പ്രധാനമന്ത്രിക്കസേരയില്‍ കുറുക്കന്‍ കണ്ണുകള്‍
വോട്ടുപെട്ടി തുറന്നു ഫലം പ്രഖ്യാപിച്ചു കഴിയുന്നതിനു തൊട്ടുപിന്നാലെ അധികാരത്തിലേറാനുള്ള മാജിക് സംഖ്യയൊപ്പിക്കാന്‍ നെട്ടോട്ടമോടിത്തുടങ്ങിയിരിക്കുന്നു ഒട്ടുമിക്ക രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കള്‍. ചര്‍ച്ചകളും കൂടിയാലോചനകളും മുറുകിത്തുടങ്ങി. അഭിപ്രായപ്രകടനങ്ങളും അവകാശവാദങ്ങളും പരസ്യവും രഹസ്യവുമായ കരുനീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.
നരേന്ദ്ര ദാമോദര്‍ മോദി കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയാണെന്നു മമതാ ബാനര്‍ജി നിരീക്ഷിച്ചു കഴിഞ്ഞു. അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ത്യയില്‍ ഉടലെടുത്ത രാഷ്ട്രീയാസ്ഥിരത പ്രത്യയശാസ്ത്ര പിന്‍ബലമില്ലാത്ത അധികാരരാഷ്ട്രീയമെന്ന തലത്തിലേയ്ക്കു വളര്‍ന്ന് ഇന്നും ചുറ്റിക്കറങ്ങുകയാണ്. ഇന്ത്യയുടെ വികസന സാധ്യതകള്‍ വേണ്ടവിധം ഉപയോഗിക്കാനാവാതെ ദുര്‍ബലഭരണകൂടങ്ങള്‍ വന്നുപോയ്‌ക്കൊണ്ടിരുന്നു.
ഇതിനിടയില്‍ കാലിടറിപ്പോയ ജനാധിപത്യശക്തികള്‍ക്ക് അടിയൊഴുക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിനാല്‍, ഒരിക്കലും സംഭവിച്ചുകൂടാനാവാത്തതു സംഭവിച്ചു. ആര്‍.എസ്.എസ് എന്ന തീവ്ര വലതുപക്ഷ ഭീകരപ്രസ്ഥാനത്തിന്റെ കൈകളിലേയ്ക്ക് അധികാരം വന്നു ചേര്‍ന്നു. അങ്ങനെ, അധികാരം ഏല്‍പ്പിച്ചുകൊടുത്തതിന്റെ പാപഭാരത്തില്‍ നിന്നു വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ തലപ്പത്തിരിക്കുന്നവര്‍ക്കു രക്ഷപ്പെടാനാവില്ല.
അധികാരരാഷ്ട്രീയത്തിന്റെ തുടക്കം ഈജിപ്തിലെ നൈല്‍ നദീതീരത്തു നിന്നാണ്. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് അവിടെ കുടിയേറ്റങ്ങളുണ്ടായി. കുടിയേറ്റ ഭൂമിയുടെ വിനിയോഗവും വിനിമയവും രാഷ്ട്രീയ സംഘംചേരലുകള്‍ക്കു വഴിവച്ചു. കൗശലക്കാരും കൈയൂക്കുള്ളവരും നേട്ടം കൊയ്തു. അധികാരം അവരുടെ കൈകളിലെത്തി. അവര്‍ ബഹുമാന്യരായി. വലിയ മന്ദിരത്തില്‍ താമസിക്കുന്നയാള്‍ (ഫറോവ) എന്ന പദവി അങ്ങനെയാണു വന്നുപെട്ടത്.
സമ്പത്തും വിഭവങ്ങളും കൈയടക്കാന്‍ പഴയകാല അധികാരിവര്‍ഗങ്ങള്‍ ശ്രമിച്ചിരുന്നു. അതു പില്‍ക്കാലത്തു കുറയുകയല്ല കൂടുകയാണു ചെയ്തത്. പുതിയ കാലഘട്ടത്തിലും അധികാരമുള്ളവര്‍ക്കും അവരെ ചുറ്റിപ്പറ്റിയുള്ളവര്‍ക്കും അവരുടെ പ്രീതി നേടിയെടുക്കുന്നവര്‍ക്കുമാണ് സമ്പത്തിന്റെയും വിഭവങ്ങളുടെയും അധീശത്വം.
