പിണറായി ഇടതു മുന്നണിയുടെ അവസാന മുഖ്യമന്ത്രി: കെ മുരളീധരന്
വടക്കാഞ്ചേരി: കേരളത്തില്‍ ഇടത് മുന്നണിയുടെ അവസാനത്തെ മുഖ്യമന്ത്രിയായി പിണറായി വിജയന് മാറാന്‍ പോവുകയാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ.മുരളീധരന് പറഞ്ഞു. മുഖമന്ത്രിക്ക് ഉദ്യോഗസ്ഥരുമായി ഒരു ബന്ധവുമില്ല. ജനങ്ങളെ എങ്ങിനെയൊക്കെ ദ്രോഹിക്കാമെന്നാണ് പരീക്ഷണം നടക്കുന്നത്. കോടതികളില്‍ ഒരു സര്‍ക്കാരും ഇതുപോലെ നാണം കെട്ടിട്ടില്ല.
വീരപ്പനെ വനം ഏല്പിക്കുന്നത് പോലെയാണ് എം.എം മണിയെ മൂന്നാര്‍ ഏല്‍പ്പിക്കുന്നത്. കെജരിവാളിനെ പിണറായി ചെന്ന് കണ്ടതോടെ കെജരിവാളിന്റെ കഷ്ടകാലവും ആരംഭിച്ചു. ഇന്ന് ബി.ജെ.പിയിലേക്ക് എങ്ങിനെ ആളെ കൂട്ടാമെന്നാണ് സി.പി.എം ആലോചിക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയെല്ലാം ബി.ജെ.പി ആക്കുകയാണെന്നും മുരളി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്റെ തിരിച്ച് വരവ് രാജ്യം കാത്തിരിക്കുകയാണ്. തോല്‍വികള്‍ കൊണ്ടൊന്നും ഇല്ലാതാകുന്നതല്ല മഹത്തായ കോണ്‍ഗ്രസ് പ്രസ്ഥാനം. മോദിയെ ജനം വെറുത്ത് കഴിഞ്ഞു എങ്കിലും ബി.ജെ.പിക്ക് വിജയമുണ്ടാകുന്നത് മതേതര വോട്ടുകള്‍ ഭിന്നിക്കുന്നത് കൊണ്ടാണ്. ഇത് ഇല്ലാതാക്കണമെന്നും മുരളി ആവശ്യപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, ജില്ലാ പഞ്ചായത്ത് മുന്‍ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന പി.എസ് മോഹന്‍ദാസിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മുരളീധരന്. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന് അധ്യക്ഷനായി. അനില്‍ അക്കര എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ടി.വി ചന്ദ്രമോഹന്, ജോസഫ് ചാലിശ്ശേരി, രാജേന്ദ്രന് അരങ്ങത്ത്, കെ.അജിത് കുമാര്‍, എന്‍.ആര് സതീശന്, എ.എ രാമകൃഷ്ണന്, ലൈജു.സി.എടക്കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജിജോ കുരിയന്‍ സ്വാഗതവും, എന്‍.ആര് രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."