രക്ഷിതാക്കളുടെ സമ്മതം തേടണമെന്ന് ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ അവരുടെയും രക്ഷിതാക്കളുടെയും സമ്മതം തേടണമെന്ന് ബാലാവകാശ കമ്മിഷന്‍. കുട്ടികളുടെ നിര്‍ധനാവസ്ഥ, സാമ്പത്തിക പിന്നാക്കാവസ്ഥ എന്നിവ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് സമ്മതം വാങ്ങിയിരിക്കണമെന്നാണ് കമിഷന്‍ ഉത്തരവ്. ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധയും കരുതലും പുലര്‍ത്തണമെന്ന് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമിഷന്‍ നിര്‍ദേശിച്ചു.
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍, മാനസിക-ശാരീരിക-ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരായ കുട്ടികള്‍, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ എന്നിവരുടെ പേരുവിവരങ്ങള്‍ നിയമപരമായി പ്രസിദ്ധപ്പെടുത്താന്‍ കഴിയില്ല. കുട്ടികളെ തിരിച്ചറിയാതിരിക്കാനും അതിലൂടെ അവര്‍ക്ക് മനഃപ്രയാസം ഉളവാകാതിരിക്കാനുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. കുട്ടികളെ സഹായിക്കുക എന്ന സദുദ്ദേശ്യത്തോടെ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ചിലരില്‍ മാനസിക ആഘാതം ഉണ്ടാക്കാറുണ്ട്. കുടുംബപശ്ചാത്തലം വിവരിച്ച് സഹായം തേടുന്നതിന് എല്ലാവരും താല്‍പര്യപ്പെടുന്നില്ല. ഇത്തരം കാര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് പ്രസിദ്ധീകരണത്തിന് മുമ്പ് കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും സമ്മതപത്രം വാങ്ങണമെന്ന് നിര്‍ദേശിച്ചത്.
ദരിദ്ര പശ്ചാത്തലത്തില്‍ പഠിച്ച കുട്ടി പരീക്ഷയില്‍ ഉന്നതവിജയം നേടിയെന്ന വാര്‍ത്തയെത്തുടര്‍ന്ന് കുട്ടി ആത്മഹത്യ ചെയ്ത കേസിലാണ് കമിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മാനസികമായി തളര്‍ന്ന കുട്ടി ആത്മഹത്യ ചെയ്തു എന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."