ബദിയഡുക്ക ടൗണ്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചു മാറ്റും
ബദിയഡുക്ക: അപകടാവസ്ഥയിലായ ബദിയഡുക്ക ടൗണിലെ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചു മാറ്റാന്‍ നടപടികള്‍ ആരംഭിച്ചു. പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട പരസ്യലേലം ഈ മാസം പത്തിനു ഉച്ചക്ക് രണ്ടിനു മുമ്പായി പഞ്ചായത്ത് ഹാളില്‍ നടക്കും. രണ്ടു ലക്ഷം രൂപയാണ് നിരതദ്രവ്യം നിശ്ചയിച്ചിട്ടുള്ളത്.
കാലപ്പഴക്കം ചെന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഇരുമ്പുകള്‍ ദ്രവിച്ചു കോണ്‍ക്രീറ്റ് പാളികള്‍ ഇളകി വീഴുന്നതു യാത്രക്കാര്‍ക്കും ബസ് സ്റ്റാന്‍ഡിലെ കച്ചവടക്കാര്‍ക്കും ഒരുപോലെ ഭീഷണിയായിരുന്നു. ഇതേ തുടര്‍ന്ന് അപകടം വിളിച്ചോതുന്ന കെട്ടിടം പൊളിച്ചു മാറ്റാന്‍ രണ്ടുവര്‍ഷം മുമ്പ് അധികൃതര്‍ നീക്കം തുടങ്ങുകയും പഞ്ചായത്ത് അധികൃതര്‍ കച്ചവടക്കാരെ കെട്ടിടത്തില്‍നിന്ന് ഒഴിപ്പിക്കുകയുമുണ്ടായി. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ കെട്ടിടം പൊളിച്ചു മാറ്റുന്ന നടപടി നീളുകയായിരുന്നു.
ഇതേ തുടര്‍ന്ന് പൊലിസ് ഇന്റലിജന്‍സ് വിഭാഗം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അപകടാവസ്ഥയെ കുറിച്ച് സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു മാറ്റാന്‍ നീക്കം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."