പ്രധാന കണ്ണികള്‍ അഭിഭാഷകര്‍; അന്വേഷണം ഊര്‍ജിതമാക്കി ഡി.ആര്‍.ഐ
തിരുവനന്തപുരം: ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ ) കേരളത്തില്‍ നടത്തിയ ഏറ്റവും വലിയ സ്വര്‍ണവേട്ടയോടനുബന്ധിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സ്വര്‍ണക്കടത്തിനു പിന്നിലെ പ്രധാന കണ്ണികള്‍ തലസ്ഥാനത്തെ രണ്ട് അഭിഭാഷകരെന്ന് ഡി.ആര്‍.ഐ സംഘം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം സ്വര്‍ണവുമായി വിമാനത്തിലെത്തിയ സുനിലിനെയും സെറീനയെയും പ്രതീക്ഷിച്ച് ഇവര്‍ വിമാനത്താവളത്തിനു പുറത്ത് വാഹനങ്ങളില്‍ കാത്തു നിന്നുവെന്നും രണ്ടുപേരും പിടിയിലായതറിഞ്ഞ് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.
രണ്ടുമാസം മുന്‍പാണ് അഭിഭാഷകരിലൊരാള്‍ പിടിയിലായ സുനിലിനും സെറീനക്കും പണം കൊടുത്ത് സ്വര്‍ണക്കടത്തിന് കാരിയര്‍ ആകുന്നതിന് കരാര്‍ ഉറപ്പിച്ചതെന്ന് ഡി.ആര്‍.ഐ പറയുന്നു. രണ്ടു ദിവസം മുന്‍പ് ദുബൈയിലെത്തിയ സുനിലും സെറീനയും അവിടെനിന്ന് സ്വര്‍ണവുമായി ഒമാനിലെത്തുകയും തിരുവനന്തപുരത്തേക്ക് പുറപ്പെടുകയുമായിരുന്നു. അഭിഭാഷകരും ഗുണ്ടകളും ഉള്‍പ്പെടുന്ന വലിയൊരു ശൃംഖല തലസ്ഥാന നഗരം കേന്ദ്രീകരിച്ച് കള്ളക്കടത്ത് നടത്തുന്നുണ്ടെന്നാണ് ഡി.ആര്‍.ഐക്കു ലഭിക്കുന്ന വിവരം. തിങ്കളാഴ്ച രാത്രി ഡി.ആര്‍.ഐ സംഘം അഭിഭാഷകര്‍ക്കായി വഞ്ചിയൂര്‍ കോടതി പരിസരത്ത് അന്വേഷണം നടത്തി. ഇവര്‍ക്കായി പഴുതടച്ച അന്വേഷണമാണ് നടത്തുന്നതെന്ന് ഡി.ആര്‍.ഐ വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, അഭിഭാഷകര്‍ ഉള്‍പ്പെടുന്ന സംഘവും ഇടനിലക്കാര്‍ മാത്രമാണെന്നാണ് നിഗമനം. ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അഭിഭാഷകരും കൂട്ടാളികളും പിടിയിലാകുന്നതോടെ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. കഴിഞ്ഞ ദിവസം 25കിലോ സ്വര്‍ണവുമായി പിടിയിലായ സുനിലും സെറീനയും കള്ളക്കടത്തിന് കാരിയര്‍മാരായി നേരത്തെയും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തു പ്രാവശ്യം ദുബൈയില്‍നിന്ന് സ്വര്‍ണം കടത്തിയെന്ന് സെറീന വെളിപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഏഴുതവണ തിരുവനന്തപുരം വിമാനത്താവളം വഴിയും മൂന്നു തവണ കൊച്ചി വഴിയുമായിരുന്നു സ്വര്‍ണം കടത്തിയത്. സുനില്‍ നേരത്തെ ഒരു പ്രാവശ്യം സ്വര്‍ണം കടത്തിയെന്നാണ് വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."