മരടിലെ ഫ്‌ളാറ്റ് സമുച്ചയം: സുപ്രിംകോടതി ഉത്തരവിനെതിരേ റിവ്യൂ ഹരജി നല്‍കും
കൊച്ചി: മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശ പരിപാലനച്ചട്ടം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള സുപ്രിംകോടതി ഉത്തരവിനെതിരേ താമസക്കാരും കെട്ടിട നിര്‍മാതാക്കളും റിവ്യൂ ഹരജി നല്‍കും.
മുത്തേടം കടവിലെ ജെയ്ന്‍ ഹൗസിങ്, നഗരസഭാ ഓഫിസിനടുത്തുള്ള ഹോളി ഫെയ്ത്ത്, നെട്ടൂര്‍ കുണ്ടന്നൂര്‍ കടത്ത് കടവിലുള്ള ആല്‍ഫ വെഞ്ച്വേഴ്‌സ്, കണ്ണാടിക്കാട്ടെ ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ് എന്നിവ പൊളിക്കാനാണ് കോടതിയുടെ ഉത്തരവുള്ളത്. ഒന്നിച്ചും വെവ്വേറെയും റിവ്യൂ ഹരജികള്‍ നല്‍കാന്‍ ഫ്‌ളാറ്റുകളിലെ താമസക്കാര്‍ തമ്മില്‍ ധാരണയായിട്ടുണ്ട്.
കെട്ടിട നിര്‍മിതിയില്‍ അഴിമതിയില്ലെന്നും നിയമപരമായാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും ആല്‍ഫാ വെഞ്ച്വേഴ്‌സ് ഡയരക്ടര്‍ ജെ. പോള്‍ രാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2006ല്‍ പഞ്ചായത്തായിരിക്കെയാണ് തീരദേശ പരിപാലന നിയമപ്രകാരം സോണ്‍ ത്രീയില്‍ വരുന്ന മരടില്‍ കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് ലഭിച്ചത്. പിന്നീട് മുനിസിപ്പാലിറ്റിയായതോടെ ഈ പ്രദേശം സോണ്‍ രണ്ടിലായി. തുടര്‍ന്ന് ഒന്‍പത് മാസങ്ങള്‍ക്കുശേഷം തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ആരോപിച്ച് മരട് നഗരസഭ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്ന് കമ്പനിക്ക് അനുകൂലമായ വിധിയാണ് ലഭിച്ചത്. 2006ല്‍ പെര്‍മിറ്റ് നല്‍കുന്ന സമയം തീരദേശങ്ങളെ വേര്‍തിരിച്ചുകൊണ്ടുള്ള മാപ്പിങ് സംവിധാനമുണ്ടായിരുന്നില്ല.
2012ലാണ് മാപ്പിങ് സംവിധാനം നിലവില്‍വരുന്നത്. 2006ലെ നിയമം അനുസരിച്ച് ചട്ടലംഘനം നടന്നിട്ടില്ല. പുതിയ നിയമം പ്രാബല്യത്തിലില്ലാത്ത കാലത്താണ് കെട്ടിടം പണിയുന്നത്. നിലവിലെ സുപ്രിംകോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കോടതി പൊളിയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ മുന്നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. നിയമം ലംഘിച്ചാണ് നിര്‍മാണമെന്നറിയാതെ 50 ലക്ഷം രൂപ മുതല്‍ ഒരു കോടി വരെ നല്‍കിയാണ് പലരും അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയത്. പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടതിനുശേഷം ഒരു കോടി രൂപ പിഴ ഈടാക്കി ചിലവന്നൂരിലെ ഡി.എല്‍.എഫ് ഫ്‌ളാറ്റിന് ഇളവു നല്‍കിയതിലാണ് ഇവരുടെ പ്രതീക്ഷ. മരട് നഗരസഭ ഒരു മാസത്തിനുള്ളില്‍ ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രിംകോടതി നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."