സ്വപ്‌ന നിക്ഷേപം 38 കോടി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. സന്ദീപിനും ഇവിടെ നിക്ഷേപമുള്ളതായാണ് വിവരം. സ്വപ്നയ്ക്ക് ഈ ബാങ്കില്‍ ലോക്കറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കിലുള്ള കോടികളുടെ ഇടപാട് നടക്കുന്ന യു.എ.ഇ കോണ്‍സുലേറ്റിന്റെ രണ്ട് അക്കൗണ്ടുകള്‍ സ്വപ്നയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ ഒരു അക്കൗണ്ടില്‍ നിന്നാണ് സ്വപ്ന സ്വന്തം അക്കൗണ്ടിലേക്ക് തുക മാറ്റിയത്.
ഇതിനുപുറമേ മറ്റ് ചില അക്കൗണ്ടില്‍ നിന്നും നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. എന്നാല്‍, ലോക്കര്‍ തുറന്നുളള പരിശോധന ഇ.ഡി നടത്തിയില്ല. കോണ്‍സുലേറ്റിന്റെയും സന്ദീപ്, സ്വപ്ന എന്നിവരുടെയും അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുതവണ ബാങ്ക് മാനേജരെ ചോദ്യം ചെയ്‌തെന്നാണ് വിവരം. കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലെ ഇടപാടുകള്‍ സംബന്ധിച്ചാണ് പ്രധാനമായും ഇ.ഡി അന്വേഷണം. സ്വപ്നയ്‌ക്കൊപ്പം ബാങ്കിലെത്താറുള്ളവരെക്കുറിച്ചുള്ള വിവരത്തിനായി ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചേക്കും. കോണ്‍സുലേറ്റിന്റെ അക്കൗണ്ട് സ്വപ്ന കൈകാര്യം ചെയ്തത് അവരുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നും ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ ഇ.ഡിയെ അറിയിച്ചത്. അതേസമയം ഒരാള്‍ക്ക് പണമായി പിന്‍വലിക്കാവുന്നതില്‍ നിന്ന് പരിധിയില്‍ കവിഞ്ഞ തുക സ്വപ്ന ബാങ്കില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന് ബാങ്ക് മാനേജര്‍ എതിര്‍പ്പറിയിച്ചപ്പോള്‍ അക്കൗണ്ടുകള്‍ മറ്റൊരു ബാങ്കിലേക്ക് മാറ്റുമെന്ന ഭീഷണി മുഴക്കിയാണ് സമ്മതിപ്പിച്ചതത്രെ.
തലസ്ഥാനത്തെ മറ്റൊരു സ്വകാര്യബാങ്കിലും ചില സഹകരണ ബാങ്കുകളിലും സ്വപ്നയ്ക്ക് നിക്ഷേപവും ലോക്കറുകളും ഉണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവിടെയും സന്ദീപിന് അക്കൗണ്ടും നിക്ഷേപവുമുണ്ട്. ഈ ബാങ്കുകളിലെ മാനേജര്‍മാരേയും ഇ.ഡി ചോദ്യം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."