ഫോണിലേക്ക് അസമയത്ത് വിളി വേണ്ട
തിരുവനന്തപുരം: അസമയത്തും നിസാര കാര്യങ്ങള്‍ക്കും കീഴുദ്യോഗസ്ഥര്‍ തന്റെ ഫോണിലേക്ക് വിളിക്കരുതെന്ന് ആവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖ വീണ്ടും സര്‍ക്കുലര്‍ ഇറക്കി.
ജയില്‍ ഡി.ജി.പിയായി ചുമതലയേറ്റയുടനെയും ഇത്തരത്തില്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഓഫിസ് സമയത്ത് അല്ലാതെ തന്റെ ഫോണില്‍ വിളിക്കരുതെന്നും നേരിട്ടുള്ള വിളി ഒഴിവാക്കണമെന്നും മേലുദ്യോഗസ്ഥര്‍ വഴി മാത്രമേ വിളിക്കാവൂവെന്നുമായിരുന്നു സര്‍ക്കുലര്‍.
നേരിട്ട് വിളിച്ച ചില ഉദ്യോഗസ്ഥരെ ജയില്‍ പരിശീലന കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍, ഔദ്യോഗിക ഫോണില്‍ വിളിക്കരുതെന്ന് ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് വാദിച്ച ഉദ്യോഗസ്ഥര്‍ സര്‍ക്കുലര്‍ തള്ളി. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 8ന് ജയില്‍ മേധാവി രണ്ടാമതും സര്‍ക്കുലര്‍ ഇറക്കി. ജയിലില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ ജയില്‍ ചുമതലയുള്ള ഉദ്യോഗസ്ഥനെയോ മേഖലാ ഡി.ഐ.ജിയെയോ ആണ് വിളിക്കേണ്ടതെന്നും ഇവര്‍ മാത്രമേ തന്നെ വിളിക്കാന്‍ പാടുള്ളൂവെന്നുമായിരുന്നു സര്‍ക്കുലര്‍.
ഗുരുതരമായ ക്രമസമാധാന പ്രശ്‌നം, ജയില്‍ചാട്ടം, തടവുകാരുടെ ഗുരുതരമായ രോഗം, മരണം എന്നിവയാണ് അടിയന്തര സാഹചര്യമായി സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, തടവുകാരുടെ അകമ്പടിക്ക് പൊലിസുകാരെ കിട്ടുന്നില്ലെന്നും മറ്റുമുള്ള നിസാര പരാതികളുമായി വീണ്ടും ജയില്‍ മേധാവിക്ക് ഫോണുകള്‍ എത്തി. അസി. പ്രിസണ്‍ ഓഫിസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് മേലുദ്യോഗസ്ഥരെയോ പ്രിസണ്‍ കണ്‍ട്രോള്‍ റൂമിലോ അറിയിക്കാതെ ഡി.ജി.പിയെ അര്‍ധരാത്രി ഫോണില്‍ വിളിച്ചത്. തടവുകാരുടെ അസുഖത്തെക്കുറിച്ച് വിശദീകരിക്കാനായും ചിലര്‍ വിളിച്ചു.
അസമയത്ത് വിളിക്കുന്നതിനെക്കുറിച്ച് ചോദിച്ചാല്‍ നിവൃത്തികേടുകൊണ്ടാണെന്നാണ് കീഴുദ്യോഗസ്ഥരുടെ മറുപടി. ഇതോടെ വീണ്ടും സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു. ഫോണ്‍വിളി മാത്രമല്ല, നിവൃത്തികേടുകൊണ്ടാണ് വിളിക്കുന്നതെന്ന രീതിയിലുള്ള സംസാരവും വേണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."