ഹത്രാസ് ബലാത്സംഗക്കൊല: രാജ്യമെങ്ങും പ്രതിഷേധം കത്തുന്നു; ചന്ദ്രശേഖര്‍ വീട്ടു തടങ്കലില്‍; മാതാവിനൊപ്പം വീട്ടില്‍ ധര്‍ണയിരുന്ന് ഭീം ആര്‍മി നേതാവ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസ് കൂട്ടബലാത്സംഗക്കൊലയില്‍ രാജ്യമെങ്ങും പ്രതിഷേധം കത്തുന്നു. കോണ്‍ഗ്രസ്, ഇടതു സംഘടനകള്‍, ഭീം ആര്‍മി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. യു.പി ഭവന് മുന്നിലും ഇന്ത്യാ ഗേറ്റിന് മുന്നിലും കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധങ്ങള്‍ നടന്നു.
അതിനിടെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ് യു.പി പൊലിസ്. ട്വിറ്റര്‍ വഴി അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. എന്നാല്‍ പോരാട്ടം ശക്തമായി തന്നെ തുടരുമെന്ന നിലപാടിലാണ് രാവണ്‍. സഹാരന്‍പുരിലെ വീട്ടിലാണ് ഇപ്പോള്‍ അദ്ദേഹം.
'നമ്മുടെ സഹോദരിയെ കുടുംബത്തിന്റെ അഭാവത്തില്‍, അവരുടെ സമ്മതമില്ലാതെ അര്‍ധരാത്രിയില്‍ പൊലീസ് സംസ്‌കരിച്ചതെങ്ങനെയാണെന്ന് ലോകം മുഴുവന്‍ കണ്ടു. സര്‍ക്കാരിന്റെയും പൊലീസിന്റെയും ധാര്‍മികത മരിച്ചു. ബുധനാഴ്ച രാത്രിയോടെ എന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സഹാരന്‍പുരിലെ വീട്ടില്‍ തടങ്കലിലാക്കുകയും ചെയ്തു. എങ്കിലും ഇതിനെതിരെ പോരാടും' -ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു.
माँ के साथ मैं घर पर ही धरने पर बैठा हूँ, अन्याय बर्दाश्त नहीं किया जाएगा। उत्तरप्रदेस में दलितों के साथ अन्याय किया जा रहा है अब तक अपराधियों को संरक्षण और अमानवीय कृत्य करने वाले हाथरस के झूठे DM और एसएसपी को हटाया नही है ऐसे नालायक लोगों से न्याय की उम्मीद कैसे की जा सकती है। pic.twitter.com/FtQ3cbrOCO
— Chandra Shekhar Aazad (@BhimArmyChief) October 1, 2020
ചൊവ്വാഴ്ച പെണ്‍കുട്ടി ഡല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ചതിന് ശേഷം രാജ്യ തലസ്ഥാനം നിരവധി പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ബന്ധുക്കളുടെ സമ്മതമില്ലാതെ അര്‍ധരാത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം യു.പി പൊലിസ് സംസ്‌കരിച്ചതിനെതിരെയും പ്രതിഷേധം ശക്തമായി.
ബുധനാഴ്ച രാവില യു.പി ഭവന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഇടതു സംഘടന പ്രവര്‍ത്തകരെയും പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
നിരോധനം ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിനും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ തടിച്ചുകൂടിയതിനുമാണ് പ്രവര്‍ത്തകരെ നീക്കം ചെയ്തതെന്നാണ് പൊലിസ് പറയുന്നത്. കസ്റ്റഡിയില്‍ എടുത്തവരില്‍ കൂടുതലും വിദ്യാര്‍ഥികളും സ്ത്രീകളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."