പുതിയ കുടിവെള്ള വിതരണ ടാങ്കുകള്‍ നിര്‍മിക്കാന്‍ 33 കോടി രൂപയുടെ പദ്ധതി
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജലവിതരണത്തിന് പുതിയ ടാങ്കുകള്‍ നിര്‍മിക്കാന്‍ 33 കോടി രൂപയുടെ അമൃത് പദ്ധതിക്ക് ഭരണാനുമതി നല്‍കിയതായി ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷ്യത വഹിക്കുകയായിരുന്നു അദ്ദേഹം.
എട്ട് പഴയ ഉപരിതല ടാങ്കുകളിലൂടെയാണ് വെള്ളം വിതരണം നടക്കുന്നത്. പുതിയ നാലു ടാങ്കുകള്‍ നിര്‍മിക്കും. രണ്ടാംഘട്ടമായി വിതരണ ശൃംഖല മെച്ചപ്പെടുത്താനുള്ള 44 കോടി രൂപയുടെ പദ്ധതി തയാറായിക്കൊണ്ടിരിക്കുന്നു. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേയുടെ അനുമതി ലഭിച്ചു. പദ്ധതിയിലൂടെ ഈ മാസം പുന്നപ്രയിലും വെള്ളമെത്തിക്കാനാകും.
മാരാരിക്കുളം പഞ്ചായത്തിലും ഉടന്‍ വെള്ളമെത്തിക്കും. തിരുവനന്തപുരം നഗരത്തില്‍ മേയ് 15നുശേഷം കുടിവെള്ള പമ്പിങ് തടസപ്പെടുമെന്ന ഭയപ്പാടുണ്ടായിരുന്നു. എന്നാല്‍ നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം കരമനയാറ്റില്‍ എത്തിച്ച് പമ്പിങ് നടത്താനുള്ള നടപടി വാട്ടര്‍ അതോറിറ്റി സ്വീകരിച്ചു. ജലക്ഷാമം
രൂക്ഷമായ പശ്ചിമകൊച്ചിയില്‍ 15 ദശലക്ഷം ലിറ്റര്‍ വെള്ളമെത്തിക്കാനുള്ള പദ്ധതി ഈ മാസം പൂര്‍ത്തീകരിക്കും.
നിരക്കു കുറവായതിനാല്‍ ജലഅതോറിറ്റി നല്‍കുന്ന വെള്ളം അമൂല്യമല്ലെന്നു കരുതരുത്. ജലം സൂക്ഷിച്ച് മൂല്യത്തോടെ ഉപയോഗിക്കണമെന്നും ജലസാക്ഷരത വേണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."