കോള്‍തുരുത്ത് ഓര്‍മയാകുമോ..?
തളിപ്പറമ്പ്: വളപട്ടണം പുഴയോരത്തെ ജനവാസമുള്ള നാലു തുരുത്തുകളിലൊന്നായ കോള്‍തുരുത്ത് കരയിടിച്ചില്‍ ഭീഷണിയില്‍. മഴക്കാലത്ത് സാധാരണ കരയിടിയാറുണ്ടെങ്കിലും നണിശ്ശേരി പാലത്തിന്റെ നിര്‍മാണത്തോടെയാണ് തുരുത്തിന്റെ വടക്കേ മുനമ്പ് ഭാഗം പുഴയില്‍ അലിഞ്ഞുചേരാന്‍ തുടങ്ങിയത്.
20 വര്‍ഷം മുന്‍പ് 80 ഏക്കറോളം വിസ്തീര്‍ണമുണ്ടായിരുന്ന ദ്വീപ് ഇപ്പോള്‍ 60 ഏക്കറായി ചുരുങ്ങിയിരിക്കുകയാണ്. 3.5 കിലോമീറ്റര്‍ ചുറ്റളവുള്ള ദ്വീപിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് മാത്രമാണ് സംരക്ഷണഭിത്തി കെട്ടിയിട്ടുള്ളത്. ഈ വര്‍ഷമുണ്ടായ കനത്തമഴയില്‍ കുത്തിയൊലിച്ചുവന്ന വെള്ളത്തില്‍ 300 ചതുരശ്രമീറ്ററിലേറെ കരഭാഗമാണ് ഇടിഞ്ഞത്. പലഭാഗങ്ങളിലെയും തെങ്ങുകളും മരങ്ങളും പുഴയില്‍ ഒലിച്ചുപോയി.
ഇടിയാറായ ഭാഗങ്ങളിലെ മരങ്ങള്‍ വടങ്ങള്‍ ഉപയോഗിച്ച് കെട്ടി നിര്‍ത്തിയിരിക്കുകയാണ്. പുഴയോരത്തു കൂടി കടന്നുപോകുന്ന റോഡിനും കരയിടിച്ചില്‍ ഭീഷണിയാകുന്നുണ്ട്.
ഈ സ്ഥിതി തുടര്‍ന്നാല്‍ വളപട്ടണം പുഴയില്‍ പറശ്ശിനിക്കടവ് പാലത്തിന് സമീപത്തായുണ്ടായിരുന്ന 20 ഏക്കര്‍ വരുന്ന ജനവാസമില്ലാത്ത തുരുത്ത് ഇടിഞ്ഞ് പുഴയില്‍ ലയിച്ചതുപോലെ കോള്‍തുരുത്തിയും നശിക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. എന്‍പതോളം കുടുംബങ്ങളിലായി നാന്നൂറിലേറെ ആളുകളാണ് കോള്‍തുരുത്തിയില്‍ അതിവസിക്കുന്നത്.
ഈ സാഹചര്യത്തില്‍ അടിയന്തരമായി കോള്‍തുരുത്തിയിലെ വടക്കേ മുനമ്പില്‍ 400 മീറ്റര്‍ സംരക്ഷണഭിത്തി കെട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."