ഇന്ത്യയിലെ സമ്പത്തിന്റെയും വിഭവങ്ങളുടെയും ഇപ്പോഴും 80 ശതമാനവും കൈയടക്കിവച്ചിരിക്കുന്നതും ഉപയോഗിക്കുന്നതും 10 ശതമാനത്തില്‍ താഴെയുള്ള കോര്‍പ്പറേറ്റ് മുതലാളിമാരാണ്. ഇവര്‍ക്ക് അതിന് സാധ്യമാക്കിയത് രാഷ്ട്രീയക്കാരെ പീതിപ്പെടുത്തുന്ന കരുനീക്കങ്ങള്‍ തന്നെ. ജനപക്ഷരാഷ്ട്രീയം മൃതിയടയുകയും പണപക്ഷ രാഷ്ട്രീയം പത്തിവിടര്‍ത്തുകയും ചെയ്യുന്നതാണിപ്പോള്‍ കണ്ടുവരുന്നത്. എബ്രഹാം ലിങ്കനും മഹാത്മജിയും അവരെപ്പോലുള്ള മറ്റു നീതിമാന്മാരും അരങ്ങൊഴിഞ്ഞപ്പോള്‍ ഞെരിഞ്ഞമര്‍ന്നത് ജനപക്ഷനയങ്ങളാണ്.
മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, മായാവതിയുടെ ബി.എസ്.പി, മുലായംസിങ്ങിന്റെയും മകന്റെയും എസ്.പി, ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടി, എം.കെ സ്റ്റാലിന്റെ ഡി.എം.കെ, ബിജുജനതാദള്‍, ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി, കശ്മിരിലെ നാഷനല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും, അരവിന്ദ് കെജ്്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, മുസ്‌ലിം മജ്‌ലിസ്, മുസ്‌ലിം ലീഗ് തുടങ്ങിയ പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെല്ലാം കൂടി നൂറ്റിഅമ്പതിലധികം സീറ്റ് നേടാന്‍ കഴിയുമെന്നാണു രാഷ്ട്രീയനിരീക്ഷക മതം. സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് അണ്ണാരക്കണ്ണനും തന്നാലായതെന്ന മട്ടില്‍ ചെറിയ സംഭാവന നല്‍കാനാകും.
രാജസ്ഥാന്‍, ഛത്തീസ്ഘഡ്, മധ്യപ്രദേശ്, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ നിന്നു കോണ്‍ഗ്രസിനു മികച്ച വിജയം ലഭിക്കുമെന്നാണു കരുതുന്നത്. അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിനു ചെറിയ തോതിലെങ്കിലും ജീവന്‍ തിരിച്ചുപിടിക്കാന്‍ കഴിയും. പല സര്‍വേഫലങ്ങളും വച്ചു നോക്കിയാല്‍ 190-220 സീറ്റ് നേടി കോണ്‍ഗ്രസ് ഒന്നാം പാര്‍ട്ടിയാകും.
ഭരണം നേടാന്‍ അതുകൊണ്ടായില്ല. സമാനമനസ്‌കരായ പാര്‍ട്ടികളുടെ പിന്തുണ യുണ്ടെങ്കിലേ ഭരണത്തിലെത്താന്‍ കഴിയൂ. ആരൊക്കെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ആ ചോദ്യത്തിന് എളുപ്പത്തില്‍ ഉത്തരം കണ്ടെത്താന്‍ കഴിയില്ല. കാരണം, ബി.ജെ.പിയെ താഴെയിറക്കി രൂപീകരിക്കുന്ന സര്‍ക്കാരിനെ നയിക്കേണ്ടത് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ഗാന്ധിയാകണമെന്ന താല്‍പ്പര്യം അത്രയൊന്നും പാര്‍ട്ടികള്‍ക്കില്ല. 'ഞാനാകാം പ്രധാനമന്ത്രി, കോണ്‍ഗ്രസ് വേണമെങ്കില്‍ എന്നെ പിന്തുണയ്ക്കട്ടെ എന്ന നിലപാടിലാണ് മേല്‍പ്പറഞ്ഞ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ മിക്കതിന്റെയും നേതാക്കള്‍.
ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കണമെന്ന് ആത്മാര്‍ഥമായും ആദര്‍ശപരമായും ആഗ്രഹിക്കുകയും അതിന്റെ പൂര്‍ത്തീകരണത്തിനായി അടിയുറച്ചുനില്‍ക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ വിരലിലെണ്ണാവുന്നത്രയേയുള്ളൂ. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഭരണഘടനയും പ്രവര്‍ത്തന ശൈലിയും പരിപൂര്‍ണമായി അറിയാവുന്ന, അവരോടൊപ്പം കൈകോര്‍ത്ത ചരിത്രഭാണ്ഡം പേറുന്ന ചന്ദ്രബാബു നായിഡുവും മായാവതിയും ജനാധിപത്യചേരിക്കൊപ്പം അടിയുറച്ചുനില്‍ക്കുമെന്ന് ഉറപ്പിക്കാന്‍ കഴിയില്ല.
അധികാരവും പണവും തുലാസിന്റെ ഒരു തട്ടിലും ജനാധിപത്യവും മതേതരത്വവും മറ്റൊരു തട്ടിലും വച്ചാല്‍ ജനാധിപത്യ പാര്‍ട്ടിയില്‍ മിക്കതും അധികാരവും പണവും തൂങ്ങുന്നിടത്തു നില്‍ക്കും. ഇത്തവണയും അതു സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല. കപടമായ താല്‍പ്പര്യത്തോടെയുള്ള കാലുമാറ്റ, മുന്നണി മാറ്റങ്ങള്‍ ഇന്ത്യയില്‍ ധാരാളം നടന്നിട്ടുണ്ട്. കാലുമാറ്റ രാഷ്ട്രീയം ഭാരതത്തെ ദുര്‍ബലപ്പെടുത്തിയിട്ടുമുണ്ട്.
മണിപ്പൂരിലും ഗോവയിലും ഗവര്‍ണര്‍ തന്നെ കുതിരക്കച്ചവടത്തിനു നേരിട്ടു നേതൃത്വം നല്‍കി. ആര്‍.എസ്.എസുകാരനായ രാഷ്ട്രപതി രാജനീതിക്കൊപ്പം നിന്നില്ലെങ്കില്‍ തൂക്കു സഭയെ മറികടക്കാന്‍ ആര്‍.എസ്.എസ് നേതൃത്വത്തിനു കഴിഞ്ഞേക്കും. അതു സംഭവിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം എന്തെല്ലാം തന്ത്രങ്ങള്‍ പ്രയോഗിക്കണമെന്നാണ് ജനാധിപത്യപ്രസ്ഥാനങ്ങള്‍ വിശ്വസിക്കേണ്ടത്.
ബി.ജെ.പിയെ ഇന്ത്യ വെറുക്കുന്നു. മോദിയുടെ ഭരണപരാജയം, പകയുടെ രാഷ്ട്രീയം, ധ്രുവീകരണരാഷ്ട്രീയം ഇതെല്ലാം ഇന്ത്യയിലെ ജനങ്ങള്‍ക്കു മനംമടുപ്പും മനോവിഷമവുമുണ്ടാക്കിയിട്ടുണ്ട്. നരേന്ദ്രമോദിയുടെ ശരീരഭാഷപോലും ദുര്യോധന ശൈലിയാണെന്നു തിരിച്ചറിയാത്തവര്‍ കുറയും.
ബി.ജെ.പിക്കു 2014 ല്‍ ലഭിച്ച 31 ശതമാനം വോട്ട് ഇത്തവണ കിട്ടില്ല. 150 മുതല്‍ 180 സീറ്റ് വരെ ചില സര്‍വേകളില്‍ ബി.ജെ.പിക്കു വകവച്ചുകൊടുക്കുന്നുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയചരിത്രം പരിശോധിച്ചാല്‍ ബി.ജെ.പി ഇത്തവണ അതിലും വളരെ പിറകോട്ടുപോകുമെന്നു കണ്ടെത്താനാവുക.
പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചേര്‍ന്നു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഒരു സാധ്യതയാണെങ്കിലും രാജ്യത്തിന്റെ ഒന്നിച്ചുള്ള വളര്‍ച്ചയെ അത് ത്വരിതപ്പെടുത്തില്ല. പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ മത്സരിച്ചു കൈയിട്ടുവാരി ഖജനാവു കൊള്ളയടിക്കുന്ന അവസ്ഥ തുടരും. നികുതിദായകന്റെ ഊരയൊടിയും.
