സദാചാരം രാഷ്ട്രീയത്തില്‍ അന്യമാവുകയാണോ
ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം നേതാവുമായ പി.കെ ശശിക്കെതിരേ ഡി.വൈ.എഫ്.ഐ ജില്ലാ നേതാവായ യുവതി പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ഒരു നടപടിയുമെടുക്കാതെ സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും അനങ്ങാപാറനയം തുടരുകയാണെന്ന വാര്‍ത്ത ഞെട്ടലോടെയല്ലാതെ പൊതുസമൂഹത്തിന് കേള്‍ക്കാതിരിക്കാനാവില്ല. സദാചാരവും സഭ്യതയും രാഷ്ട്രീയത്തില്‍നിന്ന് അന്യംനിന്നുപോകുന്നു എന്നതാണ് ഇത് കാണിക്കുന്നത്. സംസ്ഥാന നേതൃത്വം പരാതി പരിഗണിക്കാത്തതിനാലാണ് യുവതി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയത്. അവര്‍ പി.ബി അംഗമായ വൃന്ദകാരാട്ടിന് ഇത് സംബന്ധിച്ച് പരാതി നല്‍കിയെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അവരില്‍നിന്ന് കാര്യമായ പ്രതികരണങ്ങളൊന്നും ഉണ്ടായില്ല.
യുവതി പാര്‍ട്ടിക്ക് പരാതി നല്‍കിയത് പാര്‍ട്ടി ശക്തമായ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും അനങ്ങാതിരുന്നപ്പോഴാണ് ഇത് പുറംലോകം അറിഞ്ഞത്. ഇത്തരം ക്രിമിനല്‍ കേസുകള്‍ പാര്‍ട്ടി ഓഫിസുകളില്‍ തീര്‍ക്കേണ്ടതാണോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. ക്രിമിനല്‍ കുറ്റങ്ങള്‍ പൊലിസിലാണ് പരാതിപ്പെടേണ്ടത്. പരാതിക്കാരിയായ യുവതി അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ടേനെ. ഇത്തരം കേസുകളില്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്നത് സി.പി.എം പോലുള്ള പാര്‍ട്ടികള്‍ക്ക് ഉചിതമല്ല.
ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ചത് വി.എസ് അച്യുതാനന്ദനാണ് പൊലിസില്‍ പരാതി നല്‍കിയത്. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തതും വൈദികരെ അറസ്റ്റ് ചെയ്തതും. പുറത്തുള്ളവര്‍ക്ക് ഒരു നിയമവും അകത്തുള്ളവര്‍ക്ക് മറ്റൊരു നിയമവും എന്നത് ശരിയല്ല.
രാഷ്ട്രീയ ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്ന് പി.കെ ശശി പറയുന്നുണ്ട്. എങ്കില്‍ അതിന്റെ സത്യാവസ്ഥയും പുറത്ത് വരുമല്ലോ. എം.എല്‍.എ ഫോണിലൂടെ പറഞ്ഞ അശ്ലീല വാക്കുകളുടെ ക്ലിപ്പുകളടക്കമാണ് യുവതി പരാതിയില്‍ നല്‍കിയിരിക്കുന്നത്. താന്‍ ഇതേപ്പറ്റി ഒന്നും അറിയില്ലെന്ന് നേരത്തെ എം.എല്‍.എ പറഞ്ഞുവെങ്കിലും ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞത് മൂന്നാഴ്ച മുന്‍പ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി കിട്ടിയിട്ടുണ്ടെന്നാണ്.
ആറ് മാസം നീണ്ടുനിന്ന അനുരഞ്ജന ശ്രമങ്ങള്‍ക്കൊടുവിലാണ് പി.കെ ശശിക്കെതിരേയുള്ള പരാതി ഉയര്‍ന്നിരിക്കുന്നത്. അനുരഞ്ജന ശ്രമങ്ങള്‍ക്കിടയില്‍ യുവതിക്ക് ഒരു കോടി രൂപയും ഡി.വൈ.എഫ്.ഐയില്‍ ഉയര്‍ന്ന സ്ഥാനവും വാഗ്ദാനം ചെയ്യപ്പെട്ടതായും വാര്‍ത്ത വന്നിരിക്കയാണ്.
