സ്റ്റിമാച്ച് പണി തുടങ്ങി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകനായി ചുമതലയേറ്റതിന്റെ ചൂടാറും മുന്‍പേ തന്നെ ഇഗോര്‍ സ്റ്റിമാച്ച് പണി തുടങ്ങി.
തായ്‌ലന്‍ഡില്‍ നടക്കുന്ന കിങ്‌സ് കപ്പിനു മുന്നോടിയായി പരിശീലന ക്യാംപിലേക്കുള്ള 37 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച ഇഗോര്‍ സ്റ്റിമാച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷയാണ് നല്‍കുന്നത്. സീസണില്‍ ഫോമില്ലാതെ അലഞ്ഞവരെയും പരുക്കിന്റെ പിടിയിലുള്ള താരങ്ങളെയും പുറത്തിരുത്തിയ സ്റ്റിമാച്ച് തകര്‍പ്പന്‍ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ സഹല്‍ അബ്ദു സമദും ജോബി ജസ്റ്റിനും ടീമിലുള്‍പ്പെട്ടിട്ടുണ്ട്. ജൂണ്‍ അഞ്ചിന് ആരംഭിക്കുന്ന കിങ്‌സ് കപ്പാണ് സ്റ്റിമാച്ചിന്റെ ആദ്യ അഗ്നിപരീക്ഷ. ഈ മാസം 20 മുതലാണ് ഡല്‍ഹിയില്‍ പരിശീലന ക്യാംപ് തുടങ്ങുന്നത്.
ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും പ്രകടനങ്ങള്‍ കൂടി പരിഗണിച്ചാണ് ടീമിനെ തിരഞ്ഞെടുത്തത്. ചില കളിക്കാരുടെ പ്രകടനം തന്നെ ഏറെ ആകര്‍ഷിച്ചതായും സ്റ്റിമാച്ച് വ്യക്തമാക്കി.
ശസ്ത്രക്രിയക്കു വിധേയനായ ശേഷം വിശ്രമിക്കുന്ന സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെഖ്യുലയെ ടീമിലേക്കു സ്റ്റിമാച്ച് പരിഗണിച്ചിട്ടില്ല. കാല്‍മുട്ടിന് പരുക്കേറ്റ മലയാളി താരം ആഷിഖ് കുരുണിയന്‍, ഹാലിചരണ്‍ നര്‍സാരി, നരേന്ദര്‍ ഗെലോട്ട്, മന്ദര്‍റാവു ദേശായ്, ജെറീ ലാല്‍റിന്‍സുവാല എന്നിവരെയും പരുക്കിനെ തുടര്‍ന്ന് കോച്ച് ഒഴിവാക്കുകയായിരുന്നു. കിങ്‌സ് കപ്പിനു ശേഷം ജൂലൈയില്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലും ഇന്ത്യന്‍ ടീം കളിക്കുന്നുണ്ട്.
ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, വിശാല്‍ കെയെത്, അമരീന്ദര്‍ സിങ്, നാരായണ്‍ ദാസ്.
പ്രതിരോധം: പ്രിതം കോട്ടാല്‍, നിഷു കുമാര്‍, രാഹുല്‍ ബേക്കെ, സലാം രഞ്ജന്‍ സിങ്, സന്ദേശ് ജിങ്കന്‍, ആദില്‍ ഖാന്‍, അന്‍വര്‍ അലി, സുഭാസിശ് ബോസ്, നാരായണ്‍ ദാസ്.
മധ്യനിര: ഉദാന്ത സിങ്, ജാക്കിചന്ദ് സിങ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, അനിരുദ്ധ് ഥാപ, റെയ്‌നിയര്‍ ഫെര്‍ണാണ്ടസ്, ബിക്രംജിത് സിങ്, ഥന്‍പാല്‍ ഗണേഷ്, പ്രണോയ് ഹാള്‍ഡര്‍, റൗളിന്‍ ബോര്‍ജസ്, ജെര്‍മന്‍പ്രീത് സിങ്, വിനീത് റായ്, സഹല്‍ അബ്ദുല്‍ സമദ്, അമര്‍ജിത് സിങ്, റെദീം ത്‌ലാങ്, ലാലിയന്‍സുല ചാങ്‌തെ, നന്ദ കുമാര്‍, കൊമാള്‍ തട്ടാല്‍, മൈക്കിള്‍ സൂസൈരാജ്.
മുന്നേറ്റം: ബല്‍വന്ദ് സിങ്, സുനില്‍ ഛേത്രി, ജോബി ജസ്റ്റിന്‍, സുമീത് പസ്സി, ഫറൂഖ് ചൗധരി, മന്‍വീര്‍ സിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."