മൂവാറ്റുപുഴയാറിന്റെ തീരത്തെ കിണറുകളിലെ ജലനിരപ്പ് പഠനവിധേയമാക്കണം: താലൂക്ക് സഭ
വൈക്കം: മൂവാറ്റുപുഴയാറിന്റെ തീരപ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് അധികമായി താഴുന്നത് പഠനവിധേയമാക്കണമെന്നും പിറവം റോഡ് റെയിവെ സ്റ്റേഷനിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കണമെന്നും താലൂക്ക് സഭയില്‍ ആവശ്യമുയര്‍ന്നു.
ബന്ധപ്പെട്ട വകുപ്പ് തലവന്‍മാര്‍ക്ക് ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കി.
ദളവാക്കുളം ബസ് സ്റ്റാന്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് തീരുമാനമായിട്ടുണ്ടെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
പാലാംകടവ്-അടിയം റോഡിന്റെ അറ്റക്കുറ്റപ്പണികള്‍ കാലവര്‍ഷത്തിന് മുന്‍പ് അടിയന്തിരമായി ചെയ്യണമെന്നും ഈ റോഡിലൂടെ നിര്‍ബന്ധമായും ഭാരവണ്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും യോഗത്തില്‍ വ്യക്തമായ ആവശ്യമുയര്‍ന്നു.
വൈക്കം പി.ഡബ്ലു.ഡിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് അടിയന്തിരമായി മാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. മെയ് ഒന്നിന് ടി.ബിയോട് ചേര്‍ന്നുള്ള ക്യാന്റീന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് താലൂക്ക് സഭ തീരുമാനിച്ചിരുന്നുവെങ്കിലും ക്യാന്റീന്‍ പ്രവര്‍ത്തനം ഇതുവരെ ആരംഭിക്കാത്തതില്‍ യോഗത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
കടുത്തുരുത്തി ബ്ലോക്ക് ജങ്ഷനില്‍ ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള ബസുകള്‍ നിര്‍ത്താന്‍ നടപടി സ്വീകരിക്കുന്നതിന് യോഗം ആര്‍.ടി.ഒയ്ക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."