കാസര്‍കോടിനും വേണം അതിവേഗ റെയില്‍പ്പാത അതിവേഗ റെയില്‍പ്പാത മംഗളുരുവരെ നീട്ടാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും: ചെന്നിത്തല
'കാസര്‍കോടിനെ അവഗണിച്ചത് അംഗീകരിക്കാന്‍ കഴിയില്ല'
കാസര്‍കോട്: അതിവേഗ റെയില്‍പ്പാതയില്‍ കാസര്‍കോടിനെ അവഗണിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മംഗളുരുവരെ നീട്ടാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് നിന്നു കണ്ണൂര്‍ വരെ മാത്രം അതിവേഗ റെയില്‍പ്പാത നടപ്പാക്കുന്നതിനോടു യോജിക്കാന്‍ കഴിയില്ല. പിന്നാക്ക ജില്ലയായ കാസര്‍കോടിനെ കൂടി പരിഗണിച്ചു മംഗളൂരു വരെ പാത നീട്ടണം. പാത മംഗളൂരു വരെ നീട്ടിയാല്‍ പിന്നാക്ക ജില്ലയായ കാസര്‍കോടിന്റെ വികസനത്തിന് അതു മുതല്‍കൂട്ടാകും. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രഭാകരന് കമ്മിഷനെ നിയമിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ കാസര്‍കോടിനെ വികസന പാതയിലേക്കെത്തിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം അട്ടിമറിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ ശ്രമമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
തീവ്രവാദത്തിന്റെ പേരില്‍ മുസ്ലിം സമുദായത്തെ സംശയ ദൃഷ്ടിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതു ശരിയല്ല. ഇത്തരം നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജില്ലയില്‍ നിന്നും സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളില്‍ നിന്നും കാണാതായവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും ഇതിനു പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."