സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍ വൈകും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അണ്‍ലോക്ക് അഞ്ചാം ഘട്ടത്തില്‍ അനുമതിയുണ്ടെങ്കിലും കേരളത്തിലെ സ്‌കൂള്‍ തുറക്കല്‍ തീരുമാനം വൈകും. ഈ മാസം 15ന് സ്‌കൂള്‍ തുറക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകില്ല. കൊവിഡ് വ്യാപനം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍
വിശദമായ കൂടിയാലോചനകള്‍ക്കു ശേഷം മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.
കൊവിഡ് ഭീകരമായി പടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറന്നാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും നടപടി. കൊവിഡ് കാല പഠനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തില്‍ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനിരിക്കെയാണ് സ്‌കൂള്‍ തുറക്കാനുള്ള കേന്ദ്ര അനുമതി ലഭിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യത്തിലുള്ള നിര്‍ദേശങ്ങള്‍ സമിതി സര്‍ക്കാരിന് സമര്‍പ്പിക്കും.അതേസമയം ആരോഗ്യമേഖലയിലുള്ളവര്‍ക്കാണ് ഇതുസംബന്ധിച്ച് വിദഗ്ധാഭിപ്രായം നല്‍കാന്‍ കഴിയുക. എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയില്‍ നിലവില്‍ ആരോഗ്യ രംഗത്തു നിന്നുള്ളവര്‍ ഇല്ലാത്തതിനാല്‍ അത്തരത്തിലൊരു വിശകലനം നടക്കില്ല. അതിനാല്‍ വിവിധ ഘട്ടങ്ങളിലുള്ള വിശദമായ കൂടിക്കാഴ്ചകള്‍ക്ക് ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുക.
അണ്‍ലോക്ക് അഞ്ചാം ഘട്ടത്തില്‍ സ്‌കൂളുകളില്‍ പഠനം തുടങ്ങാമെന്നും എന്നാല്‍ ഹാജര്‍ നിര്‍ബന്ധമാക്കരുതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. 9 മുതല്‍ 12ാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സംശയ നിവാരണത്തിന് സ്‌കൂളില്‍ പോകുന്നത് നേരത്തെ അനുവദിച്ചിരുന്നു.
കേരളത്തിലെ നിലവിലെ സാഹചര്യം പരിഗണിച്ചാല്‍ സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കാന്‍ സാധ്യതയില്ല. പ്രത്യേക നിബന്ധനകള്‍ വച്ച് ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠനം ആരംഭിക്കുന്നതിലേക്കും മറ്റും സര്‍ക്കാര്‍ പോകാനാണ് സാധ്യത. ഓണ്‍ലൈന്‍ പഠനത്തിലെ നവീന സാധ്യതകള്‍ക്കായിരിക്കും സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുകയെന്നും വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."