മഹാപൂരത്തിന് കൊടിയിറങ്ങി
തൃശൂര്‍: വര്‍ണക്കാഴ്ചകളുടെ പൂരത്തിന് പരിസമാപ്തി. അടുത്ത മേട മാസത്തിലെ പൂരത്തിന് കാണാമെന്ന് വാഗ്ദാനം നല്‍കി തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു.
വടക്കുനാഥന്റെ ശ്രീമൂലസ്ഥാനത്ത് നടന്ന വികാര നിര്‍ഭരമായ ചടങ്ങിന് ആയിരങ്ങള്‍ സാക്ഷിയായി. തട്ടകക്കാരുടെ പൂരമെന്ന് അറിയപ്പെടുന്ന പകല്‍ പൂരത്തിന് ശേഷമാണ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിയത്. ശേഷം ഭഗവതിമാര്‍ ആറാട്ടിനായി മഠത്തിലേക്ക് പോയി.
പകല്‍ പൂരത്തിന് പാണ്ടിമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു തിരുമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ എഴുന്നള്ളിപ്പ്. തിരുവമ്പാടി വിഭാഗത്തിന് കിഴക്കൂട്ട് അനിയന്‍മാരാരായിരുന്നു മേള പ്രമാണി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ വാദ്യകലാകാരന്‍മാര്‍ പാറമേക്കാവിലും അണിനിരന്നു. പാറമേക്കാവ് ദേവീദാസനായിരുന്നു തിടമ്പേറ്റിയത്. തിരുവമ്പാടിക്ക് വേണ്ടി ചന്ദ്രശേഖരനും തിടമ്പേറ്റി.
ഇതിനു ശേഷമാണ് പ്രതികാത്മകമായി രണ്ടാനകളും തുമ്പികൈ ഉയര്‍ത്തി ഉപചാരം ചൊല്ലിയത്. അടുത്തവര്‍ഷം മേടമാസത്തിലെ പൂരം നക്ഷത്രത്തില്‍ വീണ്ടും കാണാമെന്ന് വാക്കുകൊടുത്ത് ഭഗവതിമാര്‍ പിരിയുന്നതാണ് സങ്കല്‍പം.
36 മണിക്കൂര്‍ നീണ്ടുനിന്ന ആഘോഷം അവസാനിച്ചപ്പോള്‍ സംഘാടരും പൂരപ്രേമികളും ഇരുദേവസ്വങ്ങളും ഒരുക്കിയ പൂരക്കഞ്ഞി കുടിച്ചു മടങ്ങി. പൂരത്തിന് സമാപനം കുറിച്ച് ഇരു ദേവസ്വങ്ങളും വെടിക്കെട്ടും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."