അന്വേഷണ റിപ്പോര്‍ട്ടില്‍ ടിക്കാറാം മീണക്ക് അതൃപ്തി
തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട് അന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണക്ക് അതൃപ്തി.
ജനാധിപത്യത്തില്‍ ഭയരഹിതമായി വോട്ട് ചെയ്തുവെന്ന വിശ്വാസം നിലനിര്‍ത്തേണ്ടതുണ്ട്. അതിനാല്‍ പോസ്റ്റല്‍ ബാലറ്റിനെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം വേണമെന്നും അതൃപ്തിയറിച്ച് ഡി.ജി.പി.ക്ക് എഴുതിയ കത്തില്‍ മീണ വ്യക്തമാക്കി.
ഒരു പൊലിസ് ഉദ്യോഗസ്ഥന്റെ വാട്‌സ്ആപ്പ് സന്ദേശം മാത്രം ഉപയോഗിച്ചുള്ള അന്വേഷണം മതിയാകില്ല. വിതരണം ചെയ്ത എല്ലാ പോസ്റ്റല്‍ ബാലറ്റിനെക്കുറിച്ചുമുള്ള സമഗ്രമായ അന്വേഷണം വേണമെന്നുമാണ് കത്തില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥനിലേക്ക് മാത്രമാണ് അന്വേഷണം ചുരുങ്ങിയിരിക്കുന്നത്. ഒരു പൊലിസ് ഉദ്യോഗസ്ഥന്റെ ശബ്ദസന്ദേശവുമായി ബന്ധപ്പെട്ട് മൂന്ന് പോസ്റ്റല്‍ ബാലറ്റുകളെക്കുറിച്ചുള്ള അന്വേഷണം മാത്രമാണ് നടന്നിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ ആക്ഷേപങ്ങള്‍ ദൂരീകരിക്കുന്ന തരത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് വേണ്ടതെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
അതേസമയം, റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഈ മാസം 15 വരെ സമയം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."