റെക്കോര്‍ഡ് സ്വപ്നം ബാക്കി; എവറസ്റ്റ് പര്വതാരോഹകന് മരണത്തിനു കീഴടങ്ങി
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോര്‍ഡ് നേട്ടത്തിനായുള്ള പരിശ്രമത്തിനിടെ നേപ്പാള്‍ സ്വദേശി മരണത്തിനു കീഴടങ്ങി. 85കാരനായ മിന് ബഹാദുര്‍ ഷെര്‍ച്ചന്‍ ആണ് റെക്കോര്‍ഡ് നേട്ടത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ മരിച്ചത്.
2008ല്‍ 76-ാം വയസില്‍ ഷെര്‍ചന്‍ സ്വന്തം പേരില്‍ കുറിച്ച റെക്കോര്‍ഡ് 2013ല്‍ 80-ാം വയസില്‍ ജപ്പാനിലെ യുചിറോ മിവുറ മറികടന്നിരുന്നു. ഇതു മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ഷെര്‍ചന്‍ മരിച്ചത്. 81-ാം വയസില്‍ മിവുറയുടെ റെക്കോര്‍ഡ് തിരുത്തിയെഴുതാന്‍ ഷെര്‍ചന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം നീക്കം ഉപേക്ഷിക്കുകയായിരുന്നു. 2015ല്‍ നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിന്റെ സമയത്തും എവറസ്റ്റ് പര്‍വതാരോഹണ ദൗത്യത്തിലായിരുന്നു അദ്ദേഹം.
ഇന്നലെ ഉച്ചയ്ക്കുശേഷം എവറസ്റ്റിന്റെ താഴ്വാരത്താണ് മരണം സംഭവിച്ചതെന്ന് നേപ്പാള്‍ ടൂറിസം അധികൃതര്‍ അറിയിച്ചു. 1960ല്‍ ലോകത്തെ ഏഴാമത്തെ വലിയ കൊടുമുടിയായ നേപ്പാളിലെ തന്നെ ദവാലാഗിരി കയറിയാണ് മിന് ബഹാദുര്‍ ഷെര്‍ചന്‍ തന്റെ സാഹസിക യാത്രക്ക് തുടക്കം കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."