പഴയ പൈപ്പ്‌ലൈനുകള്‍ക്ക് വിട; ജലവിതരണ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നു
കോഴിക്കോട്: ജില്ലയില്‍ ജലവിതരണത്തിന് ആശ്രയിക്കുന്ന പഴയ പൈപ്പ്‌ലൈനുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നു. അമൃത്(ആറ്റല്‍ മിഷന്‍ ഫോര്‍ റിജുവെനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍) പദ്ധതിയുടെ ഭാഗമായാണ് 17.87 കോടി രൂപ ചെലവഴിച്ച് പൈപ്പ്‌ലൈനുകള്‍ മാറ്റിസ്ഥാപിക്കുന്നത്.
2016-17 കാലയളവില്‍ ഇതേ പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയ്ക്ക് 71.13 കോടി അനുവദിച്ചിരുന്നു. ഇതില്‍ 17.87 കോടി രൂപയാണു ജലവിതരണത്തിനായി മാറ്റിവച്ചിരിക്കുന്നത്.
71.13 കോടിയില്‍ 35.65 കോടി കേന്ദ്രഫണ്ടും 21.33 കോടി സംസ്ഥാനഫണ്ടുമാണ്. ബാക്കിതുക കോര്‍പറേഷനാണു നല്‍കുന്നത്. പഴയ പൈപ്പ്‌ലൈനുകളില്‍ കേടുപാടുകളുള്ളതുമൂലം ദിവസേന വലിയ അളവിലുള്ള ജലനഷ്ടമാണ് വാട്ടര്‍ അതോറിറ്റിക്കുണ്ടാകുന്നത്.
ആകെയുള്ള ജലത്തിന്റെ 40 ശതമാനവും ഇങ്ങനെ പാഴായിപ്പോകുകയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 49 ഇടങ്ങളിലായി 246 കിലോമീറ്റര്‍ ഭാഗത്തെ പൈപ്പ് ലൈനാണു മാറ്റിസ്ഥാപിക്കുക. 40 വര്‍ഷത്തോളം പഴക്കമുള്ള പൈപ്പ്‌ലൈനാണ് ഈ സ്ഥലങ്ങളിലെല്ലാമുള്ളത്.
പൈപ്പ്‌ലൈനുകള്‍ മാലിന്യത്തിലൂടെ കടന്നുപോകുന്നതിനാല്‍ പലപ്പോഴും മലിനജലമാണ് ആളുകള്‍ക്കു ലഭിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളില്‍ നിന്നു ലഭിച്ച വെള്ളത്തില്‍ മീനുകള്‍, പാമ്പുകള്‍, എലിയുടെ അവശിഷ്ടങ്ങള്‍, പുഴുക്കള്‍ മുതലായ മാലിന്യങ്ങള്‍ കണ്ട നിരവധി സംഭവവും ഉണ്ടായിട്ടുണ്ട്.
അഞ്ചു വര്‍ഷം മുന്‍പു കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കോടികള്‍ മുടക്കി കുടിവെള്ള പദ്ധതി നടപ്പാക്കിയപ്പോള്‍ 50 വര്‍ഷം മുന്‍പു സ്ഥാപിച്ച പഴയ പൈപ്പ്‌ലൈനുകള്‍ മാറ്റി പുതിയതു സ്ഥാപിക്കേണ്ടതായിരുന്നു. കാലപ്പഴക്കം ചെന്ന പൈപ്പ്‌ലൈനിലൂടെ ഉയര്‍ന്ന മര്‍ദത്തില്‍ വെള്ളം പമ്പ് ചെയ്യുന്നതാണ് പൈപ്പ്‌ലൈനുകള്‍ നിരന്തരം പൊട്ടി ഒഴുകാന്‍ കാരണമാകുന്നത്.
നേരത്തെ, ജപ്പാന്‍ ഇന്റര്‍നാഷനല്‍ കമ്പനി(ജിക്ക)ക്ക് പൈപ്പുകള്‍ നവീകരിക്കാന്‍ കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ നവീകരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അമൃതിലേക്കു പദ്ധതി സമര്‍പ്പിച്ചത്.
അധികം വൈകാതെ തന്നെ പുതിയ പൈപ്പ്‌ലൈന്‍ നിര്‍മാണം തുടങ്ങി നിലവിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."