ടെലികോം ഭീഷണി; യു.എസില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടണ്‍: ടെലികോം മേഖലയിലെ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് യു.എസില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടിയന്തരാവസ്ഥക്കായുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. യു.എസ് കമ്പനികള്‍ക്ക് വിദേശ ടെലികോമുകളെ ഉപയോഗിക്കുന്നതിനെ തടഞ്ഞുള്ളതാണ് ഉത്തരവ്. ടെലികോം ഭീഷണിയെ തുടര്‍ന്ന് ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.
രാജ്യത്തെ ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജികള്‍ സംരക്ഷിക്കാനാണ് പുതിയ നടപടി. കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി മേഖല വിദേശ ശത്രുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനെയും ചൂഷണം ചെയ്യുന്നതിനെയും സംരക്ഷിക്കേണ്ടതുണ്ട്. അടിയന്തരാവസ്ഥയിലൂടെ ദേശീയ സുരക്ഷക്ക് ഭീഷണിയാവുന്ന ഇടപെടലുകളെ തടയാനുള്ള അധികാരം വാണിജ്യ സെക്രട്ടറി നല്‍കുമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു.
ഏതെങ്കിലും പ്രത്യേക കമ്പനിയുടെ സുരക്ഷാ ഭീഷണി സംബന്ധിച്ച് ഉത്തരവില്‍ പ്രതിപാദിക്കുന്നില്ലെങ്കിലും ചൈനീസ് ടെലികോം ഭീമന്മാരായ വാെവയെ ലക്ഷ്യമാക്കിയുള്ളതാണ് പുതിയ ഉത്തരവെന്നാണ് വിലയിരുത്തല്‍.
തങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിലൂടെ യു.എസിലെ ഉപഭോക്താക്കളെയും മറ്റു കമ്പനികളെയുമാണ് ബാധിക്കുകയെന്ന് വാവെ പ്രതികരിച്ചു. കമ്പനി യാതൊരു ഭീഷണിയും ഉയര്‍ത്തുന്നില്ല. ചൈനീസ് സര്‍ക്കാരില്‍ സ്വതന്ത്രമായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലൂടെ യു.എസിനെ സുരക്ഷിതമാക്കാനോ കരുത്തുള്ളതാക്കാനോ സാധിക്കില്ലെന്ന് വാെവ പറഞ്ഞു. സുരക്ഷക്ക് ഭീഷണിയാവുന്ന പ്രവര്‍ത്തനങ്ങള്‍ വാവെ കമ്പനി നടത്തുന്നുണ്ടെന്ന് യു.എസ് സഖ്യകക്ഷി രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൂടാതെ 5ജി നെറ്റ്‌വര്‍ക്കുകള്‍ നല്‍കുന്നതില്‍ നിന്ന് വാവെയെ ചില രാജ്യങ്ങള്‍ നിരോധിച്ചിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കലിലൂടെ ട്രംപിന് ടെലികോം മേഖലയില്‍ പ്രത്യേക അധികാരം ലഭിക്കും. അഞ്ചോളം അടിയന്തരാവസ്ഥ യു.എസില്‍ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസിലെ തെക്കന്‍ അതിര്‍ത്തിയിലെ അടിയന്തരവാസ്ഥയാണ് ഇതിന് മുന്‍പ് പ്രഖ്യാപിച്ചത്.
അതിനിടെ വാവെയെയും 70 അനുബന്ധ കമ്പനികളെയും യു.എസ് വ്യാപാര കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. യു.എസ് സ്റ്റേറ്റ് വാണിജ്യ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ യു.എസ് കമ്പനികളില്‍ നിന്ന് പാര്‍ട്‌സുകളോ മറ്റു ഉപകരണങ്ങളോ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് വാങ്ങണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വാങ്ങണം. ഉത്തരവ് വരും ദിവസങ്ങളില്‍ പ്രാബല്യത്തില്‍ വരും. യു.എസ് ടെക്‌നോളജി വാങ്ങണമെങ്കില്‍ വാവെക്ക് സര്‍ക്കാര്‍ ലൈസന്‍സ് ആവശ്യമാണ്. ദേശീയ സുരക്ഷയെയും വിദേശ നയത്തെയും ദുര്‍ബലപ്പെടുത്തുന്ന വിദേശ കമ്പനികള്‍ യു.എസ് ടെക്‌നോളജി ഉപയോഗിക്കുന്നതിനെ തടയാനാണ് ഈ നടപടിയെന്ന് വാണിജ്യ സെക്രട്ടറിയെന്ന് വില്‍ബര്‍ റോസ് പറഞ്ഞു. വ്യാപാര കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് പ്രതികരിക്കാന്‍ വാവെ തയാറായിട്ടില്ല.
എന്നാല്‍ യു.എസ് നടപടിക്കെതിരേ ശക്തമായ വിമര്‍ശനവുമായി ചൈന രംഗത്തെത്തി. തങ്ങളുടെ കമ്പനികളെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഗോ ഫെങ് പറഞ്ഞു. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലൂടെ ഏകപക്ഷീയ നടപടിയാണ് യു.എസ് സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ സുരക്ഷയെ ദുരുപയോഗം ചെയ്യരുതെന്നുള്ള ചൈനയുടെ നയം. വ്യാപാരം സംരക്ഷിക്കാനായി ദേശീയ സുരക്ഷയെ ഉപയോഗിക്കരുത്.തങ്ങളുടെ കമ്പനികളുടെ അവകാശങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."