വലിയ മന്ദിരത്തില്‍ പാര്‍ക്കുന്നയാള്‍ (ഫറോവ) എന്ന ബാബിലോണിയന്‍ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളിലൂടെ പുനഃസൃഷ്ടിക്കപ്പെടും. ഓരോ പാര്‍ട്ടികളുടെയും പൊതുഫണ്ടും അവരുടെ ചെലവുകളും പരിശോധിക്കപ്പെടണം. ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുകാലം പാര്‍ട്ടി നേതാക്കള്‍ പൊടിച്ചു കളഞ്ഞതു കോടാനുകോടികളാണ്.
മലപ്പുറം ജില്ലയിലെ ക്വാറി മുതലാളിമാരില്‍നിന്നു കോടികളാണു തോല്‍ക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പിരിച്ചതെന്ന് അതേ മുന്നണിയിലെ മറ്റൊരു സ്ഥാനാര്‍ഥി ചാനല്‍ചര്‍ച്ചയില്‍ പറഞ്ഞത് ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. ഇന്ത്യ ഒന്നിച്ചുവളരണമെങ്കില്‍ രാജ്യത്തെ സമഗ്രമായി കാണുന്ന മനോഭാവവും നയവുമുള്ള പാര്‍ട്ടികളും നേതാക്കളും വേണം. അതു മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കേയുണ്ടാകൂ. പ്രാദേശിക പാര്‍ട്ടികള്‍ക്കും അവയുടെ നേതാക്കള്‍ക്കും കഴിയില്ല.
രണ്ടു പ്രധാന കാര്യങ്ങള്‍ ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്നുണ്ട്. മതന്യൂനപക്ഷങ്ങളും പിന്നാക്കവിഭാഗങ്ങളും ദലിതരും ജനാധിപത്യത്തിന്റെ കാവലാളുകളായി അനിവാര്യഘട്ടങ്ങളില്‍ കടമ നിര്‍വഹിക്കാനുണ്ട് എന്നതാണ് അതിലൊന്ന്. മുന്നാക്ക വിഭാഗങ്ങളിലെ വലിയ ഒരു വിഭാഗവും ജനാധിപത്യ, മതേതര പക്ഷത്ത് ഉറച്ചു നില്‍ക്കുമെന്നതാണ് രണ്ടാമത്തെ കാര്യം. ഇത്തവണ ഈ ഘടകങ്ങള്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ ഏകോപിച്ചിട്ടുണ്ടെന്നാണു തെരഞ്ഞെടുപ്പു ചിത്രം നല്‍കുന്ന സൂചന.
ഇന്ത്യയില്‍ അങ്ങോളമിങ്ങോളം മികച്ച പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. വര്‍ഗീയഭ്രാന്തന്മാരില്‍ നിന്നു ഭാരതം കരകയറണമെന്നു വോട്ടര്‍മാര്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നുറപ്പാണ്. ഭരണമാറ്റം ഭാരതത്തിന്റെ ശീലമാണ്. നല്‍കിയ വാഗ്ദാനങ്ങളിലൊന്നു പോലും ഫലപ്രദമായി നടപ്പാക്കാതെ അടിസ്ഥാനവര്‍ഗത്തെയും കര്‍ഷകരെയും കണ്ണീരു കുടിപ്പിച്ച് അമ്പലരാഷ്ട്രീയം കളിച്ചവര്‍ക്കു തിരിച്ചുവരാന്‍ കഴിയാത്തവിധം രാഷ്ട്രീയപ്രഹരമേല്‍പ്പിക്കാന്‍ വോട്ടര്‍മാര്‍ തയാറായിട്ടുണ്ട്.
മെയ് 23 നു ലോകം ശ്രദ്ധിക്കാന്‍ പോകുന്നതും മറ്റൊന്നാവില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി യൂറോപ്പ് ഉള്‍പ്പെടെയുള്ള എല്ലാ പ്രദേശങ്ങളിലും തീവ്ര വലതുപക്ഷങ്ങളാണു ജയിച്ചുവരുന്നത്. ഫ്രാന്‍സും സ്‌പെയിനും മാത്രമാണ് അതിനൊരപവാദം. കേരളത്തില്‍ നിന്നും തീവ്രവലതുപക്ഷ ഫാസിസ്റ്റുകള്‍ക്കെതിരേയുള്ള, നാടിനും നാട്ടുകാര്‍ക്കും നന്മ പകരുന്ന ശുഭവാര്‍ത്ത കേള്‍ക്കുമെന്ന് ആശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."