‍ മുഴുവനായും സൂപ്പര്ക്ലോറിനേഷന് നടത്തി കഴിഞ്ഞു. പരിസരത്തെ വീടുകള്‍ നഗരസഭ-ആരോഗ്യ വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തി. പ്രളയ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം, ദുരിതാശ്വാസ പ്രവര്‍ത്തനം എന്നിവ നടത്തിയവരും, ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവരും, ഈ വെള്ളത്തില്‍ കൂടുതലായി ഇടപെട്ടവരും രോഗ പ്രതിരോധ ഗുളിക നിര്‍ബന്ധമായും കഴിക്കണം.
ഇത്തരം ഗുളികകള്‍ നഗരസഭ, സി.എച്ച്.സി, പ്രത്യേക കേന്ദ്രങ്ങള്‍ വഴിയും വിതരണം ചെയ്യാന്‍ നഗരസഭയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നഗരസഭാ ചെയര്മാന് കെ.കെ നാസര്‍, ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് തൈക്കാട്ട് അലവി, സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ.സയ്യിദ് ഫസല്‍ തങ്ങള്‍, പൊതുമാരാമത്ത് സ്ഥിരംസമിതി ചെയര്‍പെഴ്സണ്‍ ടി.വി സുലൈഖാബി, നഗരസഭാ സെക്രട്ടറി ആര്. മണികണ്ഠന്, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ഷജില്‍ കുമാര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാലകൃഷ്ണന്, കൗണ്‍സിലര്‍മാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."