മഹാത്മാവേ, പൊറുക്കുക
ഗാന്ധിജി പിറന്ന ദിനം ഗാന്ധിജിയെ വധിച്ചതിന്റെ ഓര്‍മകളിലേക്ക് ഇന്ത്യക്കാരെ കൊണ്ടുപോകുന്നത് ഒരുവേള വിധിയായിരിക്കാം. ഗാന്ധി വധത്തിനു ശേഷം ഇന്ത്യയില്‍ നടന്ന നിഷ്ഠുരമായ സംഭവം ബാബരി മസ്ജിദ് തകര്‍ത്തതായിരുന്നു. അതിന്റെ സൂത്രധാരകര്‍ നിരപരാധികളാണെന്ന് വരുന്നതോടെ ഗാന്ധിജി വീണ്ടും വധിക്കപ്പെടുന്നു.
ഗാന്ധിജി ഇന്നുണ്ടായിരുന്നെങ്കില്‍, വിഭജനത്തിനു ശേഷം പാകിസ്താന് കൊടുക്കാനുള്ള തുക കൊടുക്കണമെന്ന് പറഞ്ഞതിന് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുമായിരുന്നു നമ്മുടെ ഭരണകൂടം.
ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥുറാം ഗോഡ്‌സെ ഒരു ദേശസ്‌നേഹിയാണെന്ന് പരസ്യമായി പറഞ്ഞ പ്രജ്ഞാ സിങ് ഠാക്കൂര്‍ ഇപ്പോഴും പാര്‍ലമെന്റ് അംഗമായി തുടരുന്ന ഒരു രാജ്യത്ത് നിന്നാണ് നാം മതേതര മൂല്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. ഗാന്ധിജിയുടെ ചിത്രത്തില്‍ പൂജാ ശകുന്‍ പാണ്ഡെ പ്രതീകാത്മകമായി വെടിവയ്ക്കുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ഗാന്ധി സ്മരണാ ദിനത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ഓര്‍ക്കുക.
തീവ്രഹിന്ദുത്വവാദികള്‍ സൂറത്തില്‍ ഗോഡ്‌സെയുടെ പ്രതിമയുണ്ടാക്കുന്നു. ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന ഒരു നാട്ടില്‍ നിന്ന്, കൊവിഡ് മഹാമാരിയെപ്പോലും മറയാക്കി പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരത്തിന് നേതൃത്വം നല്‍കിയവരെ ജയിലറകളില്‍ അടച്ചിടുന്ന ഒരു രാജ്യത്ത് നിന്ന്, വാഴുന്നവന്റെ കൈകള്‍ക്ക് വളകളിടുവിക്കുവാന്‍ നിയമങ്ങള്‍ ഇഴകീറി വ്യാഖ്യാനിക്കുന്നവര്‍ പോലും ഓടിവരുന്ന ഇക്കാലത്ത് ഗാന്ധിജിയുടെ വാക്കുകള്‍ വീണ്ടും വീണ്ടും നാം ഓര്‍ക്കുക. 'തെറ്റു ചെയ്യുന്നവര്‍ക്ക് സഹായകരമായ വിധി പറയാന്‍ വേണ്ടി സത്യത്തിന്റെ മാനദണ്ഡത്തിന് തലനാരിഴയുടെ കുറവ് പോലും നമുക്ക് വരുത്താതിരിക്കുക'.
ഗുജറാത്തിലെ സ്‌കൂളുകളില്‍ വിതരണം ചെയ്ത പുസ്തകത്തില്‍ ഗാന്ധിജിയുടെ അന്ത്യം ഒരു സ്വാഭാവിക മരണമായാണ് വിവരിച്ചിട്ടുള്ളത്.
ഇനി എന്തെല്ലാം മാറി മറിഞ്ഞു വരും? ഗോഡ്‌സെ ഗാന്ധിജിയെ രക്ഷിക്കാനാണ് പോയതെന്ന് നാളെ നമ്മുടെ കുട്ടികള്‍ പഠിച്ചുകൂടായ്കയില്ല.
സൈനിക വേഷമണിഞ്ഞ നാഥുറാം ഗോഡ്‌സെ കൈകൂപ്പുകയും ഗാന്ധിജിയുടെ കാല് തൊട്ട് വന്ദിക്കുകയും ചെയ്തത് ഗാന്ധിജിയുടെ രക്ഷകനായതിനാലാണെന്ന് നാളെ ആരെങ്കിലും ഉന്നതങ്ങളില്‍ നിന്ന് തീര്‍പ്പുകല്‍പിച്ചു കൂടായ്കയില്ല.
തോക്കിന്‍ കുഴലുകളെയും പട്ടാള ബൂട്ടുകളെയും സ്വന്തം ഇച്ഛാശക്തി കൊണ്ട് നേരിട്ട് ഒരു ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാന്മാ ഗാന്ധി പിറന്ന ഇന്ത്യയില്‍, വംശവെറിയന്‍ ഭരണകൂടത്തിന്റെ നീതികേടിനെതിരേ മിണ്ടാതനങ്ങാതിരിക്കുന്ന ഞങ്ങളോട് അങ്ങ് പൊറുക്കുക.
അല്ലെങ്കില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നൊരാള്‍ പിറന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."