നഖ്ബ ദിനത്തില്‍ 'ദാരുണസംഭവ'ത്തിന്റെ ഓര്‍മ പുതുക്കി ഫലസ്തീനികള്‍
റമല്ല: വിശുദ്ധ ഫലസ്തീന്‍ ഭൂമി കൈയേറി അവിടെ ജൂതരാജ്യം സ്ഥാപിച്ചതിന്റെ ഓര്‍മ പുതുക്കലായ നഖ്ബദിനം ഇത്തവണയും കടുത്ത പ്രതിഷേധങ്ങള്‍ കൊണ്ട് ചുവപ്പിച്ച് ഫലസ്തീനികള്‍. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലുമുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി സയണിസ്റ്റ് അധിനിവേശത്തിനെതിരേ പുതുതലമുറയെ ഉത്തേജിപ്പിച്ചു അവര്‍. 1948ല്‍ പിറന്ന നാട്ടില്‍നിന്നും ആട്ടിയോടിക്കപ്പെട്ട ഫലസ്തീനികള്‍ക്ക് ഒരിക്കല്‍ സ്വന്തം രാജ്യം വീണ്ടെടുക്കാനാവുമെന്ന ഓര്‍മപ്പെടുത്തലിനാണ് അവര്‍ നഖ്ബ ദിനമാചരിക്കുന്നത്.
അതേസമയം, ഇസ്‌റാഈലിനിത് സ്വന്തമായി ഒരു രാജ്യം ലഭിച്ചതിന്റെ ആഘോഷദിനമാണ്. യൂറോപ്പിന്റെ പാട്ടുല്‍സവമായ യൂറോവിഷന്‍ ഗാനമല്‍സരത്തിന് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് ഇസ്‌റാഈലാണ്. അതാകട്ടെ സയണിസ്റ്റ് രാജ്യത്തിനുള്ള അംഗീകാരവുമാണ്. അതിനാല്‍ തന്നെ യൂറോവിഷന്‍ ഗാനമല്‍സരത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഇന്നലെ ഫലസ്തീനികള്‍ ഉയര്‍ത്തിയത്. പ്ലക്കാര്‍ഡുകളിലും ബാനറുകളിലും അവരുടെ എതിര്‍പ്പ് നിറഞ്ഞുനിന്നു.
നൂറുകണക്കിന് ഫലസ്തീന്‍ പ്രതിഷേധക്കാരും ഇസ്‌റാഈലി സൈനികരുമായി കിഴക്കന്‍ ഗസ്സ മുനമ്പില്‍ ഇന്നലെ സംഘര്‍ഷമുണ്ടായി. മൂന്നു ഫലസ്തീനികള്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തിയിലെ വേലിക്കരികെ പ്രതിഷേധിച്ചവരെ പിരിച്ചുവിടാനായി ഇസ്‌റാഈല്‍ സൈന്യം കണ്ണീര്‍ വാതകവും റബര്‍ ആവരണമുള്ള സ്റ്റീല്‍ ബുള്ളറ്റുകളും പ്രയോഗിച്ചു.
12 വര്‍ഷത്തിനിടെ അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തിയ 305 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതില്‍ 59 കുട്ടികളും 10 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇത് ഫലസ്തീനികള്‍ക്ക് ദുഃഖത്തിന്റെ ദിവസമാണ്. 71 വര്‍ഷം പിന്നിട്ടു. ഇനിയെങ്കിലും ദൈവം മാതൃരാജ്യത്തേക്കു തിരിച്ചുപോകാന്‍ ഞങ്ങളെ അനുഗ്രഹിക്കുമെന്നു കരുതുന്നു- ഗസ്സ നിവാസിയായ ബക്കര്‍ ഇബ്‌റാഹിം പറഞ്ഞു.
ഇന്നലെ ടെല്‍അവീവില്‍ നൂറോളം ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഇസ്‌റാഈലി ഭരണകൂട ഭീകരതക്കെതിരേ പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ യൂറോവിഷനെ ബഹിഷ്‌കരിക്കുക എന്നെഴുതിയ ബാനറും ഉയര്‍ത്തിപ്പിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."