2017 ജൂലൈയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ത്രീസുരക്ഷയെക്കുറിച്ച് സര്‍ക്കാരിന്റെ നിലപാട് സംശയത്തിനിടമില്ലാത്തവിധം വ്യക്തമാക്കിയതാണ്. അന്നദ്ദേഹം പറഞ്ഞത് സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും കര്‍ശനമായിത്തന്നെ നേരിടുമെന്നും സ്ത്രീത്വത്തിന് നേരെ നീളുന്ന കരങ്ങള്‍ ഏത് പ്രബലന്റേതായാലും പിടിച്ചുകെട്ടാനും നിയമത്തിന്റെ മുന്നില്‍ എത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങികൊടുക്കാനും സര്‍ക്കാര്‍ ഇടപെടുമെന്നുമാണ്.
സ്ത്രീ സുരക്ഷക്കും സ്ത്രീകള്‍ക്ക് തുല്യ നീതി ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണിതെന്നും പരാതി കിട്ടിയാല്‍ ദാക്ഷിണ്യമില്ലാതെ ഇടപെടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ആ വാക്കുകള്‍ക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ വനിതാ നേതാവ് തന്നെ പാര്‍ട്ടിയിലെ എം.എല്‍.എക്കെതിരേ പരാതി ഉയര്‍ത്തിയിരിക്കുന്ന സന്ദര്‍ഭത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തിന് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കുകയാണ് വേണ്ടത്. മൂന്നാഴ്ച മുന്‍പ് പരാതി കിട്ടിയിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുമ്പോള്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിലക്കെടുത്തില്ല എന്ന ചോദ്യമാണ് സ്വാഭാവികമായി പൊതുസമൂഹത്തില്‍നിന്ന് ഉയരുക. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയമാണ് കേരളത്തെ കഴുകിത്തുടച്ച് കടന്നുപോയത്. അതിഭീകരമായ ഈ അവസ്ഥയെ സമചിത്തതയോടെയും വൈദഗ്ധ്യത്തോടെയും അഭിമുഖീകരിച്ച് രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസക്തിയുടെ ശുഭ്രവസ്ത്രത്തില്‍ തെറിച്ചവീണ ചെളിയായിപ്പോയി അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ സംഭവിച്ച ഈ ലൈംഗികാരോപണം. അതെത്രയും വേഗം കഴുകിക്കളയേണ്ട ബാധ്യത പാര്‍ട്ടിക്കുണ്ട്. കാരണം മുഖ്യമന്ത്രിക്ക് കിട്ടിയ പ്രശംസയുടെ പങ്ക് സി.പി.എമ്മിനും അവകാശപ്പെട്ടതാണല്ലോ. വനിതാ കമ്മിഷനും അതേപോലുള്ള സി.പി.എമ്മിന്റെ ഇതര വനിതാ സംഘടനകളും എം.എല്‍.എയുടെ പ്രവൃത്തിയെ ന്യായീകരിക്കാതെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. പാര്‍ട്ടിക്ക് ലഭിച്ച പരാതി ഡി.ജി.പിക്ക് കൈമാറുകയും വേണം. പാര്‍ട്ടി മറ്റൊരു സമാന്തര കോടതിയാകരുത്. വ്യാജ പരാതിയാണ് നല്‍കിയതെങ്കില്‍ തീര്‍ച്ചയായും അവര്‍ ശിക്ഷിക്കപ്പെടും. പിന്നെയെന്തിന് അത് മൂടിവയ്ക്കണം. രാഷ്ട്രീയ നേതാക്കളെ ജനങ്ങള്‍ ആശങ്കയോടെ വീക്ഷിക്കുന്ന ഒരു കാലത്തെ സി.പി.എം സംഭാവന ചെയ്യരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."