മണ്ണട്ടാംപാറ ഡാമിന്റെ ഷട്ടര്‍ നിര്‍മാണം അടുത്തമാസം അവസാനത്തില്‍
തിരൂരങ്ങാടി: മൂന്നിയൂര്‍ പഞ്ചായത്തിലെ മണ്ണട്ടാംപാറ ഡാമിന്റെ ഷട്ടര്‍ നിര്‍മാണം ഒക്ടോബര്‍ അവസാനവാരം ആരംഭിക്കും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. തുലാം വര്‍ഷം കഴിയുന്നതോടെ കടലുണ്ടിപ്പുഴയില്‍ വെള്ളം തടഞ്ഞു നിര്‍ത്താന്‍ താല്‍ക്കാലിക തടയണയൊരുക്കിയശേഷമാണ് പ്രവൃത്തി ആരംഭിക്കുക.
73 ലക്ഷം രൂപയിലാണ് ഷട്ടര്‍ നിര്‍മാണം. ബ്ലോക്ക് പഞ്ചായത്ത് നാല്‍പത് ലക്ഷം രൂപയും, ഇറിഗേഷന്‍ വകുപ്പ് 48 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. രണ്ടു കരാറുകാരാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. രണ്ട് റഗുലേറ്റര്‍ ഷട്ടറുകളും, രണ്ട് ലോക്ക് ഷട്ടറുമാണ് ഡാമിനുള്ളത്. മൂന്ന് ഷട്ടറുകള്‍ പൂര്‍ണമായും മാറ്റും. ശേഷിക്കുന്നവ അറ്റകുറ്റപ്പണികള്‍ നടത്തും. കൂടാതെ വിഞ്ച് യൂനിറ്റ്, ഗിയര്‍ ബോക്‌സ്, ഷട്ടര്‍ ഗ്രു എന്നിവ പുതിയത് സ്ഥാപിക്കും. പ്രവൃത്തി തുടങ്ങി രണ്ടുമാസംകൊണ്ട് പൂര്‍ത്തിയാകുമെന്ന് കരാറുകാര്‍ പറഞ്ഞു.
തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളിലെയും, മൂന്നിയൂര്‍, വള്ളിക്കുന്ന്, നന്നമ്പ്ര, എ.ആര്‍ നഗര്‍ തുടങ്ങി പന്ത്രണ്ടോളം പഞ്ചായത്തുകളിലെയും കൃഷി, കുടിവെള്ളം തുടങ്ങിയവക്ക് ഏക ആശ്രയമാണ് കടലുണ്ടിപ്പുഴയിലെ വെള്ളം. കടലില്‍നിന്നും കടലുണ്ടി പുഴയിലൂടെ കാര്‍ഷിക നിലങ്ങളില്‍ എത്തുന്ന ഉപ്പുവെള്ളം തടയാനും, പുഴയുടെ സമീപമുള്ള കിണറുകളിലെ കുടിവെള്ളം സംരക്ഷിക്കാനുമാണ് 1957ല്‍ മണ്ണട്ടാംപാറയില്‍ ഡാം നിര്‍നിച്ചത്. 120 മീറ്ററിലധികം നീളമുള്ള ഡാമിന് മൂന്നു ചാനലുകളിലായി നാല് ഷട്ടറുകളാണുള്ളത്.
വര്‍ഷങ്ങളായി ഷട്ടറിന്റെ കേടുപാടുകള്‍ മൂലം ദുരിതമനുഭവിക്കുകയാണ് കര്‍ഷകരും ജനങ്ങളും. ഉയര്‍ത്തുന്നതിനിടെ ഒരുവര്‍ഷംമുമ്പ് ഒരു ഷട്ടര്‍ തകര്‍ന്നുവീണിരുന്നു. തുടര്‍ന്ന് രണ്ടുമാസം മുന്‍പ് ഇത് ഒലിച്ചുപോവുകയും ചെയ്തു. മറ്റു ഷട്ടറുകള്‍ പ്രവര്‍ത്തന രഹിതമാണ്. ഒലിച്ചുപോയ ഷട്ടറിനുപകരം മണല്‍ചാക്കുകളും, തെങ്ങിന്റെ പാളികളും ചേര്‍ത്ത് അടച്ചാണ് ഉപ്പുവെള്ളം തടഞ്ഞിരുന്നത്. ഈയിടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ വൈകിയതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാകുകയും ഏക്കര്‍കണക്കിന് ഭൂമിയിലെ കൃഷി നശിക്കുകയും ചെയ്തിരുന്നു.
ഓരോവര്‍ഷവും വന്‍തുക ചെലവഴിച്ച് ഖലാസികളെ കൊണ്ടുവന്നാണ് ഷട്ടര്‍ ഉയര്‍ത്താറുള്ളത്.ഇത്തവണ ശക്തമായ ഒഴുക്കിനെത്തുടര്‍ന്ന് ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്താനും തെങ്ങിന്റെ പാളികള്‍ നീക്കം ചെയ്യാനും സാധിക്കാത്തതിനാല്‍ പരിസരപ്രദേശത്ത് പുഴ കരകവിഞ്ഞൊഴുകി പ്രളയം രൂക്ഷമായിരുന്നു. ഡാമിന്റെ സാങ്കേതിക ചുമതല മലമ്പുഴ ഇറിഗേഷന്‍ മെക്കാനിക്കല്‍ ഡിവിഷനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."